ന്യൂഡൽഹി: അയൽരാജ്യമായ ഭൂട്ടാന്റെ പഞ്ചവൽസര പദ്ധതിക്കായി ഇന്ത്യ 4500 കോടി രൂപ നൽകുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. നഷ്ടപ്പെട്ട് പോയ അയൽ ബന്ധങ്ങൾ ഉഷാറാക്കുന്നതിൽ അവസാന നിമിഷം മേൽക്കൈ നേടുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മാലിദ്വീപിന് പിന്നാലെ ഭൂട്ടാനെയും ചൈനക്കെതിരെ ഇന്ത്യയുടെ ഒപ്പം നിർത്തിയുള്ള നയതന്ത്ര വിജയമാണ് മോദി പുതിയ നീക്കത്തിലൂടെ നേടിയിരിക്കുന്നത്. ഇന്ത്യയുടെ റൂപെ ക്രെഡിറ്റ് കാർഡ് ഇനി ഭൂട്ടാനിൽ ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും.

ഭൂട്ടാന്റെ 12ാം പഞ്ചവൽസര പദ്ധതിയിലേക്ക് 4500 കോടി രൂപ നൽകുമെന്ന പ്രഖ്യാപനമാണ് മോദി നടത്തിയിരിക്കുന്നത്. ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മോദി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നിർണായക സ്ഥാനത്ത് നിലകൊള്ളുന്ന ഭൂട്ടാനുമായി നല്ലൊരു ബന്ധമുണ്ടാക്കുന്നതിൽ മോദി ഇതിലൂടെ നിർണായകമായ നയതന്ത്ര നീക്കമാണ് നടത്തിയിരിക്കുന്നത്. ഉഭയകക്ഷി വ്യാപാരങ്ങളും സാമ്പത്തിക ബന്ധവും ശക്തിപ്പെടുത്തുന്നതിനായി അഞ്ച് വർഷങ്ങൾക്കിടെ ഭൂട്ടാന് ട്രാൻസിഷണൽ ട്രേഡ് സപ്പോർട്ട് ഫെസിലിറ്റി എന്ന പേരിൽ 400 കോടി രൂപ കൂടി ഇന്ത്യ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യ ഭൂട്ടാന്റെ വിശ്വസ്തനായ സുഹൃത്തും പങ്കാളിയുമായി തുടരുമെന്ന് കഴിഞ്ഞ മാസം ലോട്ടെ പ്രഖ്യാപനം നടത്തി അധികം വൈകുന്നതിന് മുമ്പാണ് ഇന്ത്യയുടെ സഹായഹസ്തം ഭൂട്ടാന് നേരെ നീണ്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഭൂട്ടാനിലെ പുതിയ സർക്കാരുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദി പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഡോക്ലോമിൽ ചൈനീസ് പട 2017ൽ എത്തിയത് ഭൂട്ടാനുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിന്റെ പ്രാധാന്യം ഇന്ത്യയെ ഒന്ന് കൂടി ബോധ്യപ്പെടുത്തിയിരുന്നു. ഈ വർഷം ആരംഭിക്കുന്ന ഭൂട്ടാനിലെ പുതിയ പഞ്ചവൽസര പദ്ധതി 2022ലാണ് അവസാനിക്കുന്നത്.

മധ്യഭൂട്ടാനിലെ മാൻഗ്ഡെച്ചു നദിയിലെ മാൻഗ്ഡെച്ചു ജലവൈദ്യുത പദ്ധതി പൂർത്തിയാക്കാൻ ഇന്ത്യ ഭൂട്ടാന് സഹായംനൽകും. ഈ പ്രൊജക്ടിന് പിന്തുണയേകുന്നതോടെ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ഇത് സംബന്ധിച്ച നീക്കങ്ങൾക്ക ്ധാരണയായെന്ന് മോദി പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ജലവൈദ്യുതി ഭൂട്ടാന്റെ പ്രധാന വരുമാനമാർഗമാണെന്നും അതിനാൽ ഇന്ത്യയുടെ സഹായം നിർണായകമാണെന്നുമാണ് ഭൂട്ടാൻ പ്രധാനമന്ത്രി പ്രതികരിച്ചിരിക്കുന്നത്.

ഇന്ത്യൻ ഗവൺമെന്റ് ഭൂട്ടാന് നല്ല പിന്തുണയേകുന്നതിൽ സന്തോഷമേറെയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇന്ത്യൻ റുപെ കാർഡ് ഭൂട്ടാനിൽ ഉപയോഗിക്കുന്നതിന് അവസരമേകാൻ സന്നദ്ധത കാണിച്ചതിന് ലോട്ടെയ്ക്ക് മോദി നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡെബിറ്റ് ആൻഡ് ക്രെഡിറ്റ് കാർഡ് പേമെന്റ് നെറ്റ് വർക്കാണ് റുപെ.