പത്തനാപുരം: പത്തനാപുരം ഗവൺമെന്റ് ആയുർവേദ ആശുപത്രി വൃത്തിയാക്കാത്തതിന് ഡോക്ടർമാർ എംഎൽഎ ഗണേശ്‌കുമാർ ശകാരിച്ച വീഡിയോ സൈബർ ഇടങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഗണേശിന്റെത് വെറും ഷോയാണെന്ന വിമർശനവും ഇതിനിടെ ഉയർന്നിരുന്നു. എംഎൽഎ വെറുതേ ഷോ കാണിച്ചു പോയാൽ പോരെന്നാണ് ആയുർവേദ ഡോക്ടർമാരുടെ പക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ ആരോഗ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചു.

ആയുർവേദ ഡോക്ടർമാരുടെ സംഘടനകളാണ് ആരോഗ്യ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചു. ആയുർവേദ ഡോക്ടർമാരുടെ സംഘടനകളായ കേരള സ്റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും കേരള ഗവൺമെന്റ് ആയുർവേദ മെഡിക്കൽ അസോസിയേഷനുമാണ് ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയത്. തലവൂർ ആശുപത്രിയിൽ കെ ബി ഗണേശ് കുമാർ നടത്തിയത് ഷോയാണെന്നാണ് ഡോക്ടർമാരുടെയും ജീവനക്കാരുടെയും വിമർശനം.

ആശുപത്രി നന്നാകണമെങ്കിൽ ആവശ്യത്തിന് ജീവനക്കാർ ആവശ്യമാണെന്ന് ഇവരുടെ പരാതിയിൽ പറയുന്നു. സർക്കാർ ആയുർവേദ കോളേജുകളിൽ ആവശ്യത്തിന് ജീവനക്കാരില്ല. കഴിഞ്ഞ ബജറ്റിൽ 180 തസ്തിക പ്രഖ്യാപിച്ചെങ്കിലും ഒരാളെപ്പോലും നിയമിച്ചിട്ടില്ല. 125 ആയുർവേദ ആശുപത്രികളിൽ 35 ഇടത്താണ് തെറാപിസ്റ്റ് തസ്തികയുള്ളത്. ശുചീകതരണത്തിന് മിക്കയിടത്തും ഒരാൾ മാത്രം.

കണ്ണൂർ ഇളയാവൂർ ആശുപത്രി ഉദ്ഘാടനം ചെയ്തെങ്കിലും ജീവനക്കാരില്ല. ഇടുക്കിയിൽ 36 ഇടത്തും ഫാർമസിസ്റ്റ് ഒഴിവുണ്ട്. 35 ഡിസ്പെൻസറികളിൽ ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിച്ചിട്ടുമില്ല. പത്ത് കിടക്കയുള്ള 51 ആശുപത്രികളിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. 70 മെഡിക്കൽ ഓഫീസർ തസ്തികകളാണ് സംസ്ഥാനത്തൊട്ടാകെ ഒഴിവുള്ളത്.ഗണേശ് കുമാറിന്റെ ചൂലെടുക്കൽപത്തനാപുരത്ത് അടുത്തിടെ നിർമ്മിച്ച സർക്കാർ ആശുപത്രിയിലെ വൃത്തിഹീനത കണ്ടാണ് ഗണേശ് കുമാർ എംഎൽഎ രോഷാകുലനായത്.

ആശുപത്രി ജീവനക്കാരോട് ദേഷ്യപ്പെട്ട ഗണേശ് കുമാർ ഇവരുടെ മുന്നിൽ വെച്ച് ആശുപത്രി മുറി ചൂലെടുത്ത് തൂത്തുവാരി. എംഎൽഎ ഫണ്ടിൽ നിന്നും മൂന്ന് കോടി ചെലവഴിച്ച് നിർമ്മിച്ച് ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുർവേദ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രി മുഴുവൻ പരിശോധിച്ച ഗണേശ് കുമാർ സ്ഥാപനത്തിലെ പൊടിയും അഴുക്കും ഓരോന്നായി ചൂണ്ടിക്കാണിച്ചു. പശു കിടക്കുന്നിടം തൊഴുത്തും പട്ടി കിടിക്കുന്നിടം പട്ടിക്കൂടുമാണെന്നും അദ്ദേഹം ദേഷ്യത്തോട് ജീവനക്കാരോട് പറഞ്ഞു. നിങ്ങളുടെ വീട് ഇത്തരത്തിലാണോ സൂക്ഷിക്കാറെന്നും ഗണേശ്‌കുമാർ ചോദിച്ചു.