- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരം തുടർന്ന് മെഡിക്കൽ പിജി വിദ്യാർത്ഥികൾ; എല്ലാം ചെയ്തെന്ന് പറഞ്ഞ് വിട്ടുവീഴ്ചയില്ലാതെ സർക്കാറും; ഇരുവിഭാഗവും നിലപാടിൽ തുടരുമ്പോൾ ആശുപത്രികളിൽ വൻ പ്രതിസന്ധി; വലയുന്നത് ആശുപത്രിയിലെത്തുന്ന ആയിരങ്ങൾ
തിരുവനന്തപുരം: ഗവ.മെഡിക്കൽ കോളജുകളിലെ പിജി വിദ്യാർത്ഥികൾ സമരം ശക്തമായി തുടരുന്നതും വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ നിന്നു സർക്കാർ പിന്മാറാത്തതും മൂലം രോഗികൾ ദുരിതത്തിൽ. കോവിഡ് വാർഡുകളെ വിദ്യാർത്ഥികൾ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ തീവ്രപരിചരണ വിഭാഗം, അത്യാഹിത വിഭാഗം, ലേബർ റൂം എന്നിവിടങ്ങളിലെ ഡ്യൂട്ടി ബഹിഷ്‌കരണം തുടരുന്നു. മെഡിക്കൽ കോളജുകളിൽ അത്യാഹിത വിഭാഗത്തിൽ നല്ലൊരു ഭാഗവും പിജി വിദ്യാർത്ഥികളാണ് ഡ്യൂട്ടി ചെയ്തിരുന്നത്.
സംസ്ഥാനത്ത് ഏതാണ്ട് 2000 പിജി ഡോക്ടർമാർ ഉണ്ട്. ഇവർ കൂട്ടത്തോടെ വിട്ടു നിൽക്കുന്നതിനാൽ അടിയന്തര ചികിത്സ ഉറപ്പാക്കാൻ മറ്റു ഡോക്ടർമാർക്കു സാധിക്കുന്നില്ല. അതിനാൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്താൽ മതിയെന്നു ജില്ല, ജനറൽ ആശുപത്രി മേധാവികൾക്കു സർക്കാർ വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണു വിവരം.
അതേസമയം, സമരം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോടു നിർദേശിച്ചു. അറ്റൻഡൻസ് ഇല്ലാത്തവർക്കു പരീക്ഷ എഴുതാനാകില്ലെന്നും സ്‌റ്റൈപൻഡ് ലഭിക്കില്ലെന്നുമാണു കത്തിൽ പറയുന്നത്. അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പു വയ്ക്കാതെയാണു വിദ്യാർത്ഥികളുടെ സമരം. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവരും പ്രതിഷേധത്തിന്റെ ഭാഗമായി അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടുന്നില്ല. ഭീഷണിയിലൂടെ വരുതിയിലാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരും ഹൗസ് സർജന്മാരും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നാലുദിവസം പിന്നിട്ട് ഡോക്ടർമാരുടെ നിൽപു സമരം
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലുള്ള ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന നിൽപു സമരം 4 ദിവസം പിന്നിട്ടു. ഇന്നലെ ആലപ്പുഴ ജില്ലാ കമ്മിറ്റിയാണു പ്രതിഷേധം സംഘടിപ്പിച്ചത്.
ഇന്ന് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണു സമരം. മറ്റു മേഖലകളിൽ പുതിയ തസ്തികകൾക്ക് വേണ്ടി ഉയർന്ന ശമ്പള സ്‌കെയിലുകൾ നിർണയിക്കുമ്പോൾ സ്വന്തം ആരോഗ്യം പോലും നോക്കാതെ ജോലി ചെയ്യുന്ന സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പ്രതിഷേധാർഹമാണെന്നു സമരക്കാർ
സമരംതീർപ്പാക്കാൻ വേണ്ടതെല്ലാം ചെയ്തു: വീണാ ജോർജ്
പിജി ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്തതായി മന്ത്രി വീണാ ജോർജ്. ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാൻ 373 നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരെ നിയമിക്കാൻ നിർദ്ദേശം നൽകി. നടപടിക്രമങ്ങൾ പാലിച്ച് നിയമനം പൂർത്തിയാക്കും. തീവ്രപരിചരണ അത്യാഹിത വിഭാഗങ്ങളിലെ ഡ്യൂട്ടി ബഹിഷ്‌ക്കരിച്ചുള്ള സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. അതിനോട് യോജിക്കാൻ കഴിയില്ല. ചർച്ചയിലൂടെ തീർന്ന സമരം നേതാക്കളെ മാറ്റിയാണ് ഇപ്പോൾ തുടരുന്നത്. ഒന്നാം വർഷം പിജി പ്രവേശനം നേരത്തെയാക്കണമെന്നത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിലെ തന്റെ സന്ദർശനത്തിന്റെ പേരിൽ അനാവശ്യ ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആദ്യമാസത്തിൽ തന്നെ അട്ടപ്പാടി സന്ദർശിച്ചു. ശിശുമരണത്തിൽ സർക്കാരിനെ വിമർശിച്ച കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയതിൽ തെറ്റില്ലന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