ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 65 വയസാക്കി ഉയർത്തി കേന്ദ്രസർക്കാർ ഉത്തരവിട്ടു. നിലവിൽ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 വയസാണ്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

എന്നാൽ ഈ തീരുമാനം കേന്ദ്ര ആരോഗ്യ സർവീസിലുള്ള ഡോക്ടർമാർക്ക് ബാധകമാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വർഷം ജൂലൈയിൽ സിആർപിഎഫ്, ബി.എസ്.എഫ് തുടങ്ങിയ അർദ്ധ സൈനിക വിഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 65 ലേക്ക് ഉയർത്തിയിരുന്നു.

സർക്കാർ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 65 വയസാക്കി ഉയർത്തുമെന്ന് എൻ.ഡി.എ. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിലെ സഹറൻപൂരിൽ സംഘടിപ്പിച്ച റാലിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.