കോട്ടയം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കാനെത്തിയപ്പോൾ ആത്മഹത്യാ ഭീഷണി മുഴക്കിയ രാജന്റെയും ഭാര്യയുടെയും മരണത്തിൽ പ്രതി സ്ഥാനത്ത് പൊലീസുമുണ്ട്. രാജന്റെ കയ്യിലെ ലൈറ്റർ തട്ടി തീ പടർത്തിയത് മുതൽ ഇന്നലെ രാജനെ അടക്കാൻ കുഴിയെടുത്ത മകനോടുള്ള പെരുമാറ്റത്തിൽ വരെ പൊലീസിന്റെ ധാർഷ്ട്യം കേരളം കണ്ടു. അതേ സമയം, ഈ സംഭവം കേരള പൊലീസിന്റെ പൊതു സ്വഭാവം എന്ന് വിലയിരുത്താനും പറ്റില്ല. സമാനമായ സാഹചര്യത്തിൽ ശയ്യാവലംബിയായ സ്ത്രീയേയും മകളെയും കോടതി വിധിയുടെ പശ്ചാത്തലത്തിൽ കുടിയിറക്കുകയും അവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്ത എസ്ഐ ആൻസൽ എന്ന മനുഷ്യനെയും കേരളം മറന്നിട്ടില്ല. 2017ലാണ് കാഞ്ഞിരപ്പള്ളി എസ്ഐ എ.എസ്.അൻസൽ കോടതി ഉത്തരവ് നടപ്പാക്കുകയും കിടപ്പാടം നഷ്ടമായവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്തത്. നെയ്യാറ്റിൻകരയിലെ സംഭവത്തോടെ സോഷ്യൽ മീഡിയ വീണ്ടും അൻസൽ എന്ന പൊലീസുകാരനെ കുറിച്ച് ചർച്ച ചെയ്യുകയാണ്.

കാക്കിക്കുള്ളിലും മനസാക്ഷിയുള്ള ഒരു മനസുണ്ടെന്ന് തെളിയിക്കുകയായിരുന്നു കാഞ്ഞിരപ്പള്ളി എസ്ഐ എ.എസ്.അൻസൽ. തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി രോഗിയായ അമ്മയെയും സ്കൂൾ വിദ്യാർത്ഥിനിയായ മകളെയും ഒറ്റമുറി വീട്ടിൽ നിന്നും അൻസൽ ഒഴിപ്പിച്ചത് മനസില്ലാ മനസോടെയാണ്. കോടതി ഉത്തരവ് നടപ്പാക്കാതെ അദ്ദേഹത്തിന് മറ്റ് നിർവാഹമില്ലായിരുന്നു.

എന്നാൽ ഉത്തരവ് നടപ്പാക്കി പൊടിതട്ടി പോകാൻ അദ്ദേഹം തയാറായില്ല. അനാഥരായ ആ അമ്മയെയും മകളെയും തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കാൻ അൻസൽ എന്ന മനുഷ്യസ്നേഹി മുന്നിട്ടിറങ്ങിയതോടെ ഒരുപാട് സുമനസുകൾ സഹായവുമായി എത്തി. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഉത്തമ പൊലീസുകാരൻ എന്ന നിലയിൽ അൻസൽ കേരള പൊലീസിന്റെ മുഴുവൻ അഭിമാനമായി.

കോടതി ഉത്തരവിനെ തുടർന്നാണ് കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശിനിയായ ബബിതയ്ക്കും മകൾ സൈബയ്ക്കും വീട് നഷ്ടപ്പെട്ട് പെരുവഴിയിൽ ഇറങ്ങേണ്ടിവന്നത്. രോഗിയായ ബബിതയെ എസ്ഐയും സംഘവും കിടക്കയോടെ വീട്ടിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. എസ്ഐ അൻസലിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി. ആരോരും ആശ്രയമില്ലാത്ത ആ അമ്മയും മകൾക്കും പിന്നീട് അൻസലിന്റെ നേതൃത്വത്തിൽ നൽകിയ സഹായം ചെറുതൊന്നുമല്ല.

വീട്ടിൽ നിന്നും ഇറക്കിവിട്ട അന്നു മുതൽ അവരുടെ എല്ലാ ആവശ്യങ്ങൾക്കും അൻസൽ ഒപ്പം നിന്നു. കാഞ്ഞിരപ്പള്ളി ജനമൈത്രി പൊലീസും ജമാ അത്ത് ഭാരവാഹികളും സഹായത്തിന് എത്തിയതോടെ ബബിതയും മകളും സനാഥരായി. പിന്നീട് പലരെയും സമീപിച്ചു വീട് നിർമ്മിക്കുന്നതിനാവശ്യമായ പണവും സാധന സാമഗ്രികളും സംഘടിപ്പിക്കുന്നതിൽ എസ് ഐ അൻസൽ മുഖ്യപങ്കു വഹിച്ചു. അദ്ദേഹത്തിന്റെ മേലധികാരികൾ പൂർണമായ സഹകരണം നൽകിയതോടെ പൊലീസിന്റെ കാരുണ്യം നിറഞ്ഞ മുഖം പൊതുജനങ്ങൾക്ക് ദർശിക്കുവാൻ സാധിച്ചു.

ബബിതയുടെ വീട് ഒഴിപ്പിച്ചിട്ടു, പത്തുമാസവും ആറു ദിവസവും കഴിഞ്ഞപ്പോൾ , ബബിതയ്ക്കു സ്വപ്ന ഭവനം നിർമ്മിച്ച് നൽകിയത് അൻസൽ അബ്ദുൾ എന്ന എസ് ഐ എ എസ് അൻസലിന്റെ നിശ്ചയദാർഢ്യം ഒന്നുമാത്രമാണ് .

കോടതിവിധിയെ തുടർന്നു വീടുവിട്ട് ഇറങ്ങേണ്ടി വന്ന ബബിതയ്ക്കും മകൾ സൈബയ്ക്കും സ്വപ്നഭവനം നിർമ്മിച്ച് നൽകിയതിൽ മുഖ്യപങ്കു വഹിച്ചത് കാഞ്ഞിരപ്പള്ളി എസ് എ അൻസൽ. കുടുംബത്തെ സഹായിക്കാൻ അൻസലിനൊപ്പം ആദ്യാവസാനം കൂടെ നിന്നത് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ സിപിഒമാരായ ശ്രീരാജ്, അനിൽ പ്രകാശ്, വിജയൻ, എഎസ്ഐ ജോയ് തോമസ് എന്നിവരാണ്. സിഐ ഷാജു ജോസും ഡിവൈഎസ്‌പി ഇമ്മാനുവേൽ പോളും ഈ കാരുണ്യപ്രവൃത്തിക്ക് എല്ലാ പിന്തുണയും നൽകി. ഈ നന്മനിറഞ്ഞ പ്രവൃത്തിക്ക് അൻസലിന് കേരള പൊലീസിന്റെ പ്രശംസസാപത്രവും ലഭിച്ചു.