മൃഗങ്ങളുടെ സഹജീവി സ്നേഹത്തിന് അടിവരയിടുന്ന ഒരു വീഡിയോ അർജന്റീനയിലെ കോർഡോബയിൽ നിന്നും യൂട്യൂബിലൂടെ പുറത്ത് വന്നിട്ടുണ്ട്. വെള്ളച്ചാട്ടത്തിൽ അകപ്പെട്ട് പോയ ഒരു നായയെ മറ്റൊരു നായ രക്ഷിക്കുന്ന വീഡിയോ ആണിത്. എന്നാൽ അപകടത്തിൽ പെട്ട നായ കടിച്ച് പിടിച്ചിരിക്കുന്ന കമ്പിന് വേണ്ടിയായിരുന്നു ഈ രക്ഷപ്പെടുത്തലെന്നും മറിച്ച് സഹാനുഭൂതിയല്ലെന്നുമുള്ള അഭിപ്രായവും ഉയർന്നിട്ടുണ്ട്. എന്തായാലും അത്ഭുതം ജനിപ്പിക്കുന്ന ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ജനുവരി 17ന് പബ്ലിഷ് ചെയ്തിരിക്കുന്ന ഈ വീഡിയോയിൽ ഒരു കറുത്ത നായ വെള്ളത്തിൽ ഒഴുകി നീങ്ങുന്ന ഒരു വടിയെ പിന്തുടർന്ന് ഓടുന്നത് കാണാം. തുടർന്ന് നായ ഒരു ചെറിയ ജലപ്രവാഹം മുറിച്ച് കടക്കുകയാണ്.തുടർന്ന് അത് വഴുക്കുള്ള ഒരു പാറയിൽ എത്തി വടി നേടുന്നുമുണ്ട്.

നായയുടെ സുഹൃത്തായ ഒരു മഞ്ഞക്കളറുള്ള നായ ഈ കാഴ്ചകളെല്ലാം ജിജ്ഞാസയോടെ നോക്കി നിൽക്കുകയാണ്. പെട്ടെന്നാണ് കറുത്ത നായ വഴുക്കുള്ള പാറയിൽ നിന്നും പുഴയിലേക്ക് കാൽ തെറ്റി വീണത്. എന്നാൽ ഒഴുക്കിൽ പെട്ടിട്ടും കറുത്ത നായ താൻ നേടിയ വടി കടിച്ച് പിടിക്കുന്നുണ്ട്.

ശക്തമായ ഒഴുക്കിൽ പെട്ട കറുത്ത നായയെ പുഴയിലെ ഒരു ചെറിയ കുഴിയിലേക്കെത്തിച്ചപ്പോൾ വീരനായകനെ പോലെ മഞ്ഞ നിറമുള്ള നായ മറ്റേ നായ കടിച്ച് പിടിച്ച വടിയിൽ കടിച്ച് വലിച്ച് കരയ്ക്ക് കയറ്റുകയാണ്. ഇരു മൃഗങ്ങളും വടിയിലെ കടി വിട്ടിരുന്നില്ല. തുടർന്ന് കറുത്ത നായ പാറയിൽ സുരക്ഷിതമായി എത്തുകയും ചെയ്തു. തുടർന്ന് കറുത്ത നായ വടിയിലെ കടി വിടുകയും വെള്ളത്തിൽ വീണ് തണുത്തതിനാൽ അത് വിറ പ്രകടിപ്പിക്കാൻ തുടങ്ങുകയുമുണ്ടായി. മഞ്ഞ നിറമുള്ള നായ ആ വടി കടിച്ചെടുത്ത് ഫ്രെയിമിൽ നിന്നും പുറത്തേക്ക്പോകുന്നത് കാണാം.