ലണ്ടൻ: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പട്ടികടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയെ നോക്കുന്നതിൽ വീഴ്‌ച്ചവരുത്തിയ അമ്മയ്ക്കും വല്യമ്മയ്ക്കും തടവ്. ബ്രിട്ടനിലാണ് സംഭവം. മോളി മെയ് വോത്തർസ്പൂൺ എന്ന കുട്ടിയെ വീട്ടിൽ വളർത്തുന്ന പട്ടി കടിച്ച് കൊന്ന സംഭവത്തിന് ഉത്തരവാദികളായ അമ്മയായ 23കാരി ക്ലാരി റിലേ,വലിയമ്മയായ സൂസൻ ഓകോട്ട് എന്ന 56കാരിക്കുമാണ് രണ്ട് വർഷത്തെ തടവുശിക്ഷവിധിച്ചത്. 2014 ഒക്ടോബർ 3ന് ഈ ദാരുണ സംഭവം നടക്കുമ്പോൾ അമ്മയായ മോളി കുഞ്ഞിനെ നോക്കാതെ പബിൽ കറങ്ങി നടക്കുകയായിരുന്നു. കുട്ടിയെ നോക്കാനേൽപ്പിച്ച വലിയമ്മയാകട്ടെ അശ്രദ്ധ കാട്ടിയതിനാൽ കുട്ടിയെ പട്ടി കടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കൻ പിറ്റ് ബുൾ ബ്രൂയിസർ എന്ന ഇനത്തിൽ പെട്ട പട്ടിയാണ് മോളിയെ കടിച്ച് കൊന്നിരിക്കുന്നത്. നോർത്താംപ്ടൺ സ്വദേശികളാണിവർ.

തടവിന് പുറമെ ഇവക്ക് പട്ടികളെ വളർത്തുന്നതിന് 10 വർഷത്തേക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ നോർത്താംപ്ടൺ ക്രൗൺ കോർട്ടിൽ ഈ കേസുമായി ബന്ധപ്പെട്ട് നടന്ന വിചാരണയ്ക്കിടെയാണ് നിർണായകമായ ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. കോടതിയിലെത്തിയ ഇരുവരെയും ബന്ധുക്കൾ ദേഷ്യത്തോടെ വളഞ്ഞിരുന്നു. കോടതിയിലേക്ക് വിചാരണയ്ക്കായി ഇരുവരും തെരുവിലൂടെ നടന്നായിരുന്നു എത്തിയിരുന്നത്. വലിയ സൂസൻ ഓകോട്ട് ആളുകൾ തന്നെ കാണാതിരിക്കാനായി ഒരു ്രേഗ ബ്ലാങ്കറ്റ് പുതച്ചായിരുന്നു നടന്നിരുന്നത്.

ഇതിന് പുറമെ അവർ ഒരു കുട കൊണ്ട് മറച്ച് പിടിക്കുകയും ചെയ്തിരുന്നു.ക്ലാരി ആറ് മാസം ഗർഭിണിയാണ്. ഇവരെ ജൂലൈയിലും ഓഗസ്റ്റിലും വിചാരണയ്ക്ക് വിളിച്ചിരുന്നുവെങ്കിലും ആരോഗ്യക്കുറവ് കാരണം ഇവർക്ക് വിചാരണയ്‌ക്കെത്താൻ സാധിക്കാത്തതിനാൽ നീട്ടി വയ്ക്കുകയായിരുന്നു.

മോളിയെ കടിച്ച് കൊന്ന ബ്രൂയിസർ വിഭാഗത്തിൽ പെട്ട പട്ടിയെ വളർത്തുന്നത് ഡെയ്ഞ്ചറസ് ഡോഗ്‌സ് ആക്ട് പ്രകാരം നിരോധിച്ചതാണ്.പട്ടി കടിച്ചതിനെ തുടർന്ന് തലയിൽ ഗുരുതരമായി മുറിവേറ്റ് രക്തസ്രാവമുണ്ടായതിനെ തുടർന്നായിരുന്നു മോളി മരിച്ചത്. അടുക്കളയിലെ കൂട്ടിൽ നിന്നും രക്ഷപ്പെട്ട പട്ടി ലിവിങ് റൂമിന്റെ വാതിൽ തുറന്ന് അകത്തെത്തിയാണ് കുഞ്ഞിനെ ആക്രമിച്ചിരിക്കുന്നതെന്ന് നോർത്താംപ്ടൺ ക്രൗൺ കോടതിയിൽ വച്ച് നടന്ന വിചാരണയ്ക്കിടെ വെളിപ്പെട്ടിരുന്നു. തുടർന്ന് പ്രസ്തുത ലിവിങ് റൂമിൽ നിലത്ത് കളിച്ച് കിടന്നിരുന്ന കുഞ്ഞിനെ പട്ടി ആക്രമിക്കുകയായിരുന്നുവെന്നും ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.

അപകടകാരിയായ ഇനത്തിൽ പെട്ട പട്ടിയെ നിയന്ത്രിക്കാൻ സാധിക്കാത്ത ആളുള്ള വീട്ടിൽ ഇത്തരത്തിൽ അഴിച്ച് വിട്ടത് ഗുരുതരമായ കുറ്റമാണെന്നാണ് പ്രോസിക്യൂട്ടറായ ജെയിംസ് ഹൗസ് കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. കുട്ടിയെ പട്ടിയിൽ നിന്നും രക്ഷിക്കാൻ സൂസന് സാധിച്ചില്ലെന്നും വ്യക്തമായിരുന്നു. ഇരുവരും ആദ്യം കുറ്റം നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് മാപ്പപേക്ഷിച്ചിരുന്നു. വിചാരണയ്ക്ക് ശേഷം മോളിയെ കോടതിയിൽ നിന്നും ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടു പോവുകയായിരുന്നു.