- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിനക്കെന്താടാ ഇത് നേരത്തെ പറഞ്ഞാൽ; എന്റെ അച്ഛന് വല്ലോം സംഭവിച്ചാൽ മൈ..... കാണിച്ചു തരാം; ഡോക്ടേഴ്‌സ് ദിനത്തിൽ അനുഭവ സാക്ഷ്യങ്ങളുടെ വെളിപ്പെടുത്തലുമായി ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു; ഡോക്ടർക്കു നേരെയുള്ള ഒരോ തല്ലും തെറിവിളിയും ബാധിക്കുന്നത് നമ്മളെത്തന്നെയെന്ന് തിരിച്ചറിയണമെന്നും ഡോക്ടർ
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിൽ ജീവൻ രക്ഷിക്കാൻ പെടാപ്പാടുപെടുന്നതിനിടയിൽ ഉണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഡോക്ടർ വിഭാഗം തന്നെ പലവിധ വിമർശനങ്ങൾക്കും അക്രമങ്ങൾക്കും വിധേയരാകുന്ന സാഹചര്യത്തിലുടെയാണ് നാം കടന്ന് പോകുന്നത്. ഒറ്റപ്പെട്ട വീഴ്‌ച്ചകളുടെ പേരിൽ അധിക്ഷേപിക്കപ്പെടുന്നത് ഈ മഹാമാരി തുടങ്ങിയതു മുതൽ അക്ഷീണം പ്രയത്‌നിക്കുന്ന ഒരു വിഭാഗമാണ്.ഈ അവസരത്തിലാണ് ഇത്തവണത്തെ ഡോക്ടേഴ്‌സ് ഡെ കടന്നുപോകുന്നത്.
ഈ അവസരത്തിൽ തന്റെ കരിയറിലുണ്ടായ രണ്ട് അനുഭവങ്ങൾ സമൂഹമാധ്യമത്തിലുടെ പങ്കുവെക്കുകയാണ് ഡോക്ടർ വിശാൽ ദിലീപ് . ഡോക്ടർമാർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ പ്രതികൂലമായി ബാധിക്കുന്നത് നമ്മളെത്തനെയാണന്ന ബോധ്യമാണ് ഒരോ ആൾക്കും ഉണ്ടാവേണ്ടതെന്നും സമൂഹത്തിലെ നല്ല മാറ്റങ്ങളെക്കുറിച്ച് അടുത്ത ഡോക്ടേഴ്‌സ് ഡേയിലെങ്കിലും എഴുതാൻ പറ്റട്ടെയെന്നും ഡോക്ടർ കുറിക്കുന്നു.
കുറിപ്പു വായിക്കാം:
ഇന്ന് ഡോക്ടർസ് ഡേ , പ്രത്യേകത ഒന്നുമില്ല , അടിപിടിയും അക്രമങ്ങളും എല്ലാം പഴയത്പോലെ തന്നെ . ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റം രണ്ട് അനുഭവങ്ങളിലൂടെ പറയാൻ ശ്രമിക്കാം .
ഒരു പ്രായമായ അച്ഛനെ മകൻ മരണാസന്ന അവസ്ഥയിൽ ആശുപത്രിയിലേക്ക് കൊണ്ടു വന്നു. ബെഡിൽ കിടത്തി പൾസ് നോക്കിയപ്പോൾ പൾസ് കിട്ടുന്നില്ല . ഉടനെ തന്നെ സിപിആർ നൽകി . ഏകദേശം 20 മിനിറ്റോളം തുടർന്നു. ഇതിനിടയിൽ എടുത്ത ഇസിജി എല്ലാം ഫ്ലാറ്റ്ലൈൻ ആണ് കാണിക്കുന്നത്. അതായത് മരണം സംഭവിച്ചു കഴിഞ്ഞു. ഞാൻ മകനോട് പറഞ്ഞു 'അച്ഛൻ മരിച്ചു , . അപ്പോൾ അയാൾ എന്റെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു 'അത് സാരമില്ല ,സാറിന് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തല്ലോ , നന്ദിയുണ്ട്'. എനിക്ക് ഇതൊരു ഞെട്ടൽ ആയിരുന്നു , കാരണം ഇത്തരം സന്ദർഭങ്ങൾ അപൂർവമാണ് . ഇത്തരത്തിൽ ഒരു നന്ദിവാക്കോ ഒരു ചെറു പുഞ്ചിരിയോ പോലും നമുക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഈ സംഭവങ്ങൾ , അടുത്ത വട്ടം നമുക്ക് ഇതിനേക്കാൾ കൂടുതലായി, ഇതിനേക്കാൾ നന്നായി എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിപ്പിക്കും . അതിനായി ശ്രമിക്കാൻ പ്രേരിപ്പിക്കും .
