തിരുവനന്തപുരം: ചികിത്സയ്ക്കായെത്തിയ യുവതിയെ ഡോക്ടർ പീഡിപ്പിച്ച സംഭവം ഒതുക്കി തീർക്കാൻ പൊലീസിന്റെ ശ്രമം. ഇതിന്റെ ഭാഗമായി യുവതിയുടെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്നാണ് ഭീഷണി. യുവതിയോട് അപമര്യാദയായി പെരുമാറിയതറിഞ്ഞ് അവിടെ എത്തിയവർ ഡോക്ടറെ കൈകാര്യം ചെയ്തിരുന്നു. ഇതിനിടയിൽ ഡോക്ടറുടെ മുതുകിൽ മർദ്ദനമേറ്റിരുന്നു. ഇവിടെ ഒടിവുണ്ട് എന്ന് കാട്ടി യുവതിയുടെ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് ഭീഷണി. കേസ് പിൻ വലിച്ചാൽ ഇത്തരത്തിൽ കേസെടുക്കില്ലെന്നാണ് യുവതിയോടും ബന്ധുക്കളോടും പറഞ്ഞിരിക്കുന്നത്. സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും മൊഴിയെടുത്തതല്ലാതെ കേസിൽ എഫ്.ഐ.ആർ രേഖപ്പെടുത്തിയിട്ടില്ല. ഉന്നത സ്വാധീനമുപയോഗിച്ച് ഡോക്ടർ കേസൊതുക്കി തീർക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ യുവതി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകാനൊരുങ്ങുകയാണ്.

കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കായി എത്തിയ യുവതിയെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ആര്യനാട് ഉഴമലയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കനകരാജാണ് ചികിത്സയ്ക്കായി എത്തിയ യുവതിയെ കയറിപ്പിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഉഴമലയ്ക്കൽ സ്വദേശിനിയായ 22 കാരി മൂത്രത്തിൽ അണുബാധയെന്ന രോഗവുമായിട്ടായിരുന്നു ഡോക്ടറെ കാണാൻ എത്തിയത്. ഡോക്ടറോട് രോഗ വിവരം പറഞ്ഞപ്പോൾ കൂടെ ആരെങ്കിലും വന്നിട്ടിണ്ടോ എന്ന് ചോദിച്ചു. തനിച്ചാണ് വന്നതെന്ന് പറഞ്ഞപ്പോൾ അകത്തേക്ക് വരൂ വിശദമായി പരിശോദിക്കണെമെന്ന് പറഞ്ഞു. ഇത് കേട്ട യുവതി മറ്റാരും ഒപ്പമില്ലാത്തതിനാലും നഴ്‌സില്ലാത്തതുകൊണ്ടും പരിശോദിക്കേണ്ട മരുന്ന് തന്നാൽ മതിയെന്ന് പറഞ്ഞു. പിന്നെന്തിനാണ് ഞ്ങ്ങൾ എം.ബി.ബി.എസും എടുത്ത് ഇവിടിരിക്കുന്നത് എന്നും മരുന്ന് വേണമെങ്കിൽ അകത്തേക്ക് വരാനും പറഞ്ഞു. പരിശോദനാ മുറിയിലേക്ക് കയറിയ ഉടൻ വാതിൽ ഡോക്ടർ അടച്ചു. എന്നിട്ടി യുവതിയുടെ വസ്ത്രങ്ങൾ മാറ്റി പരിശോദിക്കാൻ തുടങ്ങി.

പരിശോദനയ്ക്കിടയിൽ തുടയിലും സ്വകാര്യ ഭാഗങ്ങളിലും പലവട്ടം അനാവശ്യമായി തൊട്ടതോടെ പെൺകുട്ടി പരിശോദന നിർത്താൻ പറഞ്ഞു. എന്നാൽ ഇയാൾ വീണ്ടും സ്വകാര്യഭാഗങ്ങളിൽ പിടിക്കാൻ തുടങ്ങി. ഇതോടെ യുവതി അലറി വിളിച്ചു കൊണ്ട് ഡോക്ടറെ തള്ളി മാറ്റി പുറത്തേക്ക് ഓടി. പുറത്തെത്തിയ യുവതി സംഭവം നഴ്‌സിനോട് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് രോഗികളും ഒപ്പമുണ്ടായിരുന്നവരും വിവരം തിരക്കി അറിഞ്ഞു. സംഭവം അറിഞ്ഞതോടെ നാട്ടുകാരും രോഗികളും ചേർന്ന് ഡോക്ടറെ കൈകാര്യം ചെയ്തു. പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ മുൻപും ഇത്തരത്തിൽ യുവതികളോട് പെരുമാറിയിട്ടുണ്ടെന്ന് ആശുപത്രി ജീവനക്കാർ തന്നെ പറഞ്ഞു. ഒരു വർഷമായിട്ടേയുള്ളൂ ഇയാൾ ഉഴമലയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയിട്ട്. വനിതാ ജീവനക്കാരോടും ഇയാൾ അശ്ലീല വർത്തമാനം പറയുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. രോഗികളായെത്തിയ നിരവധി യുവതികൾക്കും ഇത്തരത്തിൽ ഇയാളുടെ പീഡനമേറ്റിട്ടുണ്ടെന്നാണ് സൂചന. ആത്മാഭിമാനം ഓർത്ത് അവരാരും ഇക്കാര്യം പുറത്ത് പറയാൻ തയ്യാറായിട്ടില്ല.

ഡോക്ടറെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെത്തുവെങ്കിലും അറസ്റ്റ് ചെയ്യാൻ ഇതുവരെയും പൊലീസ് തയ്യാറായിട്ടില്ല. കൂടുതൽ ചോദ്യം ചെയ്തിട്ട് മാത്രമേ അറസ്റ്റ് ചെയ്യാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. അതേ സമയം കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. യുവതിയുടെ മൊഴി എടുത്തെങ്കിലും അത് ബന്ധുക്കൾക്ക് കൈമാറാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. പൊലീസ് സ്റ്റേഷനിൽ വച്ച് ഒത്തു തീർപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പീഡനമേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചിക്തിസ തേടി. ഡോക്ടർക്ക് മാനസിക രോഗമുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.