ബെയ്ജിങ്: ദോക് ലാമിലെ നിർമ്മാണ പ്രവർത്തനങ്ങളെ ന്യായീകരിച്ച് ചൈന രംഗത്ത്. ദോക് ലാം ചൈനയുടെ അധീനതയിലുള്ള പ്രദേശമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട കാര്യമില്ലെന്നുമാണ് ഇന്ത്യയെ സൂചിപ്പിച്ച് ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് അഭിപ്രായപ്പെട്ടത്.

'ദോക് ലാം ചൈനയുടെ അധീനതയിലുള്ളതാണ്. നിയമാനുസൃതമായ നിർമ്മാണ പ്രവർത്തങ്ങളാണ് സൈനികർക്ക് വേണ്ടി അവിടെ നടക്കുന്നത്. ദോക് ലാം പ്രദേശത്ത് താമസിക്കുന്നവരുടെ പുരോഗതിക്ക് വേണ്ടി കൂടിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ. അവിടെ റോഡുൾപ്പടെയുള്ളവ നിർമ്മിക്കുന്നതിൽ ഇന്ത്യയെന്തിനാണ് ആശങ്കപ്പെടുന്നത്. ഇത് ചൈനയുടെ ആഭ്യന്തര കാര്യമാണ്. ഇന്ത്യയുടെ ആഭ്യന്തരനിർമ്മാണ കാര്യങ്ങളിൽ ചൈന ഇടപെടാറില്ല. ആ മര്യാദ തിരിച്ചും കാണിക്കണം.' ലൂ കാങ് പറഞ്ഞു.

ദോക് ലാം മേഖലയിൽ വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് തെളിവായി പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളെ അംഗീകരിക്കാൻ ലൂ കാങ് തയ്യാറായില്ല. അതു സംബന്ധിച്ച വാർത്തകൾ താനും കണ്ടു. പക്ഷേ, അത്തരം ചിത്രങ്ങൾ ആരാണ് എടുക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തർക്കം നിലനിൽക്കുന്ന സ്ഥലത്ത് ചൈന വൻതോതിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നെന്ന് ഇന്ത്യൻ മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നതിനോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വക്താവ്. ദോക് ലാം വിഷയത്തിലുള്ള പ്രശ്നങ്ങൾ ചൈനയുമായുള്ള നയതന്ത്രചർച്ചയിലൂടെ പരിഹരിച്ചതായും വിഷയത്തിൽ ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം അറിയിച്ചിരുന്നു.