കണ്ണൂർ: റോഡിൽ തുപ്പുന്ന രീതി അൽപം കൂടുതലുള്ളവരാണ് മലയാളികൾ. മുറുക്കാൻ തുപ്പൽ മുതൽ സാധാരണ തുപ്പൽ വരെ റോഡരികു മുതൽ ബസ് സ്റ്റാൻഡുകളുടേയും മറ്റ് പൊതു സ്ഥലങ്ങളുടേയും പ്രധാന ഭാഗങ്ങളിൽ സ്ഥാനം പിടിക്കുകയാണ്.

അതിനിടെയാണ് ഈ സംസ്‌കാരത്തിനെതിരെ ആഞ്ഞടിച്ച് പ്രഫസറുടെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നത്. ഫിസിക്‌സ് അദ്ധ്യാപകനായ ദിലീപ് മമ്പള്ളീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്.

ദിലീപ് മമ്പള്ളിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

എനിക്ക് സ്റ്റാന്റിൽ നിർത്തിയിട്ട ബസ്സിന്റെ അരികിലൂടെ നടക്കാൻ പേടിയാണ്. എപ്പോഴാണ് ഒരു തുപ്പൽ തലയിൽ വന്നു പതിക്കുന്നതെന്ന് പറയാൻ പറ്റില്ല. അതുപോലെ, നമ്മുടെ ടൗണിലെ റോഡിലൂടെയും സ്റ്റാന്റിലൂടെയും ട്രോളിപോലെയുള്ള ബാഗുകൾ വലിച്ചുകൊണ്ട് പോകുക അത്ര ബുദ്ധിയല്ല. കാരണം ഇതിന്റെ ചക്രങ്ങൾ തുപ്പലുകളിലൂടെ കയറി ഇറങ്ങിക്കൊണ്ടേയിരിക്കും.

ഉത്തരേന്ത്യയിൽ പൊതുകെട്ടിടങ്ങളുടെ മൂലകളും മറ്റും തുപ്പലേറ്റു ചുവന്നിരിക്കുന്നത് കണ്ടിട്ടുണ്ട്. ഒരല്പം കുറവാണെങ്കിലും, തുപ്പുന്ന കാര്യത്തിൽ നാം മലയാളികളും അത്ര പിന്നിലല്ല. ഒരാൾ തുപ്പിയ അതെ സ്ഥലം ലക്ഷ്യമാക്കി നാം തുപ്പിക്കൂട്ടുന്നില്ല എന്നതാണ് പ്രധാന വ്യത്യാസം.

ആളുകൾ എന്തിനാണ് ഇടക്ക് ഇങ്ങനെ തുപ്പിക്കൊണ്ടിരിക്കുന്നത്? ചിലർക്ക് ഇടക്ക് ഒന്ന് തുപ്പുന്നത് ഒരു സ്‌റ്റൈൽ പോലെയാണ്. ബസ്-സ്റ്റാന്റിലൊക്കെ നിൽക്കുമ്പോൾ ഇത്തരക്കാരെ വീക്ഷിക്കാൻ കഴിയും. സംസാരിച്ചു നിക്കുമ്പോൾ അവർ ഇടക്കൊന്നു തുപ്പും. കളിച്ച് ചിരിച്ചു നിൽക്കുന്നയിടക്ക് ഒരു തുപ്പ്. ബസ്സിൽ കയറുന്നതിന് മുൻപ് മറ്റൊരു തുപ്പ്. ബസ്സിൽ ഇരിക്കുമ്പോൾ വീണ്ടും ദേ, ഒരു തുപ്പ്!

ജലദോഷവും മറ്റും ഉള്ളപ്പോൾ ഇങ്ങനെ തുപ്പാൻ തോന്നാറുണ്ട്. പക്ഷെ അതെങ്ങനെ ടാറിട്ട സ്ടാന്റിലും ആളുകൾ നിൽക്കുന്ന സ്ഥലത്തും ചെയ്യാൻ തോന്നുക? വല്ല ഓടയിലോ, പറമ്പിലോ, ടോയിലറ്റിലോ ആണെകിൽ ആശ്വസിക്കാം. ടോയിലറ്റിലേ, മൂത്രം ഒഴിച്ചുകഴിയുമ്പോഴുള്ള ആ തുപ്പ് തൽക്കാലം അവിടെ നിൽക്കട്ടെ.

വേറൊരു കാര്യം, സ്ത്രീകൾ ഇങ്ങനെ പൊതുസ്ഥലത്ത് തുപ്പാറില്ല എന്നതാണ്. നിങ്ങൾക്കും ഇത് നിരീക്ഷിക്കാം. തുപ്പുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് വളരെ വളരെ കുറവായിരിക്കും. എന്തായിരിക്കും ഇതിന്റെ കാരണം?

തുപ്പലിലെ ലിംഗ-വ്യത്യാസത്തിനു കാരണം തുപ്പൽ സംസ്‌കാരത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണോ? ഉദാഹരണത്തിന് വെറ്റിലമുറുക്കൽ എന്ന പരിപാടി. അങ്ങനെയെങ്കിൽ വെറ്റില മുറുക്കുന്നത് കൂടുതലും പുരുഷന്മാരാണോ എന്ന് നോക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷെ ആയിരിക്കാം. മാത്രമല്ല, പാൻ തുടങ്ങിയ വസ്തുക്കളും കൂടുതൽ ഉപയോഗിക്കുന്നത് പുരുഷന്മാരാണല്ലോ (നിരീക്ഷണം). ഇനി തുപ്പലിനു മറ്റെന്തെങ്കിലും മാനങ്ങളുണ്ടോ? ഇടക്കൊന്നു തുപ്പുന്നത് ഒരു ''ആണത്തം'' കാണിക്കാനുള്ള വല്ല സംഭവുമായി വല്ല സിനിമകളോ മറ്റോ മലയാളികളെ പഠിപ്പിച്ചതാണോ?

ആളുകൾ എന്തുകൊണ്ടോ തുപ്പി ശീലിച്ചതാണ്. അവർ വെറ്റില മുറുക്കാതെയും, പാൻ ചവക്കാതെയും വെറുതെ ഇടക്ക് തുപ്പുന്നു. അങ്ങനെ ഇതൊരു ആചാരം ആയിമാറി.

തുപ്പൽ കർമ്മം ഒരു അനിവാര്യതയല്ല എന്നാണ് സ്ത്രീകളുടെ പൊതുസ്ഥലത്തെ തുപ്പാതിരിക്കൽ കാണിക്കുന്നത്. തുപ്പലിലെ ലിംഗവ്യത്യാസം എന്തുകൊണ്ട് എന്നത് ഈ അനാചാരത്തെ എങ്ങനെ ഡീൽ ചെയ്യണം എന്നിന് ഉത്തരം നൽകും.

തുപ്പൽ ആചാരം നിർത്താൻ ഏറ്റവും നല്ല വഴി തുപ്പുന്നവരുടെ പേഴ്‌സിൽ പിടിക്കുക എന്നതാണ്. സർക്കാരിന് ഒരു വരുമാനം ആകുകയും ചെയ്യും. മറ്റുള്ളവർക്ക് തുപ്പലിൽ ചവിട്ടാതെ നടക്കുകയും ചെയ്യാം.