കണ്ണൂർ : ദിയ ഫാത്തിമയുടെ തിരോധാനം ഒരു കുടുംബത്തിന്റെയും നാടിന്റെയും കണ്ണീരായി ഇന്നും തുടരുന്നു. ആറളം പഞ്ചായത്തിലെ കീഴ്പള്ളി കോഴിയോട് നിന്നും മൂന്ന് വർഷം മുമ്പാണ് ദിയ ഫാത്തിമയെ കാണാതായത്. 2014 ഓഗസ്റ്റ് 1 ന് പെരുന്നാൾ ആഘോഷിക്കാൻ വേണ്ടി വാടക വീട്ടിൽ നിന്നും ഭാര്യാ വസതിയിലേക്ക് ദിയയുടെ അച്ഛൻ സുഹൈലും അമ്മ ഫാത്തിമത്ത് സുഹറയും സഹോദരൻ മുഹമ്മദ് സിയാനും തലേദിവസം തന്നെ എത്തിയിരുന്നു.

പെരുന്നാൾ ദിവസം രാവിലെ 9 മണിയോടെ രണ്ടു വയസ്സുകാരിയായ ദിയയെ മടിയിലിരുത്തി സഹോദരനെ ചേർത്തുപിടിച്ചും പ്രഭാത ഭക്ഷണം നൽകിയശേഷം കുളിക്കാൻ പോയതായിരുന്നു സുഹൈൽ. ഏതാണ്ട് പത്ത് മിനിറ്റിനുള്ളിൽ കുളികഴിഞ്ഞെത്തുകയും ചെയ്തു. പുറത്ത് കനത്ത മഴയായതിനാൽ വീട്ടിലുള്ളവരെല്ലാം അകത്ത് തന്നെ കഴിയുകയായിരുന്നു. കോലായിൽ കളിച്ചുകൊണ്ടിരുന്ന ദിയയെ മാത്രം കാണാനില്ല.മകൾ വീടിനകത്ത് ഉണ്ടെന്നായിരുന്നു ആദ്യം കരുതിയത് വീടു മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും അവൾ അപ്രത്യക്ഷയായിരുന്നു.

തോരാമഴയത്ത് അവൾ പുറത്ത് പോയെന്ന് ആരും വിശ്വസിക്കുന്നില്ല.ദിയയെ തേടി നാട്ടുകാരും വീട്ടുകാരും ഗ്രാമം മുഴുവൻ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.വീട്ടുമുറ്റത്ത് പോലും പിച്ചവെച്ച് നടക്കുന്ന ദിയ 80 മീ. അപ്പുറമുള്ള കൈത്തോട്ടിൽ ഒലിച്ചു പോയിരിക്കാം എന്നായിരുന്നു ലോക്കൽ പൊലീസിന്റെ നിഗമനം. അതേത്തുടർന്ന് തോടുകളിലും പുഴകളിലും ആഴ്ചകളോളം തിരച്ചിൽ നടത്തി ഒന്നും കണ്ടെത്താനുമായില്ല.കാണാതാകുമ്പോൾ ദിയയുടെ ദേഹത്ത് രണ്ടര പവന്റെ ആഭരണങ്ങളുണ്ടായിരുന്നു .

ലോക്കൽ പൊലീസിന്റെ നിഗമനങ്ങൾ ആർക്കും അംഗീകരിക്കാനാവാത്തതായിരുന്നു . അതിനാലാണ് കുട്ടിയുടെ അച്ഛനുമമ്മയും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി പ്രേമരാജന്റെ നേതൃത്ത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താനായില്ല. മഴക്കാലത്ത് കമ്പിളി വസ്ത്ര വിൽപനക്കാരും നാടോടികളും ഈ പ്രദേശത്ത് എത്തുന്നത് പതിവായിരുന്നു.

എന്നാൽ ദിയയുടെ മാതാപിതാക്കൾ അവൾ എവിടെയോ ഉണ്ടെന്ന് വിശ്വസിക്കുന്നു. അതിനു കാരണം ഇങ്ങനെ... അങ്കമാലി കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിനു സമീപം ഒരു സ്ത്രീക്കും പുരുഷനുമൊപ്പം മൂന്നു കുട്ടികൾ നിൽക്കുന്ന സി.സി.ടി.വി ദൃശ്യം കുട്ടിയുടെ അച്ഛൻ സുഹൈൽ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതിൽ ദിയയുമായി സാമ്യമുള്ള കുട്ടി അവൾ തന്നെയെന്ന് സുഹൈൽ വിശ്വസിക്കുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷണം നടത്താൻ അവർ തയ്യാറായിരുന്നില്ലെന്ന് സുഹൈൽ പറയുന്നു. ഈ സാഹചര്യത്തിൽ പൊലീസന്വേഷണം തൃപ്തികരമല്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

രക്ഷിതാക്കളുടെ പരാതി പ്രകാരം സിബിഐ അന്വേഷണത്തിന് കോടതി അഭിപ്രായം തേടിയപ്പോൾ കസേറ്റെടുക്കാൻ സിബിഐ താൽപര്യം കാട്ടിയില്ല. അതേതുടർന്ന് ഉന്നതതല ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ദിയ ഫാത്തിമ കേസ് ക്രൈം ബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കാശ്യപിന്റെ നേതൃത്ത്വത്തിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ് . മനുഷ്യക്കടത്തുൾപ്പടെയുള്ള രാജ്യാന്തര മാഫിയ സംഘഞങ്ങൾ ഇത്തരം സംഭവങ്ങൾക്ക് പിറകിലുണ്ടോയെന്ന സംശയവും കേസിന്റെ പരിഗണനാ വേളയിൽ കോടതി ആരാഞ്ഞു. എന്നെങ്കുലും ദിയമോൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാരും ദേശവാസികളും.