തിരുവനന്തപുരം: മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിനുള്ള വാക്‌സിൻ വാങ്ങിക്കൂട്ടി മരുന്നു കമ്പനികളെ സഹായിച്ച കേസിൽ ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർ ഡോ. വി.കെ. രാജനും തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ(ഡിഎംഒ) ആയിരുന്ന ഡോ. ഷൈലജയ്ക്കും തടവും പിഴയും. ഇരുവർക്കും അഞ്ചു വർഷത്തെ തടവുശിക്ഷയും 52 ലക്ഷം രൂപയുടെ പിഴയുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളായിരുന്ന പി.സദാശിവൻ നായർ, കെ.മുഹമ്മദ് എന്നിവരെ വിറുതെ വിട്ടു.

2002-03 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മരുന്നു കമ്പനികളെ സഹായിക്കാനായി തലസ്ഥാന ജില്ലയ്ക്കുവേണ്ടി അനാവശ്യമായി ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനുകൾ വാങ്ങിക്കൂട്ടുകയായിരുന്നു. ഈ മരുന്നുകൾ ശരിയായവിധം സൂക്ഷിക്കാനും സംവിധാനം ഒരുക്കിയില്ല. വാക്സിൻ സംഭരണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കൂടുതൽ രേഖകൾ പുറത്തു വന്നതോടെയാണ് ആരോഗ്യവകുപ്പ് ഉന്നതരുടെ താൽപര്യങ്ങൾ മറനീക്കി പുറത്തുവന്നത്.

വിജിലൻസിൽ എസ്‌പിമാരായിരുന്ന ആർ. സുകേശനും ഗോപകുമാറും ചേർന്നാണ് കേസ് അന്വേഷിച്ചത്. ഒന്നര കോടി രൂപയുടെ മരുന്ന് ആവശ്യമില്ലാതെ വാങ്ങിക്കൂട്ടിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയ്ക്കായി തയാറാക്കിയ വാക്സിൻ ഇന്റന്റിൽ വെട്ടിത്തിരുത്തലുകൾ വരുത്തിയാണ് അനാവശ്യമായി മരുന്നുകൾ വാങ്ങിക്കൂട്ടിയത്.

എന്നാൽ ഈ വാക്‌സിനുകൾ ശരിയായി സൂക്ഷിക്കാനുള്ള സംവിധാനം ആരോഗ്യവകുപ്പിനില്ലായിരുന്നു. ഈ വാക്‌സിനുകൾ സൂക്ഷിക്കാനായി പ്രത്യേക ശീതികരണി സംവിധാനം വേണ്ടിയിരുന്നു. ഇത് ഒരുക്കുന്നതിനു പകരം സാധാരണ ഫ്രീസകളുകളിലാണ് മരുന്നുകൾ സൂക്ഷിച്ചത്. പിന്നീട് കല്ലിയൂർ പഞ്ചായത്തിൽ ഈ മരുന്നുകൾ ഉപയോഗിച്ചവർക്ക് ദേഹ്വാസ്ഥ്യവും ഛർദ്ദിയും അടക്കമുള്ള പ്രശ്‌നങ്ങൾ ഉണ്ടാവുകയും വൻ വിവാദമായി മാറുകയുമായിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുന്നത്. 2005 ലാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

വാക്‌സിൻ കമ്പനികളെ അതിരുവിട്ടു സഹായിച്ചതിനു പുറമേ, ഈ വാക്‌സിനുകൾ ഉപയോഗിക്കാൻ തയാറാകാത്ത ഡോക്ടർമാർക്കെതിരേ അച്ചടക്ക നടപടി എടുക്കുമെന്ന ഭീഷണിയും മുഴക്കുകയുണ്ടായി. വാക്‌സിൻ സ്റ്റോറിലെ നാല് ഉദ്യോഗസ്ഥർക്കും മറ്റു ചില ഉന്നതർക്കും ഇതിലെ പങ്കു വ്യക്തമായിരുന്നു. സംഭവം മാധ്യമങ്ങൾ വൻ വാർത്തയാക്കിയതിനെ തുടർന്ന് ഡിഎംഒ ആയിരുന്ന ഡോ. ഷൈലജ സ്വന്തം നിലയിൽ അന്വേഷണം നടത്തി.

ക്രമക്കേടുകൾ കാട്ടിയ ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടിക്കൊണ്ട് ആരോഗ്യ ഡയറക്ടറായിരുന്ന ഡോ. വി.കെ. രാജന് 2003 മെയ്‌ 20നു ഷൈലജ റിപ്പോർട്ട് നൽകി. വാക്സിൻ അധികമാണെന്നും വിതരണം നിർത്തിവയ്ക്കണമെന്നും കാണിച്ചു മൂന്നു കമ്പനികൾക്കും ഡിഎംഒ ഉത്തരവു നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടും, വിതരണം നിർത്തിവയ്ക്കാനുള്ള നോട്ടീസും പൂഴ്‌ത്തിവച്ചുകൊണ്ടാണു ഷൈലജയെക്കൂടി കേസിൽ പ്രതി ചേർത്തത്.