ന്യൂഡൽഹി: വിവാഹമോചനത്തിന് കാരണങ്ങൾ പലതാണ്. എന്നാൽ, മുംബൈയിലെ വിരാടിൽനിന്നുള്ള ഈ പെൺകുട്ടിയുടെ പരാതികേട്ടാൽ ആരും ചിലപ്പോൾ വിശ്വസിച്ചെന്നുപോലും വരില്ല. ലൈംഗികശേഷിയില്ലാത്ത ഭർത്താവ്, കുടുംബം നിലനിർത്താൻ ആദ്യരാത്രിയിൽത്തന്നെ തന്റെ സുഹൃത്തിനെ കിടപ്പറയിലെത്തിച്ചതുമുതൽ തുടങ്ങുന്ന ഈ യുവതിയുടെ പീഡനപർവം. ഭർതൃപിതാവിൽനിന്നുള്ള ഉപദ്രവം കൂടിയായതോടെ, സ്വന്തം വീട്ടുകാരെ വിവരമറിയിച്ച യുവതി വീട്ടിലേക്ക് മടങ്ങിപ്പോയി.

വിരാട് സ്വദേശിയായ നികേഷ് ഗിരിയാണ് യുവതിയുടെ ഭർത്താവ്. 2016 മാർച്ചിലായിരുന്നു ഇവരുടെ വിവാഹം. ആദ്യരാത്രിയിൽത്തന്നെ തനിക്ക് ലൈംഗികശേഷിയില്ലെന്ന കാര്യം നികേഷ് യുവതിയോട് പറഞ്ഞു. നികേഷിന്റെ സുഹൃത്തുകൂടിയായ അനിൽ യാദവെന്ന ഡോക്ടർ അന്നു രാത്രി മുറിയിലെത്തി യുവതിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, യുവതി എതിർത്തുനിന്നതോടെ, ഇരുവരും ചേർന്ന് അവളെ മുറിക്ക് പുറത്താക്കി. ആദ്യരാത്രി പുറത്തെ വരാന്തയിൽ തനിക്ക് കഴിയേണ്ടിവന്നുവെന്ന് യുവതിയുടെ പരാതിയിലുണ്ടെന്ന് വനിതാ പൊലീസ് എ.സി.പി പന്നാ മൊമായ പറഞ്ഞു.

പല ദിവസങ്ങളിലും നികേഷും ഡോക്ടറും ചേർന്ന് യുവതിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചിരുന്നതായും പരാതിയിൽപ്പറയുന്നു. നികേഷിന്റെ അച്ഛൻ പന്നാലാൽ ഗിരിയും യുവതിയുമൊത്ത് ശാരീരിക ബന്ധത്തിന് ശ്രമിച്ചിരുന്നു. രാത്രി യുവതിക്കരികിൽ വന്നുകിടക്കുന്ന ഭർതൃപിതാവ് ഉപദ്രവിക്കാൻ ശ്രമിക്കുക പതിവായിരുന്നു. മുറിയിൽനിന്ന് പുറത്തുകടന്ന് പീഡനത്തിൽനിന്ന് രക്ഷപ്പെടുകയാണ് താൻ ചെയ്തിരുന്നതെന്നും പരാതിയിൽ പറയുന്നു.

ഭർതൃവീട്ടിൽ താൻ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് ആറുമാസം മുമ്പാണ് യുവതി സ്വന്തം വീട്ടിൽ അറിയിച്ചത്. ഭർതൃമാതാവ് കലാവതിയും സഹോദരി മോനയും ഇതിന് കൂട്ടുനിന്നിരുന്നതായി പരാതിയിലുണ്ട്. തന്നെ കാണാനെത്തിയ അച്ഛനൊപ്പം തന്നെ വീട്ടിൽനിന്ന് പുറത്താക്കിയതായും പരാതിയിൽപ്പറയുന്നു. ഒടുവിൽ ഇക്കഴിഞ്ഞ 17-ന് യുവതിയുടെ വീട്ടിലെത്തിയ ഭർത്താവിന്റെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

നികേഷിനെയും മാതാപിതാക്കളെയും ഡോക്ടറെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള യുവതിയുടെ പരാതി കുടുംബകോടതിക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.