പാലക്കാട്: പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ പ്രൊഫസർ ഡോ. നവീൻ കുമാർ കാറിടിച്ച് മരിച്ച സംഭവത്തിൽ പതിനേഴുകാരന് ഒന്നും സംഭവിക്കില്ല. അമിത വേഗത്തിൽ കാറോടിച്ച് ഡോക്ടറെ കൊന്ന 17കാരൻ നിയമത്തിന്റെ പിൻബലത്തിൽ ശിക്ഷയില്ലാതെ തലയൂരുമെന്നാണ് സൂചന. മരിച്ച ഡോക്ടറുടെ കുടുംബത്തിന് ഇൻഷുറൻസ് കിട്ടാനും സാധ്യതയില്ല

ഡോ. നവീനും ഭാര്യ ഡോ. ജയശ്രീയും നാല് വയസുള്ള മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ അമിത വേഗത്തിലെത്തിയ കാറിടിച്ചാണ് ഡോ. മരിച്ചത്. ജയശ്രീയും മകനും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. പതിനേഴുകാരൻ ഓടിച്ച റെന്റ് കാർ ഇടിച്ചാണ് ഡോക്ടർ മരിച്ചത്. അപകടം പ്രദേശത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. വാഹനം ഓടിച്ച പതിനേഴുകാരൻ പിടിയലാകുകയും ചെയ്തു. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ ഇയാളുടെ ശിക്ഷ പിഴയിൽ ഒതുങ്ങും. പ്രായപൂർത്തിയാകാത്തതിനാൽ ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരമില്ല. പ്രായത്തിന്റെ ആനുകൂല്യത്തിൽ ജാമ്യം കിട്ടുകയും ചെയ്യും.

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസുകളിൽ ഐ.പി.സി 304 എ പ്രകാരമാണ് കേസെടുക്കുന്നത്. എന്നാൽ 18 വയസായവരുടെ കാര്യത്തിൽ ഈ വകുപ്പ് ചേർക്കാനാകില്ല. കുറ്റക്കാരനായ 17കാരണ് പരമാവധി ഒരു വർഷം ജുവനൈൽ ഹോം വാസവും പിഴയും ലഭിക്കാനാണ് നിയമമുള്ളത്. എന്നാൽ ഇത്തരം കേസുകളിലെ ശിക്ഷ പിഴയിൽ മാത്രം ഒതുങ്ങാറാണ് പതിവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ലൈസൻസില്ലാത്തയാൾക്ക് വാഹനമോടിക്കാൻ നൽകിയതിന് വാഹനമുടമയുടെ പേരിലും കേസെടുക്കും. ഒറ്റപ്പാലം ലക്കിടി സ്വദേശി നാലകത്ത് സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.

അപകടത്തിൽ മരിച്ച ഡോക്ടറുടെ കുടുംബത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് കിട്ടാനും സാധ്യതയില്ല. കാരണം അപകടത്തിടയാക്കിയ പതിനേഴുകാരൻ ഓടിച്ചത്, റെന്റ് എ കാറാണ്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് ഉണ്ടാക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഇൻഷുറൻസ് കമ്പനി ഏറ്റെടുക്കില്ല. അല്ലെങ്കിൽ വാഹന ഉടമ നഷ്ടപരിഹാരം നൽകാൻ തയ്യാറാകണം. ഇവിടേയും ഇതു മാത്രമേ നടക്കാനിടയുള്ളൂ. അതിന് ഡോക്ടറുടെ കുടുംബം നിയമപോരാട്ടം നടത്തേണ്ടി വരും.

ശനിയാഴ്ച രാത്രി പത്തരയോടെ ചക്കാന്തറയിൽ വച്ചാണ് നവീൻ കുമാറും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടറിൽ അമിതവേഗത്തിലെത്തിയ കാറിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നവീൻകുമാർ രാത്രി ഒന്നേകാലോടെ മരിച്ചു. ഇടുപ്പെല്ലിന് പരിക്കേറ്റ ഭാര്യ ഡോ. ജയശ്രീയും കാലിന് പരിക്കേറ്റ മകൻ ചിതലി ഭവൻസ് സ്‌കൂളിലെ ഒന്നാം ക്‌ളാസ് വിദ്യാർത്ഥി പാർഥിപും (ആറ്) ചികിത്സയിലാണ്. കാർ നിയന്ത്രണം വിട്ട് നൂറണി പെട്രോൾ പമ്പിനടുത്തുള്ള വളവിൽവെച്ച്, ദമ്പതിമാർ സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിലെ ഡോക്ടറായിരുന്നു നവീൻ കുമാർ. ജയശ്രീ പാത്തോളജിയിലെയും. ഇരുവരും ശനിയാഴ്ച മെഡിക്കൽ കോളേജിൽനിന്ന് ജോലി കഴിഞ്ഞ് വെങ്കിടേശ്വര ഗാർഡൻസിലെ വീട്ടിലെത്തി മകനുമായി പുറത്തിറങ്ങിയതായിരുന്നു. തുടർന്ന്, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി തിരികെവരുമ്പോഴായിരുന്നു അപകടം. തൃശ്ശൂർ കാനാട്ടുകര പ്രശാന്തി നഗറിൽ പട്ടത്ത് ഹൗസിൽ നാരായണനുണ്ണിയുടെ മകനാണ് നവീൻകുമാർ.