കൊല്ലം: ബഹറിനിൽ മലയാളി യുവതി താമസ സ്ഥലത്ത് ദുരൂഹമായി തൂങ്ങി മരിച്ച സംഭവത്തിൽ മൂന്ന് മാസം കഴിഞ്ഞിട്ടും യുവതി ഉപയോഗിച്ചിരുന്ന ഫോൺ തിരികെ ലഭിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. ജനുവരി 23 നാണ് കൊല്ലം അഞ്ചൽ സ്വദേശിനിയായ ഡിറ്റി രവീന്ദ്രൻ(36) മരിച്ചത്. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണ് എന്ന് വ്യക്തമല്ല. ഡിറ്റി ഉപയോഗിച്ചിരിക്കുന്ന ബാഗും പണവും സ്വർണവും തിരികെ ലഭിച്ചിരുന്നു. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷവും യുവതി ഉപയോഗിച്ചിരുന്ന ഫോൺ തിരികെ ലഭിക്കാത്തതാണ് കുടുംബത്തിന്റെ പരാതിക്ക് കാരണമായത് .

ഡിറ്റി അഞ്ച് വർഷമായി ബഹറിനിലെ ഒരു ലേഡീസ് സ്പായിൽ ജോലി ചെയ്ത് വരുകയായിരുന്നു. യുവതിയും ഭർത്താവുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആത്മഹത്യക്ക് പിന്നിൽ മാനസ്സിക പീഡനം ഉണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നത്. ഡിറ്റിയും ഭർത്താവും മകനും രണ്ട് വർഷത്തോളം ബഹ്റനിനിൽ ഡിറ്റിയുടെ ഒപ്പമായിരുന്നു. ശേഷം ഭർത്താവും മകനും തിരികെ നാട്ടിലേക്ക് മടങ്ങി വരുകയായിരുന്നു. ഡിറ്റി മകനെ അച്ഛൻ രവീന്ദ്രനെയാണ് ഏൽപ്പിച്ചിരുന്നത്.

എന്നാൽ ചൈൽഡ് ലൈനിന്റെ സഹായത്തോടെ ഭർത്താവ് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ബഹറിനിൽ ഉള്ള ഡിറ്റിയെ ഭർത്താവ് വീഡിയോ കോളിൽ പോലും മകനെ കാണാൻ അനുവദിച്ചിരുന്നില്ല. ഡിറ്റിയുടെ കയ്യിൽ നിന്നും ഭർത്താവ് ഇരുപത് ലക്ഷത്തോളം രൂപ പല തവണയായി വാങ്ങിയിട്ടുണ്ടെന്നും സ്വത്ത് വീതംവെക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരം ഡിറ്റിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നു എന്നും മരിച്ച യുവതിയുടെ അച്ഛൻ രവീന്ദ്രൻ പറയുന്നു.

ഡിറ്റിയുടെ മൃതദേഹം അടക്കം ചെയ്യുന്ന സമയത്ത് പോലും കുട്ടിയെ ചടങ്ങിൽ പങ്കെടുപ്പിക്കാൻ ഭർത്താവ് തയ്യാറായിരുന്നില്ല. പൊലീസിന്റെ സഹായത്തോടെയാണ് കുട്ടിയെ എത്തിച്ചതും കർമ്മങ്ങൾ ചെയ്തതും. ഭർത്താവിനെന്തിരെ യുവതിയുടെ അച്ഛൻ രവീന്ദ്രൻ ഏരൂർ പൊലീസിൽ പരാതി നൽകിയിരുന്നു എന്നാൽ കൂടുതൽ അന്വഷണങ്ങൾക്ക് ഫോൺ തിരികെ ലഭിക്കേണ്ടതുണ്ട്. ഫോൺ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയുമായും കേരള പൊലീസുമായും ബന്ധപ്പെട്ടു എങ്കിലും കൃത്യമായിട്ടുള്ള വിശദീകരണം ലഭിച്ചിട്ടില്ല. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നു എന്ന റപോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.

തൊഴിൽ നഷ്ടവും മാനസികവും വ്യക്തിപരവും സാമ്പത്തികവുമായ പ്രശ്നങ്ങളാലാണ് ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നത് എന്നാണ് റിപ്പോർട്ട് .സാമ്പത്തിക ഭദ്രതയ്ക്കും കുടുംബ ഭദ്രതയ്ക്കും മുൻ തൂക്കം നൽകിയാണ് ഭൂരിഭാഗം പേരും പ്രവാസികളാകുന്നത്. എന്നാൽ, പ്രവാസ ജീവിതത്തിനിടയിൽ തന്നെ ജീവൻ അവസാനിപ്പിക്കുകയാണ് പലരും.

കൂടുതൽ പേരും മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിനൊപ്പമാണ് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത് എന്നതും ഇവിടെ ശ്രദ്ധിക്കേണ്ട കാര്യമാണ്.2014 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്‌ബോൾ, 180 ഇന്ത്യൻ പ്രവാസികൾ ബഹ്റൈനിൽ ആത്മഹത്യ ചെയ്തതായി ഇന്ത്യൻ സർക്കാർ പറയുന്നു.