ന്യൂഡൽഹി: കോൺഗ്രസിന്റെ സാമൂഹിക മാധ്യമ വിഭാഗം മേധാവി സ്ഥാനത്ത് നിന്നും രാജിവെച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി ദിവ്യ സ്പന്ദന. കോൺഗ്രസിൽ നിന്നും താൻ രാജിവെച്ചുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മുതിർന്ന നേതാക്കളുമായി താൻ അകലുന്നു എന്നത് പോലെയുള്ള കിംവദന്തികളിൽ സത്യത്തിന്റെ അംശമില്ലെന്നും ദിവ്യ വ്യക്തമാക്കി. തന്റെ രാജി സംബന്ധിച്ച് പുറത്തു വരുന്നത് വ്യാജ വാർത്തകൾ മാത്രമാണ്.

അതൊന്നും ശ്രദ്ധിക്കുന്നതിന് എനിക്ക് സമയമില്ല. പാർട്ടിയിൽ തന്റെ ഉത്തരവാദിത്വങ്ങളിൽ മാറ്റങ്ങളൊന്നും വന്നിട്ടില്ല. തന്റെ ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കുന്നതുവരെ ജോലിയിൽ ശ്രദ്ധിക്കുമെന്നും ദിവ്യ സ്പന്ദന കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയാണ് തന്നെ ചുമതലകൾ ഏൽപ്പിച്ചതെന്നും അദ്ദേഹത്തിന് തന്നിൽ പൂർണ വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.

കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് ഒരു സംഘമാണ്. ഇതിൽ പ്രവർത്തിക്കുന്ന എല്ലാവരും കോൺഗ്രസ് പാർട്ടിക്കും രാഹുൽ ഗാന്ധിക്കും വേണ്ടിയാണ് ജോലി ചെയ്യുന്നത്. രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ താനല്ല കൈകാര്യം ചെയ്യുന്നതെന്നും അതിനായി നിയോഗിക്കപ്പെട്ടവരാണെന്നും അവർ വ്യക്തമാക്കി. താൻ ആരുടെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്യാറില്ലെന്നും താനൊരു സോഷ്യൽ മീഡിയ വിദഗ്ധയല്ലെന്നും അവർ പറഞ്ഞു.

കോൺഗ്രസിന്റെ പാർട്ടി യോഗങ്ങൾ നടക്കുമ്പോൾ ദിവ്യ സ്പന്ദന ഡൽഹിയിൽ ഉണ്ടാകാറില്ലെന്നും യോഗങ്ങളിൽ പങ്കെടുക്കാറില്ലെന്നും വാർത്തകളുണ്ടായിരുന്നു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ചുമതലക്കാരിയായ അവരുടെ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താൻ ഡൽഹി വിട്ടുനിന്നിട്ടില്ലെന്നും തന്റെ ട്വിറ്റർ അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങൾ വലിയ വാർത്തയായി മാറുന്നത് ഇന്നത്തെ പത്രപ്രവർത്തനത്തിന്റെ അവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അവർ പറഞ്ഞു.

തന്റെ പ്രവർത്തനങ്ങളിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയ്റാം രമേശ് കൈകടത്തുന്നതായുള്ള വാർത്തകളെയും അവർ നിഷേധിച്ചു. പാർട്ടിയുടെ വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ തന്ത്രങ്ങൾ രൂപവത്കരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലവനാണ് ജയ്റാം രമേശ്. അദ്ദേഹം ഇത്തരം പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലുണ്ടാകുന്നത് സന്തോഷകരവും ഏറെ സഹായകരവുമാണെന്നും അവർ വ്യക്തമാക്കി.

രമ്യ എന്ന പേരിൽ ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന നടികൂടിയായ ബെംഗളൂരു സ്വദേശിനി ദിവ്യ സ്പന്ദന കോൺഗ്രസിന്റെ സാമൂഹിക മാധ്യമ വിഭാഗത്തെ സജീവമാക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചിരുന്നു. വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അനുകൂലമാകുന്ന തരത്തിൽ സാമൂഹിക മാധ്യമ ചർച്ചകൾ വഴിതിരിച്ചു വിടാനും അവർക്കു കഴിഞ്ഞു. കർണാടകയിലെ മാണ്ഡ്യയിൽ നിന്നുള്ള മുൻ ലോക്‌സഭാംഗമാണ് ഇവർ.