മറ്റൊരു ദിവസം നെഞ്ചുവേദനയുമായി ഒരു അച്ഛനെയും കൊണ്ട് മകൻ വന്നു. വന്ന സമയം മറ്റൊരു ഡോക്ടർ ആയിരുന്നു ഡ്യൂട്ടി . ഒരാഴ്ച മുൻപേ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണ് , ഇപ്പോൾ കുറച്ചു നേരമായി ഒരു നെഞ്ചുവേദന. ഇസിജി എടുത്തപ്പോൾ പഴയ ഇസിജി യിലെ മാറ്റങ്ങൾ മാത്രമേ ഇപ്പോളും ഉള്ളൂ. പുതിയതായി ഒന്നുമില്ല. ബിപിയും നോർമൽ. അങ്ങനെ പാന്റ്‌റോപ് ഇൻജക്ഷൻ കൊടുത്ത് ഒബ്സർവേഷനിൽ കിടത്തി. അര മണിക്കൂർ ഇടവിട്ട് ഇസിജി എടുത്തുകൊണ്ടേ ഇരുന്നു. ഒന്നിലും മാറ്റങ്ങൾ ഇല്ല .
2 മണി മുതൽ എനിക്ക് ആണ് ഡ്യൂട്ടി മാറി വരുന്നത്. ഞാനും അതുവരെ എടുത്ത ഇസിജികൾ ഒക്കെ നോക്കി . ബിപി നോക്കിയപ്പോൾ നോർമൽ ആണ് . ഇപ്പോൾ വേദന കുറവുണ്ട് , വീട്ടിൽ പൊക്കോട്ടെയെന്ന് രോഗി. അങ്ങനെ വിടാൻ പറ്റില്ല , നെഞ്ചിനു പ്രശ്നമുള്ള ആളല്ലേ , കുറച്ചു നേരം കൂടി നോക്കണം എന്ന് ഞാൻ . അടുത്തൊരു ഇസിജി കൂടി എടുക്കാൻ പറഞ്ഞു. അത് എടുക്കുന്ന സമയത്തു തന്നെ നെഞ്ചു വേദന വീണ്ടും പ്രത്യക്ഷപ്പെട്ടു , ഇസിജിയിൽ അറ്റാക്കിന്റെ സൂചനകൾ. അവിടെ അത് ചികിൽസിക്കാൻ ഉള്ള സംവിധാനങ്ങൾ ഇല്ല. ഉടനെ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റണം. കൂടെ വന്നവരെ ആംബുലൻസ് വിളിക്കാൻ അയച്ചാൽ താമസിക്കും എന്നറിയാമായിരുന്നതിനാൽ ഞാൻ തന്നെ പോയി ആംബുലൻസ് അറേഞ്ച് ചെയ്തു . ഉടൻ തന്നെ അച്ഛനെ മെഡിക്കൽ കോളേജിൽ എത്തിക്കണം എന്ന് മകനോട് പറഞ്ഞു. അപ്പോൾ മകൻ : 'ഇത് നിനക്കൊക്കെ നേരത്തെ പറഞ്ഞൂടെ , ഇത്രേം നേരം നീ എന്ത് ചെയ്യുകയായിരുന്നു. എന്റെ അച്ഛന് എന്തേലും പറ്റിയാൽ മൈ@** നിന്നെ ഞാൻ കാണിച്ചു തരാം'. ഇത്രയും പറഞ്ഞു അയാൾ ആംബുലൻസിൽ കയറിപ്പോയി.
