പുരുഷന്മാരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും വൻ തുക തട്ടിയെടുക്കുന്നതിനുള്ള എളുപ്പ മാർഗമായിട്ടാണ് ചില സ്ത്രീകൾ വിവാഹമോചനത്തെ കാണുന്നതെന്ന പരാതികൾ വർധിച്ച് വരുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ അത്തരക്കാർക്ക് ഉദാത്ത മാതൃകയാവുകയാണ് ഹോളിവുഡ് നടിയായ ആംബർ ഹെർഡ്. തന്റെ ഭർത്താവും അമേരിക്കൻ നടനും പ്രൊഡ്യൂസറും സംഗീതജ്ഞനുമായ ജോണി ഡെപ്പിൽ നിന്നും വിവാഹമമോചനത്തെ തുടർന്ന് ലഭിക്കാൻ പോകുന്ന ഏഴ് മില്യൺ ഡോളർ എന്ന കനത്ത സംഖ്യ ജീവിതം തകർന്ന് പോയ സ്ത്രീകൾക്കും അസുഖബാധിതരായ കുട്ടികൾക്കും വീതിച്ച് നൽകുമെന്ന മാതൃകാപരമായ നീക്കം നടത്തുമെന്നാണ് ഹെർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 15 മാസം മുമ്പ് മാത്രം വിവാഹിതരായ ഇവർ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിവാഹമോചനത്തിനുള്ള നീക്കുപോക്കുകളിലെത്തിയിരിക്കുന്നത്. 30കാരിയായ ഹെർഡ് ഡെപ്പുമായി അഭിപ്രായവ്യത്യാസമുണ്ടായി അകന്നതിനെ തുടർന്ന് കടുത്ത നിയമയുദ്ധം നടത്തിയത് പണത്തിന് വേണ്ടിയായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

തനിക്ക് ലഭിക്കുന്ന പണം അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (എസിഎൽയു), ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ലോസ് ഏയ്ജൽസ് എന്നിവയ്ക്ക് തുല്യമായി വീതിച്ച് നൽകാനാണ് ഹെർഡ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ താൻ 10 വർഷമായി വളണ്ടിയറായി പ്രവർത്തിച്ച് വരുകയാണെന്നും നടി വെളിപ്പെടുത്തുന്നു. സന്നദ്ധ പ്രവർത്തനത്തിൽ താൽപര്യമേറെയുള്ളതിനാലാണ് തനിക്ക് ലഭിക്കുന്ന പണം ഇരു ചാരിറ്റികൾക്കുമായി പകുത്ത് നൽകുന്നതെന്നും അഭിനേത്രി പറയുന്നു. മെയ്മാസത്തിൽ ടെംപററി റെസ്ട്രെയിനിങ് ഓർഡറിനുള്ള വിചാരണ നടക്കുന്നതിന് ഒരു ദിവസംമുമ്പാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇരുവരും തങ്ങളുടെ വിവാഹ മോചന ത്തിനുള്ള പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.

ഡെപ്പ് തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന ആരോപണങ്ങൾ പരസ്പരമുള്ള നീക്കുപോക്കുകളുടെ ഭാഗമായി പിൻവലിക്കാൻ ഹെർഡ് തയ്യാറായിട്ടുണ്ട്. ഇതിനെ തുടർന്ന് ദമ്പതികൾ ഒരു സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിരുന്നു. തങ്ങളുടെ വിവാഹമോചനപ്രക്രിയകൾ തികച്ചും സ്വകാര്യമായി പ്രാവർത്തികമാക്കാൻ തങ്ങൾ തീരുമാനിച്ചുവെന്നാണീ പ്രസ്താവന വ്യക്തമാക്കുന്നത്. തങ്ങളുടെത് വികാരനിർഭരമായതും അതേ സമയം കലുഷിതവുമായിരുന്നുവെങ്കിലും അത് എല്ലായ്പോഴും സ്നേഹത്താൽ ബന്ധിതമായതായിരുന്നുവെന്നും പ്രസ്തുത പ്രസ്താവനയിലൂടെ ഇരുവരും വ്യക്തമാക്കുന്നു.തങ്ങൾ ഇരുവരും സാമ്പത്തിക നേട്ടത്തിന് വേണ്ടി പരസ്പരം കുറ്റപ്പെടുത്തുകയോ അതിനുള്ള നീക്കം നടത്തുകയോ ചെയ്യില്ലെന്നും ഇവർ പറയുന്നു.

തങ്ങളുടെ 15 മാസത്തെ വിവാഹജീവിതത്തിനിടയിൽ ഡെപ്പ് സിനിമകളിൽ നിന്നും നേടിയതിന്റെ പണത്തിന്റെ ഭാഗം വേണ്ടെന്നും മാജിക്ക് എക്സ്എക്സ്എൽ താരമായ ഹെർഡ് പറയുന്നു.ലോസ് ഏയ്ജൽസിലെ അപാർട്ട്മെന്റിൽ വച്ചുണ്ടായ തർക്കത്തിൽ ഡെപ്പ് തന്നെ ക്രൂരമായി മർദിച്ചുവെന്നാരോപിച്ച് മെയ് മാസത്തിൽ നടി ഭർത്താവിനെതിരെ മെയ് മാസത്തിൽ ഒരു താൽക്കാലിക റെസ്ട്രെയിനിങ് ഓർഡർ സ്വന്തമാക്കിയിരുന്നു.ഡെപ് ദീർഘകാലമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളായിരുന്നുവെന്ന് റെസ്ട്രെയിനിങ് ഓർഡറിനുള്ള സത്യപ്രസ്താവനയിൽ ഹെർഡ് വ്യക്തമാക്കിയിരുന്നു.2004ൽ ഫ്രൈഡേ നൈറ്റ് ലൈറ്റ്സ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ ആംബർ ഹെർഡ് ചുരുങ്ങിയ കാലം കൊണ്ട് താരമായി മാറുകയായിരുന്നു.തുടർന്ന് ഡെപ്പുമായുള്ള ദാമ്പത്യ കലഹത്തെ തുടർന്ന് കുറച്ച് കാലമായി വിവാദങ്ങളിലകപ്പെടുകയും ചെയ്തിരുന്നു.