മീപകാലത്ത് ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു ദോഘ്‌ലാമിലേത്. ഭൂട്ടാന്റെ അതിർത്തിപ്രദേശത്ത് ഇന്ത്യൻ സേനയും ചൈനീസ് സേനയും മുഖാമുഖം നിന്നപ്പോൾ ഒരു യുദ്ധംതന്നെ ലോകം പ്രതീക്ഷിച്ചു. ഇരുസേനകളും തമ്മിലുള്ള ഉരസൽ 1962-ലേതിന് സമാനമായ സംഘർഷാവസ്ഥ വീണ്ടും ഉണ്ടാക്കുകയും ചെയ്തു. എന്നാൽ, ഏകപക്ഷീമായി ദോഘ്‌ലാമിൽനിന്ന് പിന്മാറാൻ ചൈന തീരുമാനിച്ചതോടെ, പ്രതിസന്ധിക്ക് അയവായി.

ഇന്ത്യൻ സേനയാണ് പിന്മാറിയതെന്ന് ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ചൈനീസ് സേനയും അവിടം വിട്ടതായാണ് റിപ്പോർട്ടുകൾ. രണ്ടുമാസം നീണ്ട സംഘർഷത്തിനൊടുവിൽ അതിർത്തി തർക്കമുപേക്ഷിച്ച് ചൈന സ്വന്തം മണ്ണിലേക്ക് തിരിച്ചുപോവുകയായിരുന്നു. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യൻ നയതന്ത്ര വിജയമായാണ് ഈ പിന്മാറ്റം ആഘോഷിക്കപ്പെടുന്നത്.

അതിർത്തി അവകാശവാദങ്ങളുമായി ചൈന ഇന്ത്യയെ അലോസരപ്പെടുത്തുന്നത് ആദ്യമല്ല. 2013-ൽ ദെപ്‌സാങ്ങിലും 2014-ൽ ചുമാറിലും ഇതുണ്ടായി. എന്നാൽ, ദോഘ്‌ലാം ഇതിൽനിന്നൊക്കെ വ്യത്യസ്തമാണ്. ചൈനീസ് സേന ഭൂട്ടാനിൽ പ്രവേശിക്കുകയും അതിർത്തി പുനർനിർണയിക്കാൻ ശ്രമിക്കുകയുമാണുണ്ടായത്. ഇന്ത്യയും മറ്റൊരു രാജ്യത്തേക്ക് സൈന്യത്തെ അയച്ചുവെന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൂട്ടാന്റെ അതിർത്തിയും ഇന്ത്യയുടെ സുരക്ഷയും സംരക്ഷിക്കുകയെന്ന ലക്ഷ്യവും അതിനുണ്ടായിരുന്നു.

ദോഘ്‌ലാമിൽ റോഡ് നിർമ്മിക്കുന്നതിനായിരുന്നു ചൈനയുടെ ശ്രമം. അതിനെ സമർഥമായി പ്രതിരോധിച്ച ഇന്ത്യ, ചൈനയുടെ വെല്ലുവിളിയെ ശക്തമായി നേരിട്ടു. ഒപ്പം എന്നും ഇന്ത്യയുടെ കൂടെ നിലകൊള്ളുന്ന ഭൂട്ടാന്റെ താത്പര്യങ്ങളും സംരക്ഷിച്ചു. ഭൂട്ടാന്റെ പുതിയ രക്ഷകരായി അവതരിക്കാനുള്ള ചൈനയുടെ ശ്രമം കൂടിയാണ് ഇതിലൂടെ ഇന്ത്യ പരാജയപ്പെടുത്തിയത്. അതുകൊണ്ടാണ് ഇത് നയതന്ത്ര തലത്തിലും വലിയ വിജയമാകുന്നത്.

അതിർത്തിയിലെ സൈനിക സാന്നിധ്യം വൻതോതിൽ ഉയർത്താനും ഇന്ത്യ തയ്യാറായി. വേണ്ടിവന്നാൽ, മഴക്കാലവും മഞ്ഞുകാലവും പൂർണമായും അവിടെച്ചെലവിടാൻ സജ്ജരായാണ് ഇന്ത്യ അവിടെനിലകൊണ്ടത്. 1962--ലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യയെന്ന് തുടക്കത്തിലേ പ്രഖ്യാപിച്ച് ചൈനയ്ക്കുമേൽ മാനസികമായി മുൻതൂക്കം നേടാനും ഇന്ത്യക്ക് സാധിച്ചു. ബ്രിക്‌സ് ഉച്ചകോടി നടക്കാനിരിക്കെ, അതിനുമുമ്പ് പ്രശ്‌നം പരിഹരിക്കുകയെന്ന ചൈനീസ് തന്ത്രത്തെ പരാജയപ്പെടുത്താനും ഈ നിലപാട് സഹായിച്ചു. ഒടുവിൽ, സ്വയംപിന്മാറി മുഖം രക്ഷിക്കേണ്ട നിലയിലേക്ക് ചൈന എത്തുകയായിരുന്നു.