തിരുവനന്തപുരം: സബ് കളക്ടറും അരുവിക്കര എംഎൽഎ ശബരിനാഥന്റെ ഭാര്യയുമായ ദിവ്യ എസ് അയ്യർക്കെതിരെ സാമൂഹ്യമാധ്യങ്ങൾ വഴി അപകീർത്തികരമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പരാതി. സാമൂഹ്യ മാധ്യമങ്ങൾ വഴി സബ് കളക്ടറെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് ഡിജിപിക്ക് അവർ നൽകിയ പരാതിയിൽ പറയുന്നത്. തന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ സ്‌ക്രീൻഷോട്ടുകൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്.പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

സബ്കളക്ടർ നൽകിയ പരാതിയിൽ നവമാധ്യമങ്ങളിലൂടെ മോശം പരാമർശം നടത്തിയ സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും പേരൂർക്കട ഇൻസ്പെക്ടർ സ്റ്റുവർട്ട് കീലർ മറുനാടൻ മലയാളിയോട് പറഞ്ഞു.കോട്ടയത്ത് സബ്കളക്ടർ ആയിരിക്കെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ചിത്രത്തെ തെറ്റായി അവതരിപ്പിച്ചതാണ് പരാതിക്ക് കാരണം. ഒരു സ്വകാര്യ കമ്പനിയുടെ പ്രചാരകയാണ് സബ്കളക്ടർ എന്ന നിലയിലാണ് ചിത്രം പ്രചരിക്കുന്നത്. സ്മാർട് വേ എന്ന കമ്പനിയുടെ പ്രചാരകയാണ് സബ്കളക്ടറെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

വർക്കല ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്നാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നും ആക്ഷേപമുണ്ട്. കുറ്റക്കാരെ ഉടൻ പിടികൂടുമെന്ന് പേരൂർക്കട സിഐ സ്റ്റുവർട്ട് കീലർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഫേസ്‌ബുക്ക് വാട്സാപ്പ് എന്നിവയിലൂടെ കമ്പനി ഉദ്ഘാടന സമയത്ത് ദിവ്യ എസ് അയ്യർ സംരംഭകർക്ക് ഒപ്പം നിൽക്കുന്ന ചിത്രത്തെയാണ് ഇത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നത്. വർക്കല, കുറ്റിച്ചൽ ഭൂമി വിവാദവുമായി ബന്ദപ്പെട്ട ആരോപണങ്ങൾ വന്നതിന് ശേഷമാണ് ഇപ്പോൾ വ്യാപകമായ പ്രചരണം സോഷ്യൽ മീഡിയ വഴി ദിവ്യ എസ് അയ്യർക്കെതിരെ നടക്കുന്നത്.

സർക്കാർ സർവ്വീസിൽ ജോലി ചെയ്ത ശേഷം സ്വകാര്യ സ്ഥാപനത്തിന്റെ പ്രചാരണം നടത്തുന്നത് അഴിമതിയാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഒരു സബ് കളക്ടർ എന്ന നിലയ്ക്ക് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനം അറിയിച്ച സമയത്ത് പോയതാണെന്നും ഒപ്പം നിന്ന് ഫോട്ടോ എടുക്കുക മാത്രമാണ് ചെയ്തതെന്നും സബ്കളക്ടറുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.പൊതു രംഗത്ത് നിൽക്കുന്നവർ ഇത്തരം പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് മോശം പ്രചാരണത്തിന് ഉപയോഗിക്കുന്നതുമാണ് പരാതി നൽകിയതിന് കാരണമെന്നാണ് സൂചന.

പരാതിക്കാരിയായ സബ് കള്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടിയിലേക്ക് പോകുന്നതെന്നും പൊലീസ് പറയുന്നു. കുറ്റിച്ചൽ പഞ്ചായത്തിലും ഭൂമി അടുപ്പക്കാർക്ക് പതചിച്ച് നൽകിയെന്ന ആരോപണം കൂടി വന്നതോടെ ഇടത് സൈബർ ഗ്രൂപ്പുകൾ എംഎൽഎയും ഭാര്യയും ഒത്തുകളിക്കുന്നുവെന്നുൾപ്പടെ ആരോപണങ്ങൾ സജീവമാണ്. ഇത് രാഷ്ട്രീയ ആയുധമായി സിപിഎം ഉപയോഗിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കൂടുതൽ പ്രചരണം നടക്കുന്നത്.