നിതാ ട്രെയിനി ഡോക്ടർമാരെ വശീകരിക്കുന്ന വിധത്തിൽ അവർക്ക് പ്രണയസൂചകമായ സ്മൈലികളിട്ട് മെസേജ് അയച്ച മാഞ്ചസ്റ്ററിലെ മലയാളി ഡോക്ടറായ വിനീഷ് നാരായണനെതിരെയുള്ള കേസ് മെഡിക്കൽ ട്രിബ്യൂണലിലെത്തി. ഗുരുതരമായ ഈ കുറ്റകൃത്യത്തെ തുടർന്ന് ഈ 40കാരന്റെ പണി തെറിക്കുമെന്നാണ് സൂചന.കടുത്ത സ്വഭാവദൂഷ്യം ഇദ്ദേഹത്തിന്റെ മേൽ ചുമത്തുമെന്നാണറിയുന്നത്. കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഇദ്ദേഹത്തിന് കീഴിൽ മൂന്ന് ട്രെയിനീ ഡോക്ടർമാരെ ട്രെയിനിംഗിനായി അയച്ചതിനെ തുടർന്നാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. തുടർന്ന് ഇവരുമായി അടുത്തിടപഴകാൻ തുടങ്ങിയ വിനീഷ് ഇവർക്ക് ശൃംഗാരം തുളുമ്പുന്ന മെസേജുകൾ അയക്കുന്നത് പതിവാക്കുകയും അവരെ മാഞ്ചസ്റ്ററിലെ ഡിഡ്സ്ബറിയിലുള്ള തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നുവെന്നാണ് മെഡിക്കൽ പ്രാക്ടീഷണർ ട്രിബ്യൂണൽ സർവീസിന് മുന്നിൽ ബോധിപ്പിക്കപ്പെട്ടത്.

വിദ്യാർത്ഥിനികളുടെ യൂണിവേഴ്സിറ്റി മെഡിക്കൽ ഡിഗ്രീ പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു അവരെ വിനീഷിൻ കീഴിൽ ട്രെയിനിംഗിനായി നിയോഗിച്ചിരുന്നത്. ഇത്രയും ഗുരുതരമായ പെരുമാറ്റ ലംഘനം നടത്തിയ ഈ ഡോക്ടറെ ഇനിയും പ്രാക്ടീസ് ചെയ്യാൻ അനുവദിക്കണമോയെന്ന് ട്രിബ്യൂണൽ വിചാരണയിലൂടെ അടുത്ത് തന്നെ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ വിനീഷിനെ സസ്പെൻഡ് ചെയ്യുമെന്നുറപ്പാണ്. തനിക്കൊപ്പം കൂടുതൽ സമയം ചെലവഴിച്ചാൽ നല്ല മാർക്ക് ലഭിക്കുമെന്ന് ഇതിലൊരു ട്രെയിനി ഡോക്ടറോട് വിനീഷ് വെളിപ്പെടുത്തിയിരുന്നുവെന്നും ട്രിബ്യൂണലിന് മുന്നിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. തന്റെ വീട്ടിലേക്ക് വന്നാൽ അതും കൂടുതൽ മാർക്ക് ലഭിക്കുന്നതിന് വഴിയൊരുക്കുമെന്ന് പറഞ്ഞ് ഈ ഡോക്ടർ പെൺകുട്ടിയുടെ കവിളിൽ തന്റെ ചുണ്ട് കൊണ്ട് സ്പർശിച്ചിരുന്നുവെന്നും പരാതിയുയർന്നിട്ടുണ്ട്.

രണ്ടാമത്തെ ട്രെയിനി ഡോക്ടറുടെ കൈകൾ നോക്കി വിനീഷ് വിചിത്രമായ പ്രവചനങ്ങൾ നടത്തിയിരുന്നു. തന്നെ സന്തോഷിപ്പിച്ചില്ലെങ്കിൽ ഈ പെൺകുട്ടി പരീക്ഷയിൽ തോൽക്കുമെന്ന് ഭിഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രെ. മൂന്നാമത്തെ പെൺകുട്ടിയോട് തന്നെ വീട്ടിൽ വന്ന് കാണാനായിരുന്നു വിനീഷ് ആവശ്യപ്പെട്ടിരുന്നത്. ഈ പെൺകുട്ടിയെയും വിനീഷ് ചുബിക്കാൻ ശ്രമിച്ചിരുന്നു. 2013 ജനുവരിക്കും 2014 നും ഇടയിലായിരുന്നു വിനീഷിന്റെ ഈ വകയിലുള്ള പ്രകടനങ്ങൾ അരങ്ങേറിയിരുന്നത്. അന്ന് അദ്ദേഹം 5 ബറോ പാർട്ട്ണർഷിപ്പ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ജോലി ചെയ്യുകായിരുന്നു.നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ അഞ്ച് ബറോകളിൽ മെന്റൽ ഹെൽത്ത് സർവീസുകൾ പ്രദാനം ചെയ്യുന്ന ട്രസ്റ്റാണിത്. സൈക്യാട്രിയിലെ സ്പെഷ്യൽ സ്റ്റഡി മൊഡ്യൂളുകളുടെ ഭാഗമായിട്ടായിരുന്നു ട്രെയിനി ഡോക്ടർമാരെ വിനീഷിന് കീഴിൽ അയച്ചിരുന്നത്.

ട്രെയിനി ഡോക്ടർമാരുടെ മെന്ററായി കൂടി പ്രവർത്തിക്കാൻ ഉത്തരവാദിത്വമുള്ള ക്ലിനിക്കൽ ട്യൂട്ടർകൂടിയായ വിനീഷ് ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നാണ് ജനറൽ മെഡിക്കൽ കൗൺസിൽ അഭിഭാഷകനായ ബോയ്ഡ് മോർവുഡ് ട്രിബ്യൂണലിൽ ബോധിപ്പിച്ചിരിക്കുന്നത്. എന്നാൽ അതിന് വിരുദ്ധമായി തന്റെ പ്രഫഷണൽ പരിധികൾ ലംഘിച്ച് കൊണ്ടുള്ള പ്രവർത്തനാണിദ്ദേഹം നടത്തിയതെന്നും മോർവുഡ് ചൂണ്ടിക്കാട്ടുന്നു.കേസുമായി ബന്ധപ്പെട്ട വിചാരണ തുടരുകയാണ്.