കണ്ണൂർ: വെറും പത്താംക്ലാസുകാരൻ സഹകരണ ബാങ്കിൽ മാനേജരാവുന്നു. പഴയ പ്രീഡിഗ്രിക്കാരൻ ജില്ലാ സഹകരണ ബാങ്കിന്റെ ഡപ്യൂട്ടി ജനറൽ മാനേജർ. എ.സി. ക്യാബിനും കാറും മറ്റ് സൗകര്യങ്ങളും വേറെ. സഹകരണ മേഖലയിലെ കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങൾ ഇങ്ങിനെ. സഹകരണ സ്ഥാപനങ്ങളിലെ സ്വർണ്ണപണയ തട്ടിപ്പ് പോലെ തന്നെ വ്യാപകമായിരിക്കയാണ് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുള്ള സ്ഥാന കയറ്റവും. കേരളാ ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കവേയാണ് ഞെട്ടിക്കുന്ന കഥകൾ പുറത്ത് വരുന്നത്. ജില്ലാ ബാങ്കിൽ മാത്രം 15 ഓളം ജീവനക്കാരുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയെന്നാണ് വിവരം. സഹകരണ സ്ഥാപനങ്ങളിലെ ഒരു സാധാരണ ജീവനക്കാരന് മാനേജർ പദവിയിലെത്താൻ ബിരുദം വേണമെന്ന വ്യവസ്ഥയാണ് ഇത്തരത്തിൽ വ്യാജബിരുദ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി സ്ഥാന ലബ്ദിക്കുവേണ്ടിയുള്ള ശ്രമങ്ങൾ അരങ്ങേറിയത്.

ഏതൊരു സഹകരണ സംഘത്തിലും അതിന്റെ ഭരണപരമായ കാര്യങ്ങൾ പരിശോധിക്കാൻ ഉത്തരവാദപ്പെട്ടവരാണ് സഹകരണ സംഘം ഓഡിറ്റർമാരും ഇൻസ്പെട്രർമാരും. എന്നാൽ ഈ ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധന കുറ്റമറ്റമതല്ലെന്ന തെളിവുകളാണ് സഹകരണ മേഖലയെ ഈ തരത്തിലെത്തിച്ചത്. സ്വർണ്ണപണയ കാര്യത്തിൽ ഇവരുടെ കെടുകാര്യസ്ഥത കാരണം ബ്രാഞ്ചുകളിലെ മാനേജർമാരും ജീവനക്കാരും മുക്കു പണ്ടം വെച്ച് തട്ടിപ്പ് നടത്തിയ സംഭവങ്ങൾ നാൾക്കുനാൾ വർദ്ധിക്കുകയാണ്. ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിലെ ഒരു വനിതാ മാനേജരുടെ നേതൃത്വത്തിൽ മുക്കുപണ്ട പണയ തട്ടിപ്പ് ഈ മേഖലക്ക് വലിയ കളങ്കമുണ്ടാക്കിയിട്ടുണ്ട്. ഇടപാടുകാർ വെച്ച പണയ സ്വർണം മാറ്റി മുക്കു പണ്ടം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങിയ തട്ടിപ്പിലാണ് ഈ സ്ത്രീയടക്കമുള്ള ഒരു സംഘം കുടുങ്ങിയത്. എന്നാൽ ഇവരെ രക്ഷിക്കാൻ ജില്ലാ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ തന്നെ രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

സഹകരണ മേഖലയെ സംരക്ഷിക്കണമെന്ന് ഭരണ പ്രതിപക്ഷ കക്ഷികൾ വീടുകൾ കയറി ജനങ്ങളെ ഉത്ബോധിപ്പിക്കുമ്പോൾ ഈ മേഖലയിലെ കെടുകാര്യസ്ഥത നാൾക്കു നാൾ വർദ്ധിച്ചു വരികയാണ്. കുറ്റവാളികളെ സംരക്ഷിക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്കും മുഖ്യമായ പങ്കുണ്ട്. കാരണം സഹകരണ ബാങ്കുകളുടേയും പ്രാഥമിക സംഘങ്ങളുടേയും ഭരണ ചുമതലകൾ നിർവ്വഹിക്കുന്നത് രാഷ്ട്രീയ പാർട്ടികളാണ്. അതു കൊണ്ടു തന്നെ ഈ മേഖലയെ വിശ്വാസ്യത നിലനിർത്താൻ ആദ്യം ഇറങ്ങേണ്ടതും രാഷ്ട്രീയ പാർട്ടികളാവണം. സ്വജന പക്ഷപാതമാണ് സഹകരണ മേഖല നേരിടുന്ന മറ്റൊരു പ്രതിസന്ധി. സ്വന്തക്കാർ കുറ്റം ചെയ്താലും അവരെ സംരക്ഷിക്കാൻ നേതൃത്വമുണ്ടെന്ന് വരികയാണെങ്കിൽ ഈ രംഗം കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങും.

ഓഡിറ്റർമാരും ഇൻസ്പെക്ടർമാരും ഭൂരിഭാഗവും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായാണ് പ്രവർത്തിക്കുന്നത്. സഹകരണ രജിസ്ട്രാറുടെ ഉത്തരവ് പോലും യഥാസമയം പാലിക്കപ്പെടുന്നില്ല. ബാങ്കുകളിലും മറ്റും കയറി പരിശോധന നടത്താൻ അധികാരമുള്ള ഉദ്യോഗസ്ഥർ പേരിന് ജോലി നിർവ്വഹിക്കുന്ന അവസ്ഥയിലേക്ക് എത്തി നിൽക്കയാണ്. അതാണ് സ്വർണ്ണ പണയ കാര്യത്തിൽ ഇപ്പോൾ നടക്കുന്ന അഴിമതിക്ക് പ്രധാന കാരണം. തൊട്ടു പിറകിലായി ഇപ്പോൾ വ്യാജ ബിരുദ പ്രശ്നവും ഉയർന്ന് വന്നിരിക്കയാണ്. പ്രാഥമിക സംഘങ്ങൾ മുതൽ തലപ്പത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥർ വരെ പെട്ടെന്നുള്ള സ്ഥാന കയറ്റത്തിന് ഇത്തരം സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ സമഗ്രമായ പരിശോധന അനിവാര്യമായിരിക്കയാണ്.

മൈസൂർ സർവ്വകലാശാല, ചെന്നൈ ഭാരത് കൽപ്പിത സർവ്വകലാശാല, ബിലാസ് പൂർ സി.വി. രാമൻ സർവ്വകലാശാല, സേലം പെരിയാർ സർവ്വ കലാശാല എന്നീ പേരുകളിലുള്ള സർട്ടിഫിക്കറ്റുകളാണ് സ്ഥാന കയറ്റത്തിന് ഉപയോഗിച്ചിട്ടുള്ളത്. പരിശോധന പൂർത്തിയാകുകയും തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യുന്ന മുറക്ക് വ്യാജ സർട്ടിഫിക്കറ്റ് നേടിയവരുടെ പേര് വിവരങ്ങൾ പുറത്ത് വരും.