- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സർക്കാർ - സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്കിൽ; ഒപി സേവനം പലയിടത്തും മുടങ്ങി; തിരുനവനന്തപുരം മെഡിക്കൽ കോളേജിൽ ടോക്കൺ ഉണ്ടായിട്ടും രോഗികളെ കാണാതെ ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയകളും കോവിഡ് ചികിത്സയും മുടങ്ങില്ല; എഎംഎയുടെ രാജ്യവ്യാപക സമരം ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ തീരുമാനത്തിനെതിരെ
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ-സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്ക് തുടങ്ങി. മിക്ക സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഒപി സ്തംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ടോക്കൺ കൊടുത്തെങ്കിലും ഡോക്ടർമാർ രോഗികളെ കണ്ടില്ല.
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ തീരുമാനത്തിനെതിരെ ഐഎംഎ രാജ്യവ്യാപക സമരത്തെ പിന്തുണച്ചാണ് പണിമുടക്ക്. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. ഐപി, അത്യാഹിത, ലേബർ റൂം, ഐസിയു വിഭാഗങ്ങൾ പ്രവർത്തിക്കും. അടിയന്തര ശസ്ത്രക്രിയകളും നടത്തും. കോവിഡ് ചികിത്സ മുടങ്ങില്ല. വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.
ജനറൽ സർജറി ഉൾപ്പെടെ നിർവഹിക്കുന്നതിന് സ്പെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് കേന്ദ്ര അനുമതി നൽകിയതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതനുസരിച്ച് ശല്യതന്ത്ര (ജനറൽ സർജറി), ശാലാക്യതന്ത്ര (ഇഎൻടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദമുള്ളവർക്ക് പ്രായോഗിക പരിശീലനം നേടി ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താം. ഇതിനായി, ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പിജി ആയുർവേദ എജ്യുക്കേഷൻ) റെഗുലേഷൻസ് ഭേദഗതി ചെയ്തു.
ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയിൽ പിജി ചെയ്യുന്ന ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ ഉൾപ്പെടെ തിയറി പഠിക്കുന്നുണ്ടെങ്കിലും പരിശീലനം ഉണ്ടാകാറില്ല. ഇതിൽ മാറ്റം വരും. പ്രായോഗിക പരിശീലനം കൂടി നേടിയശേഷം ഇവർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകുന്നതാണ് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ നടപ്പാക്കിയ നിയമ ഭേദഗതി.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ആഹ്വാനം ചെയ്ത സമരത്തിൽ ഡോക്ടർമാരുടെ വിവിധ സംഘടനകളായ കെ.ജി.എം.സി.ടി.എ, കെ.ജി.എം.ഒ.എ, കെ.ജി.എസ്.ഡി.എ, കെ.ജി.ഐ.എം.ഒ.എ, കെ.പി.എം.സി.ടി.എ തുടങ്ങിയവയും പങ്കെടുക്കും. മോഡേൺ മെഡിസിനിൽ ഡോക്ടർമാർ നിരവധി വർഷത്തെ പഠനത്തിനും പരിശീലനത്തിനും ശേഷം ചെയ്യുന്ന ശസ്ത്രക്രിയകൾ ആയുർവേദ ബിരുദാനന്തരബിരുദ സമയത്ത് കണ്ടുപഠിച്ച് ചെയ്യാമെന്ന തീരുമാനം വൻദുരന്തത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസ്, സെക്രട്ടറി ഡോ. പി. ഗോപികുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മറുനാടന് ഡെസ്ക്