തിരുവനന്തപുരം: ഒന്നരകോടിയുടെ വാക്‌സിൻ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും അസുഖത്തിന്റെ പേരിൽ ആശുപത്രിയിൽ തുടർന്ന ആരോഗ്യവകുപ്പ് മുൻ ഡയറക്ടർമാരെ കോടതി ഇടപെട്ടു ജയിലെത്തിച്ചു. മഞ്ഞപ്പിത്ത വാക്‌സിൻ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ആരോഗ്യവകുപ്പ് മുൻ ഡയറക്ടർമാരായ ഡോ. രാജൻ, ഡോ. ശൈലജ എന്നിവരാണ് കോടതി ശിക്ഷ വിധിച്ചിട്ടും ജയിലിൽ പോകാൻ മടികാണിച്ച് അസുഖമെന്ന പേരിൽ ആശുപത്രിയിൽ തുടർന്നത്. ഡോ. ഷൈലജയെ വനിത ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. ഡോ. രാജനെ ആശുപത്രി സെല്ലിലേക്ക് മാറ്റാനും കോടതി നിർദേശിച്ചു.

തലസ്ഥാന ജില്ലയ്ക്കുവേണ്ടി അനാവശ്യമായി വാക്‌സിനുകൾ വാങ്ങിക്കൂട്ടിയതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ചൊവ്വാഴ്ച രണ്ടു പ്രതികൾക്കും അഞ്ചു വർഷം തടവുശിക്ഷയും 52 ലക്ഷം രൂപ പിഴയും വിധിച്ചത്. എന്നാൽ ഇവർ ജയിലിൽ പോകാതെ ഗുരുതര അസുഖമുണ്ടെന്ന പേരിൽ ആശുപത്രിയിൽ അഡ്‌മിറ്റാകുകയായിരുന്നു. ഇവരെ പിന്നീടു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. എന്നാൽ കോടതി നടത്തിയ പരിശോധനയിൽ പ്രതികൾക്ക് ആരോഗ്യ പ്രശ്‌നമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഇരുഡോക്ടർമാരെയും ആദ്യം ഫോർട്ട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളെജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഫോർട്ട് ആശുപത്രിയിലെ ഡോ. പ്രിയങ്ക, മെഡിക്കൽ കോളെജ് ആശുപത്രിയിലെ ഡോ. രാജശേഖരൻ എന്നിവർ പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തോ എന്ന് ഇന്നലെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇവരെ ജയിലിൽ പോകാതെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തതിൽ കോടതി ഇന്നലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

തുടർന്ന് ഇരുവർക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നു വ്യക്തമാക്കി മെഡിക്കൽ കോളജ് സൂപ്രണ്ട് വിജിലൻസ് കോടതിയിൽ ഇന്നു മൊഴി നല്കി. ഇതിനെതുടർന്ന് കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷ വിമർശനമാണ് ഉണ്ടായത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ എന്തിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കോടതി ചോദിച്ചു. ഡോ. രാജൻ, ഡോ. ശൈലജ എന്നിവരുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് ഇന്നുതന്നെ ഹാജരാക്കണമെന്നും ശ്രീചിത്ര മെഡിക്കൽ സെന്റർ ഡയറക്ടർക്ക് കോടതി നിർദ്ദേശം നൽകി. വൈദ്യ പരിശോധന നടത്തുമ്പോൾ ഡോക്ടർമാർ ഒത്തുകളിച്ചെന്ന് ബോധ്യമായാൽ വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി ഇന്നലെ നൽകിയിരുന്നു. തുടർന്ന് ശ്രീചിത്രയിലെ ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ ഷൈലജയ്ക്കും രാജനും ഗുരുതര അസുഖങ്ങളില്ലെന്നു വ്യക്തമായി.

കോടതി കഴിഞ്ഞദിവസം ശിക്ഷിച്ച പ്രതികളെ ഡോക്ടർമാരുടെ നിർദേശപ്രകാരം ഹൃദ്രോഗ തീവ്രപരിചരണ വിഭാഗത്തിലും മെഡിക്കൽ ഐസിയുവിലും പ്രവേശിപ്പിച്ചിട്ടുള്ളതായി വഞ്ചിയൂർ എസ്‌ഐ അശോക് കുമാർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ച കോടതി കേസ് അന്വേഷിച്ച വിജിലൻസ് എസ്‌പിയുടെ റിപ്പോർട്ട് ഒരു മണിക്കൂറിനകം നേരിട്ടു നൽകണമെന്നു നിർദേശിച്ചു. വൈദ്യ പരിശോധനയ്ക്കു പ്രതികളെ കൊണ്ടുപോയ പൊലീസുകാരെ ഡോക്ടർമാർ ഭീഷണിപ്പെടുത്തിയെന്നും കോടതി ഉത്തരവു നടപ്പിലാക്കാൻ അനുവദിച്ചില്ല എന്നുമാണ് എസ്‌പി കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

2002 അവസാനമായിരുന്നു ക്രമക്കേട് നടന്നത്. ഡോ. രാജൻ ആ സമയത്ത് ആരോഗ്യവകുപ്പ് ഡയറക്ടറും ഡോ. ഷൈലജ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറും ആയിരുന്നു. തിരുവനന്തപുരം ജില്ലയിൽ പ്രതിരോധ കുത്തിവെപ്പിനുള്ള വാക്‌സിൻ ഇന്റന്റിൽ വെട്ടിത്തിരുത്തലുകൾ വരുത്തി മരുന്നുകൾ വാങ്ങിക്കൂട്ടുകയായിരുന്നു. പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരിൽ പലരെയും ഭീഷണിപ്പെടുത്തിയാണ് ഹെപ്പറ്റൈറ്റിസ് ബി മരുന്നിനുള്ള ഇന്റന്റ് എഴുതിവാങ്ങിയത്. ഇതാണ് പിന്നീട് തിരുത്തിയത്. പേ വിഷബാധയ്ക്കുള്ള അഭയ്‌റാബും ഇത്തരത്തിൽ അനാവശ്യമായി സംഭരിച്ചു. 1999 മുതൽ 2004 വരെ ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന വി.കെ. രാജന്റെയും ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. കെ. ഷൈലജയുടെയും നേതൃത്വത്തിലാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കിയതെന്നാണ് കേസ്. 2010ൽ ആണു വിജിലൻസ് അന്വേഷണം പൂർത്തിയാക്കി എസ്‌പി: സുകേശൻ റിപ്പോർട്ട് നൽകിയത്.