- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുമതലയേറ്റപ്പോൾ നമ്മുടെ ശബരീനാഥന്റെ ഭാര്യ; കോൺഗ്രസുകാർക്ക് നല്ലകാലം; സോഷ്യൽമീഡിയയിൽ വൻവരവേൽപ്പും; പ്രളയം മല്ലപ്പള്ളിയെ വിഴുങ്ങിയപ്പോൾ ജില്ലാ ഭരണകൂടം പരാജയമെന്ന രൂക്ഷ വിമർശനവുമായി ജില്ലാ കോൺഗ്രസ് നേതൃത്വവും; ഭർത്താവിന്റെ പാർട്ടിക്കാരുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങി പത്തനംതിട്ട ജില്ലാ കലക്ടർ
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ്എസ് ശബരീനാഥന്റെ ഭാര്യ ഡോ. ദിവ്യ എസ്. അയ്യർ ജില്ലാ കലക്ടർ ആയി ചുമതലയേറ്റപ്പോൾ ഏറ്റവും അധികം സോഷ്യൽ മീഡിയയിൽ ആഘോഷിച്ചതും വരവേൽപ്പ് നൽകിയതും കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്നു. ജില്ലയുടെ തലപ്പത്ത് ഞങ്ങളുടെ ആ്ളാണുള്ളതെന്ന് അവർ പരസ്പരം പറഞ്ഞ് സന്തോഷിക്കുകയും ചെയ്തു.
രാഷ്ട്രീയത്തിൽ അതും കോൺഗ്രസിൽ ലൈവായി നിൽക്കുന്ന നേതാവിന്റെ ഭാര്യയെ ജില്ലാ കലക്ടർ ആയി കൊണ്ടു വന്നത് ഇടതുപക്ഷത്തിന് അത്ര പിടിച്ചതുമില്ല. ജില്ലാ കലക്ടർക്ക് കോൺഗ്രസുകാർ കൈയും മെയ്യും മറന്ന് പ്രോത്സാഹനവും നൽകിപ്പോന്നു. എന്നാലിതാ ഒരു പ്രതിസന്ധി ഘട്ടത്തിൽ ഈ ആഘോഷിച്ചു കൊണ്ടു നടന്നവർ തന്നെ ദിവ്യയ്ക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്തു വന്നിരിക്കുകയാണ്. മണിമലയാർ കരകവിഞ്ഞ് മല്ലപ്പള്ളി, കോട്ടാങ്ങൽ, വായ്പൂര് പ്രദേശം മുങ്ങിപ്പോകാൻ കാരണമായത് ജില്ലാ ഭരണകൂടത്തിന്റെ പിടിപ്പു കേടാണെന്ന് തുറന്നടിച്ചിരിക്കുകയാണ് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായത് ജില്ലാ ഭരണകൂടത്തിന്റെ പിടിപ്പുകേടും പ്രളയ മുന്നറിയിപ്പ് നൽകുന്നതിലെ വീഴ്‌ച്ചയും മൂലമാണെന്ന് ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. ഉരുൾ പൊട്ടൽ മൂലം മുണ്ടക്കയം, കാത്തിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറിയപ്പോൾ മണിമലയാറ്റിൽ വെള്ളമുയരുമെന്ന് കണ്ട് തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിൽ മല്ലപ്പള്ളിയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കില്ലായിരുന്നെന്നും ഇതിന് ഉത്തരവാദികൾ ജില്ലാ ഭരണകൂടവും സർക്കാരുമാണ്.
പേമാരി, വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രകൃതി ക്ഷോഭം മൂലം ജില്ലയിൽ നിരവധി പേർക്ക് വീട് നഷ്ടമാകുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയുള്ള നഷ്ടവും കൃഷി നാശവും വ്യാപകമായ തോതിലാണ്. പേമാരിയും വെള്ളപ്പൊക്കവും മൂലം ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ഉറപ്പു വരുത്തണമെന്നും നാശനഷ്ടങ്ങൾ വിലയിരുത്തി ജനങ്ങൾക്ക് അടിയന്തിര നഷ്ടപരിഹാരവും ആവശ്യമായ സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കണമെന്ന് സതീഷ് കൊച്ചു പറമ്പിൽ ആവശ്യപ്പെട്ടു.
മല്ലപ്പള്ളി മേഖലയിൽ വെള്ളം കയറി ഉണ്ടായ ദുരിതത്തിന് ഇരയായവരെ ആശ്വസിപ്പിക്കുന്നതിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും തിരുവല്ല, റാന്നി എംഎൽഎമാർ തികഞ്ഞ പരാജയമാണ്. ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജീവമായി മുന്നിട്ടിറങ്ങണമെന്ന് കോൺഗ്രസ്, പോഷക സംഘടനാ ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി ഡിസിസി പ്രസിഡന്റ് അറിയിച്ചു.
കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലെ ദുരന്തസാദ്ധ്യത മുന്നിൽകണ്ട് ജില്ലയിൽ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സേവനം ലഭ്യമാക്കുവാൻ നടപടികൾ സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്