ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെങ്കിൽ അതിർത്തിത്തർക്കത്തിലെ അവകാശവാദം പിൻവലിക്കാമെന്ന ചൈനയുടെ വാഗ്ദാനം ഭൂട്ടാൻ സ്വീകരിക്കില്ല. ചൈനയുടെ വാക്കുവിശ്വസിച്ച് ഇന്ത്യയെ തള്ളിപ്പറയുന്നത് ആത്മഹത്യാപരമാകുമെന്നാണ് ഭൂട്ടാൻ നയതന്ത്രജ്ഞരുടെ വിലയിരുത്തൽ.

ചൈനയുടെ വാക്കുവിശ്വസിച്ച് ഇന്ത്യയുമായുള്ള ബന്ധം വേണ്ടെന്നുവെക്കുകയാണെങ്കിൽ, അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റത്തിനാകും അത് വഴിവെക്കുകയെന്ന് ഭൂട്ടാൻ രാഷ്ട്രീയ നിരീക്ഷകരിലൊരാൾ പറഞ്ഞു. ദോഘ്‌ലാം ഉൾപ്പെടെയുള്ള തർക്കപ്രദേശം അതോടെ ചൈന കൈക്കലാക്കും. ഹാ, പാരോ, തിംബു തുടങ്ങിയ താഴ്‌വരകളിലും ചൈനീസ് അധിനിവേശം പ്രകടമാകുമെന്നും അദ്ദേഹം പറയുന്നു.

ഭൂട്ടാന്റെ തലസ്ഥാനമായ തിംബുവിലേക്കുള്ള പ്രധാന റോഡ് മാർഗം ഇല്ലാതാക്കാനും ചൈനീസ് സേനയ്ക്കാവും. ഇന്ത്യയിൽനിന്ന് ഭക്ഷ്യവസ്തുക്കളുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ കൊണ്ടുവരുന്നത് ഫ്യൂന്റ്‌ഷോലിങ്ങിലൂടെയാണ്. ഇവിടെനിന്നും തിംബുവിലേക്കുള്ള പ്രധാനമാർഗം അടയ്ക്കാൻ ചൈനയ്ക്കാവുമെന്നും അവർ കണക്കുകൂട്ടുന്നു.

കിഴക്കൻ മേഖലയിൽ 495 കിലോമീറ്ററും പടിഞ്ഞാറൻ മേഖലയിൽ 286 കിലോമീറ്ററുമാണ് ചൈന അവകാശവാദം ഉന്നയിക്കുന്നത്. തന്ത്രപ്രധാനമായ ദോഘ്‌ലാം പ്ലാറ്റൂ കൈമാറുകയാണെങ്കിൽ കിഴക്കൻ മേഖലയിലെ അവകാശവാദം ഉപേക്ഷിക്കാമെന്ന് ചൈന ഒരുവേള സമ്മതിച്ചിരുന്നു. ദോഘ്‌ലാം മേഖല അധീനതയിലായാൽ ഇന്ത്യക്കുമേൽ നിർണായക മുൻതൂക്കം നേടാനാവുമെന്ന് ചൈനയ്ക്കറിയാം.

എന്നാൽ, ദോഘ്‌ലാമിൽ ചൈനയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു നീക്കത്തിനും ഭൂട്ടാൻ കൂട്ടുനിൽകില്ല. ദോഘ്‌ലാം വിട്ടുകൊടുക്കുന്നത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് ചൈനീസ് കടന്നുകയറ്റം എളുപ്പമാക്കുമെന്നതുകൊണ്ടാണത്. തിംബുവിൽവരെ ചൈനീസ് സാന്നിധ്യം ഇതോടെ പ്രകടമാവുകയും ചെയ്യും. ഇന്ത്യയുടെയും ഭൂട്ടാന്റെയും അതിർത്തികളിൽ കൂടുതൽ റോഡുകൾ നിർമ്മിച്ച് യാത്ര എളുപ്പമാക്കുകയെന്നതാണ് ചൈനയുടെ ലക്ഷ്യമെന്ന് ഭൂട്ടാൻ വാരികയായ ഭൂട്ടാനീസ് മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

സാമ്പത്തികമായും സാമൂഹിക-രാഷ്ട്രീയ മേഖലകളിലും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ഭൂട്ടാൻ ഈ സാഹചര്യം മുതലെടുക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഭൂട്ടാനിലെ നാല് പ്രധാന ജലവൈദ്യുത പദ്ധതികൾക്ക് സാമ്പത്തിക സഹായ നൽകുന്നത് ഇന്ത്യയാണ്. അവിടെ ഉദ്പാദിപ്പിക്കുന്ന വൈദ്യുതി കൂടുതലായി വാങ്ങുന്നതും ഇന്ത്യതന്നെ. ഭൂട്ടാന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണിത്. ഇന്ത്യയെ ഭൂട്ടാൻ കൂടുതലായി ആശ്രയിക്കുന്നുവെന്നതാണ് ചൈനയെ അലോസരപ്പെടുത്തുന്ന കാര്യം. ഇതൊഴിവാക്കാൻ വലിയ വാദ്ഗാനങ്ങളുമായി രംഗത്തെത്തുകയാണ് അവർ.