- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2005 മുതൽ കയ്യേറ്റം തുടങ്ങിയിട്ടും ഉദ്യോഗസ്ഥരും നഗരസഭയും മൗനം പാലിച്ചു; ഒത്താശയുമായി സർക്കാരും: ഡിഎൽഎഫ് അഴിമതിക്കഥകളിൽ നിന്നും തലയൂരാനാകാതെ സർക്കാർ
തിരുവനന്തപുരം: കൊച്ചി ചിലവന്നൂരിൽ ഡിഎൽഎഫ് കായൽ കയ്യേറിയ സംഭവത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. നഗരസഭയും ഉദ്ദ്യോഗസ്ഥരും സർക്കാരും ഒക്കെ ഒത്തുകളിച്ചെന്ന സത്യം പുറത്തായതോടെ സർക്കാരിന് ഈ വിഷയത്തിൽ നിന്ന് ഒരു തരത്തിലും ഊരിപ്പോകാനാകാത്ത അവസ്ഥയാണ്. ഡി.എൽ.എഫിനെ സഹായിക്കാൻ
തിരുവനന്തപുരം: കൊച്ചി ചിലവന്നൂരിൽ ഡിഎൽഎഫ് കായൽ കയ്യേറിയ സംഭവത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. നഗരസഭയും ഉദ്ദ്യോഗസ്ഥരും സർക്കാരും ഒക്കെ ഒത്തുകളിച്ചെന്ന സത്യം പുറത്തായതോടെ സർക്കാരിന് ഈ വിഷയത്തിൽ നിന്ന് ഒരു തരത്തിലും ഊരിപ്പോകാനാകാത്ത അവസ്ഥയാണ്.
ഡി.എൽ.എഫിനെ സഹായിക്കാൻ പരിസ്ഥിതി അഡിഷണൽ ചീഫ് സെക്രട്ടറിയും തീരപരിപാലന അതോറിട്ടി ചെയർമാനും സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിട്ടി ചെയർമാനും അനാവശ്യ ധൃതി കാട്ടിയെന്നാണ് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിന്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. മതിയായ വ്യവസ്ഥകൾ പാലിക്കാതെ കെട്ടിട നിർമ്മാണാനുമതി നൽകിയ കൊച്ചിൻ കോർപറേഷനിൽ നിന്ന് വിശദീകരണം തേടണമെന്നും ഇന്നലെ നിയമസഭയുടെ മേശപ്പുറത്ത് വച്ച റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതിക്ക് ഇന്നുവരെ തീരമേഖലാ വിജ്ഞാപനമനുസരിച്ചുള്ള പാരിസ്ഥിതിക അനുമതി സംസ്ഥാന തീരപരിപാലന അതോറിട്ടിയോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമോ നൽകിയിട്ടില്ല. 2005 മുതലിങ്ങോട്ട് പ്രദേശത്ത് കായൽനികത്തിയത് വളരെ പ്രകടമാണ്. തീരത്തെ വേലിയേറ്റ സാങ്കല്പികരേഖ മറികടന്നും നിർമ്മാണം നടന്നെന്നും റിപ്പോർട്ട് കണ്ടെത്തി.
കടവന്ത്ര സ്വദേശി കെ.ടി. ചെഷയറുടെ പരാതി ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 17ന് ചേർന്ന തീരപരിപാലന അതോറിട്ടിയോഗം തീരമേഖലാ വിജ്ഞാപന പരിധി സംബന്ധിച്ച പരിശോധനയ്ക്ക് പുതിയ സമിതിയെ നിയോഗിക്കുച്ചു. നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തി പഴയനില തുടരാൻ കൊച്ചി കോർപറേഷനോടും അതോറിട്ടി നിർദ്ദേശിച്ചു. എന്നാൽ, കമ്പനിയധികൃതർ അഡിഷണൽ ചീഫ് സെക്രട്ടറിയെ നേരിട്ട് സമീപിച്ചു. ഉത്തരവ് പിൻവലിക്കാനും പരാതികളുണ്ടെങ്കിൽ പരിസ്ഥിതി ആഘാത പഠന അതോറിട്ടിക്ക് കൈമാറാനും കഴിഞ്ഞ ഏപ്രിൽ 28ന് അഡിഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 29നുതന്നെ ഉത്തരവ് പിൻവലിച്ചതായി അറിയിച്ച് അതോറിട്ടി ചെയർമാൻ കൊച്ചി കോർപറേഷന് കത്തും നൽകി. കെട്ടിടനിർമ്മാതാക്കൾ അഡിഷണൽ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയെ നേരിട്ട് സമീപിച്ചാണ് കാര്യം സാധിച്ചതെന്ന് റിപ്പോർട്ടിൽ എടുത്തുപറയുന്നു. തീരപരിപാലന അതോറിട്ടി ഇറക്കിയ ഉത്തരവ് അതിന്റെ ചെയർമാന് സ്വന്തം നിലയ്ക്ക് പിൻവലിക്കാൻ അധികാരമില്ലെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
