ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയോട് ഏറ്റ പരാജയം ആംആദ്മി പാർട്ടിയെ വീണ്ടുവിചാരത്തിലാഴ്‌ത്തിയിരിക്കുകയാണ്. പാർട്ടിക്കു ജനങ്ങളിലുണ്ടായിരുന്ന സ്വാധീനം കുറഞ്ഞുവെന്ന തിരിച്ചറിവ് നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിൽ പ്രതിച്ഛായ വർധിപ്പിക്കാനുള്ള പുതിയ നിർദ്ദേശങ്ങൾ പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ എംഎൽഎമാർ അടക്കമുള്ള നേതാക്കൾക്കു നൽകിയിരിക്കുകയാണ്.

പാർട്ടിയുടെ പേരു സൂചിപ്പിക്കുന്നതുപോലെ സാധാരണക്കാരനെന്ന പ്രതിച്ഛായ സൃഷ്ടിക്കണമെന്നും എംഎൽഎമാരെ പോലെ പെരുമാറണമെന്നും ജനപ്രതിനിധികൾക്ക് കേജരിവാൾ നിർ്‌ദ്ദേശം നല്കി. ഡൽഹിയിലും പഞ്ചാബിലുമടക്കമുള്ള എംഎൽഎമാരുടെ യോഗത്തിലാണ് കേജരിവാൾ ഈ നിർദ്ദേശം നല്കിയത്. മൊത്തം 64 എംഎൽഎമാരാണ് ആംആദ്മിക്കുള്ളത്.

അതേസമയം വേഷഭൂഷാദികളിലുള്ള മാറ്റമല്ല കേജരിവാളും നേതൃത്വവും ഉദ്ദേശിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി. ദൈനംദിന വേഷങ്ങൾ ഉപയോഗിക്കണമെന്നതുതന്നെയാണ് കേജരിവാളിന്റെ ആഗ്രഹം. ഉത്തരേന്ത്യൻ രാഷ്ട്രീയക്കാരുടെ പരമ്പരാഗത വേഷമായ പൈജാമയും കുർത്തയും ആം ആദ്മി നേതാക്കൾ ധരിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമില്ല.

മറ്റു പാർട്ടികളിൽനിന്നു വ്യത്യസ്തമായാണ് ആം ആദ്മിയുടെ പ്രവർത്തനം. നേതാക്കളായ കേജരിവാളോ മനീഷ് സിസോദിയയോ വൻ സംഘങ്ങളുമായി യാത്ര ചെയ്യാറില്ല. പല നേതാക്കളും തങ്ങളുടെ വീടിനോടു ചേർന്നാണ് ഓഫീസും നടത്തുന്നത്. വലിയ പാർട്ടി പതാകകളും പുറത്തു കൂട്ടംകൂടി നിൽക്കുന്ന പ്രവർത്തകരും ആംആദ്മി നേതാക്കളുടെ ഓഫീസിൽ കാണാനാവില്ല.

തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽനിന്ന് മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന വികാരമാണ് ആംആദ്മി നേതാക്കൾക്കുള്ളത്. പാർട്ടി കൈവരിക്കുന്ന നേട്ടങ്ങൾ ശരിയായവിധം ജനങ്ങളിലേയ്‌ക്കെത്തുന്നില്ലെന്നും കേജരിവാളും സംഘവും കരുതുന്നു. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നല്കണമെന്ന് പ്രവർത്തകരോട് നേതൃത്വം  ആവശ്യപ്പെട്ടിട്ടുണ്ട്.