എനിക്ക് ടെൻഷനും വിഷമവും കാരണം അടുത്ത രോഗികളെ നോക്കാൻ പറ്റുന്നില്ല . അവർ പറയുന്നതൊന്നും ശ്രദ്ധിക്കാൻ കൂടി പറ്റുന്നില്ല. ഞാൻ അങ്ങനെ നമ്മുടെ മെഡിസിൻ ഡോക്ടറെ വിളിച്ചു . സർ എന്നോട് അങ്ങനെയൊരു സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ട്, അത്പോലോക്കെയാണോ ചെയ്തത് എന്നു ചോദിച്ചു. ഞാൻ അതെയെന്ന് പറഞ്ഞു. പിന്നെ നീ വിഷമിക്കണ്ട , ഇത്രയൊക്കെയെ ആരെകൊണ്ടും ചെയ്യാൻ പറ്റുള്ളൂ , പിന്നെ അടിയുടെ കാര്യം. അവരോട് ഇതൊന്നും പറഞ്ഞാൽ മനസിലാകില്ല , നീ പൊലീസ് സ്റ്റേഷനിൽ ഒന്നു വിളിച്ചു പറഞ്ഞേക്കൂ എന്നും പറഞ്ഞു . പൊലീസ് സ്റ്റേഷൻ അടുത്താണ് . ഞാൻ അവിടെ വിളിച്ചു , ചിലപ്പോൾ ഇങ്ങനെയൊരു സാഹചര്യം ഉണ്ടായേക്കാം എന്ന് മുന്നറിയിപ്പ് നൽകി. എന്റെ ഭാഗ്യത്തിന് ആ അച്ഛന് ഒന്നും സംഭവിച്ചില്ല എന്നു തോന്നുന്നു . പേടിച്ചിരുന്ന അടി അന്ന് കിട്ടിയില്ല. ഇങ്ങനെയുള്ള സംഭവങ്ങൾ അടുത്ത വട്ടം ഒന്നും ചെയ്യാതെ ഇരിക്കാൻ നമ്മളെ പ്രേരിപ്പിക്കും . അതായത് റിസ്‌ക് കേസുകളിൽ കൈ വെക്കുകയെ ചെയ്യാതെ വലിയ ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ നമ്മൾ നിർബന്ധിതരാകും .അതിനെ ഡിഫൻസീവ് പ്രാക്ടിസ് എന്നു പറയും .
നിർഭാഗ്യവശാൽ രണ്ടാമത്തേത് പോലുള്ള സംഭവങ്ങൾ ആണ് ഡോക്ടർ ജീവിതത്തിൽ കൂടുതൽ. അത് ദിനംപ്രതി ഓരോ ഡോക്ടർമാരെയും ഡിഫൻസിവ് പ്രാക്ടീസിലേക്ക് മാറാൻ പ്രേരിപ്പിക്കും . അതുമൂലം രോഗികൾക്ക് യാത്ര ചെലവും ചികിത്സാ ചെലവും കൂടാം , ചികിത്സ കിട്ടാൻ താമസം വരാം. അതിനും കുറ്റം നമുക്കായിരിക്കും അല്ലേ , അല്ല അതാണല്ലോ പതിവ് . ഓരോ തല്ലും , തെറിവിളിയും നമ്മുടെ തന്നെ ജീവിതത്തെയാണ് ബാധിക്കുന്നത്. അത് ആരും തിരിച്ചറിയുന്നില്ല എന്നു മാത്രം . ആ തിരിച്ചറിവ് കുറച്ചു പേർക്കെങ്കിലും ഉണ്ടാകട്ടെ എന്ന് ഈ ഡോക്ടർസ് ദിനത്തിൽ പ്രത്യാശിക്കുന്നു. അടുത്ത ഡോക്ടർസ് ഡേയിൽ എങ്കിലും സമൂഹത്തിലെ നല്ല മാറ്റങ്ങളെ അഭിനന്ദിച്ചു ഒരു പോസ്റ്റിടാൻ ഡോക്ടർ സമൂഹത്തിന് സാധിക്കട്ടെ.
മറുനാടന് മലയാളി ബ്യൂറോ