കേരള തീരപരിപാലന അതോറിട്ടിയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് 2008 സെപ്റ്റംബറിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ദ്ധസമിതി നിർമ്മാതാക്കളോട് ആവശ്യപ്പെട്ടതാണ്. ഇതനുസരിച്ച് 2009 ജൂൺ 22ന് തീരമേഖലാ വിജ്ഞാപനമനുസരിച്ചുള്ള അംഗീകാരത്തിനായി സംസ്ഥാന തീരപരിപാലന അതോറിട്ടിയെ അവർ സമീപിച്ചു. സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ അതോറിട്ടി ഉപസമിതിയെ ചുമതലപ്പെടുത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതോറിട്ടി നിർമ്മാതാക്കളിൽ നിന്ന് കൂടുതൽ വിശദീകരണം തേടി. ഇവർ സമർപ്പിച്ച രേഖകളുടെ സൂക്ഷ്മപരിശോധനയ്ക്ക് വിദഗ്ദ്ധരടങ്ങിയ ഉപസമിതിയെ തന്നെ അതോറിട്ടി ചുമതലപ്പെടുത്തി. വേലിയേറ്റരേഖയായി കണക്കാക്കുന്ന കായലിന്റെ സാങ്കല്പികരേഖ മറികടന്നും നിർമ്മാണം നടന്നതായി അന്നുതന്നെ കണ്ടെത്തിയ സമിതി ഇത് പൊളിച്ചുനീക്കാനാണ് നിർദ്ദേശിച്ചത്. ഇതിലെ ക്രമക്കേടുകൾ പരിശോധിക്കാൻ ഭൗമശാസ്ത്ര പഠനകേന്ദ്രത്തെയും ചുമതലപ്പെടുത്തി. ഡി.എൽ.എഫിന്റെ കെട്ടിട സമുച്ചയം 2009 ജനുവരിയിൽ സെസ് നിശ്ചയിച്ച വേലിയേറ്റരേഖയിൽ നിന്ന് വെറും 4.6 മീറ്റർ മാത്രം അകലെയാണെന്ന് പിന്നീട് സ്ഥലപരിശോധന നടത്തിയ തീരപരിപാലന അതോറിട്ടി ചെയർമാനും കണ്ടെത്തി. ഇത് കായൽനികത്തലിന്റെ പ്രത്യക്ഷ തെളിവാണ്.
ചിലവന്നൂർ തീരം കയ്യേറി ഡിഎൽഎഫ് ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർ കോടികൾ കൈപ്പറ്റിയതായി റിപ്പോർട്ടിലുണ്ടായിരുന്നു. ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വനംപരിസ്ഥിതി അഡീ. ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയെ മാറ്റാനാണ് സാധ്യത. സംഭവവുമായി ബന്ധപ്പെട്ട് തീരമേഖലാ നിയന്ത്രണ അതോറിട്ടി ചെയർമാൻ ഡോ. വി.എൻ. രാജശേഖരൻപിള്ളയ്ക്കും പരിസ്ഥിതി ഡയറക്ടർ ശ്രീകണ്ഠൻ നായർക്കും സ്ഥാനചലന സാധ്യതയുണ്ട്. സംഭവത്തിനു പിന്നിൽ കോടികളുടെ ക്രമക്കേടു സംശയിക്കുന്ന സാഹചര്യത്തിൽ വനംമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്.
2008ൽ നിർമ്മാണാനുമതി നൽകിയതിൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻക്രമക്കേടുണ്ട്. പുഴയോരം നികത്തിയാണു ഫ്‌ളാറ്റ് കെട്ടിപ്പൊക്കിയതെന്ന് ഉപഗ്രഹചിത്രങ്ങളിൽനിന്നു വ്യക്തമാണ്. ഫ്‌ളാറ്റിന്റെ വിസ്തീർണം സംബന്ധിച്ചു വ്യാജരേഖകളാണു നഗരസഭയിൽ ഹാജരാക്കിയത്. കൊച്ചിയിലെ മുൻ മേയർ ദിനേശ്മണി ഇതു സംബന്ധിച്ചു പ്രതിക്കൂട്ടിലാണ്. ഇന്നലത്തെ മന്ത്രിസഭായോഗത്തിലും പ്രശ്‌നം ചർച്ചചെയ്തു. കടുത്ത നടപടികളുമായി മുന്നോട്ടുപോകാനാണു തന്റെ തീരുമാനമെന്നു മന്ത്രി തിരുവഞ്ചൂർ മുഖ്യമന്ത്രിയെ അറിയിച്ചു.
കായൽ പുറമ്പോക്ക് കൈയേറി ഡിഎൽഎഫ് ഫ്‌ളാറ്റ് നിർമ്മിച്ചത് ഗുരുതരമായ വീഴ്‌ച്ചയാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെയാണ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് റിപ്പോർട്ട് സമർപ്പിച്ചത്. കായൽ കൈയേറിയാണ് ഡിഎൽഎഫിന്റെ ഫ്‌ളാറ്റ് നിർമ്മാണമെന്ന വാദത്തെ ശരിവെക്കുന്നതാണ് റിപ്പോർട്ട്.