ന്യൂഡൽഹി: ലോകരാജ്യങ്ങൾ ഭയന്നതു പോലൊരു ചൈന-ഇന്ത്യ യുദ്ധത്തിന് വഴിയൊരുക്കുമെന്ന് കരുതിയ അതിർത്തി സംഘർഷത്തിന് ഒടുവിൽ പരിഹാരമായി. ഒരു മാസത്തോളമായി ഇരു രാജ്യങ്ങൾക്കുമിടയിൽ നിന്ന സംഘർഷത്തിന് അയവു വന്നത് ദോക് ലോമിൽ നിന്നും സൈന്യത്തെ പിൻവലിക്കാമെന്ന ധാരണയോടെയാണ്. സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായി. സിക്കിം അതിർത്തിയിലെ സേനാപിന്മാറ്റത്തിന് ധാരണയായതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളിലായി ഇരുരാജ്യങ്ങളിലേയും സൈന്യം ദോക്ലാമിൽ നിന്ന് പിൻവാങ്ങും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദർശനത്തിന് മുമ്പ് സേനാപിന്മാറ്റം പൂർത്തിയാക്കും. ഇതോടെ വീണ്ടും ഇരുരാജ്യങ്ങളും തമ്മിൽ സൗഹൃദ പാതയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. അതിർത്തി സംഘർഷത്തിന് താൽക്കാലിക പരിഹാരമാണ് സമവായത്തിലൂടെ ഉരുത്തിരിഞ്ഞത്. സിക്കിം അതിർത്തിയിൽ ഭൂട്ടാനും ചൈനയും തമ്മിൽ അതിർത്തി പങ്കിടുന്നയിടത്താണ് കലുഷിത സാഹചര്യം നിലനിന്നിരുന്നത്. അതേസമയം നയതന്ത്രപരമായി ഇന്ത്യയുടെ വിജയമായി ഇതിനെ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ തങ്ങൾ സൈന്യത്തെ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന ചൈന, ഒടുവിൽ നിലപാടു മയപ്പെടുത്തുകയായിരുന്നു. മുമ്പ് 2013ൽ ലഡാക്കിലെ ദെസ് പാങ്ങിലും 2014ൽ ചുമാറിലും അതിർത്തിത്തർക്കം ഉണ്ടായപ്പോൾ മൂന്നാഴ്ച കൊണ്ടു പ്രശ്‌നപരിഹാരത്തിനു കഴിഞ്ഞിരുന്നു. അന്നു തൽസ്ഥിതി തുടരാൻ ഇരുപക്ഷവും തീരുമാനിക്കുകയും സൈന്യങ്ങളെ പിൻവലിക്കുകയുമാണു ചെയ്തത്. എന്നാൽ ഇത്തവണ സംഘർഷാവസ്ഥ പതിവിലും നീണ്ടത് രാജ്യാന്തര തലത്തിലും ആശങ്കകൾക്ക് കാരണമായിരുന്നു.

അരുണാചൽ പ്രദേശ് അടക്കമുള്ള കിഴക്കൻ സംസ്ഥാനങ്ങളിൽ ചൈനയ്ക്കുള്ള കണ്ണാണ് അതിർത്തി സംഘർഷത്തിന് വഴിവെച്ച കാരണം. ഈ മേഖലയിൽ ചൈനീസ് താൽപ്പര്യം പലപ്പോഴും മറനീക്കി പുറത്തുവരുമ്പോൾ പലപ്പോവും ഇന്ത്യയ്ക്ക് വേണ്ട വിധത്തിൽ പ്രതിരോധിക്കാൻ സാധിക്കുന്നില്ല. ഈ ആക്ഷേപം ശക്തമായി ഉയരാറുമുണ്ട്. ഇപ്പോൾ വീണ്ടും സംഘർഷം മുറുകുമ്പോൾ അതിർത്തിയിൽ യുദ്ധമാണ് പോംവഴിയെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ പോലും പറഞ്ഞു തുടങ്ങി.

തർക്കങ്ങളുടെ ദോക് ലോം

ദോക് ലാ മേഖലയിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം (പീപ്പിൾസ് ലിബറേഷൻ ആർമിപിഎൽഎ) റോഡ് നിർമ്മിച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കം. തർക്കഭൂമിയിലെ റോഡ് നിർമ്മാണം അന്യായമാണെന്നു ചൂണ്ടിക്കാട്ടി ഭൂട്ടാൻ രംഗത്തുവന്നു. ചൈനയുമായി നയതന്ത്ര ബന്ധങ്ങളില്ലാത്ത ഭൂട്ടാൻ ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ എതിർപ്പ് അറിയിച്ചു. സൈനികശേഷിയിൽ കാര്യമായ വീര്യമില്ലാത്ത റോയൽ ഭൂട്ടാൻ ആർമി വിഷയത്തിൽ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചു. റോഡ് നിർമ്മാണത്തിൽ നിന്ന് എത്രയും വേഗം പിന്തിരിയണമെന്ന ഇന്ത്യൻ ആവശ്യം ചൈനയെ ചൊടിപ്പിച്ചു. തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശത്തു റോഡ് നിർമ്മിക്കുന്നതിനെ എതിർക്കാൻ മറ്റു രാജ്യങ്ങൾക്ക് അവകാശമില്ലെന്നു ചൈന തിരിച്ചടിച്ചു. പ്രശ്നങ്ങളുണ്ടെങ്കിൽതന്നെ അതു തങ്ങളും ഭൂട്ടാനും തമ്മിലാണെന്നും അതിൽ മൂന്നാം കക്ഷിയായ ഇന്ത്യ ഇടപെടേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സൈനികപരാമായി ഇരു രാജ്യങ്ങൾക്കും അതീവ പ്രാധാന്യ മേഖല

സൈനികപരമായി ഇരു രാജ്യങ്ങൾക്കും അതീവ പ്രാധാന്യമുള്ള മേഖലയാണ് ദോക് ലാ. അതുകൊണ്ട് തന്നെയാണ് ഈ സ്ഥലത്തിന് വേണ്ടി രണ്ട് രാജ്യങ്ങളും തമ്മിൽ കാർക്കശ നിലപാട് സ്വീകരിച്ചിരുന്നത്. നിലവിൽ, ദോക് ലായിൽ ഭൂട്ടാനുനേർക്കു റോഡ് നിർമ്മിക്കുന്ന ചൈനയുടെ ആത്യന്തികലക്ഷ്യം ഇന്ത്യയാണ്. ഇന്ത്യയും ഭൂട്ടാനും ടിബറ്റും സംഗമിക്കുന്ന പ്രദേശത്തു കൃത്യമായ അതിർത്തി രേഖപ്പെടുത്തിയിട്ടില്ലെന്നതു മുതലാക്കിയാണു ചൈനയുടെ നീക്കങ്ങൾ. ദോക് ലായുടെ നിയന്ത്രണം ഏറ്റെടുത്താൽ, ബംഗാളിലെ സിലിഗുഡി വരെ ചൈനയുടെ കണ്ണുകളെത്തും. ഇത് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ത്യക്കുള്ള നിയന്ത്രണത്തിൽ അയവു വരുത്താനും ഇടവരുത്ത്തും. അതുകൊണ്ടണ് ഇന്ത്യ ഈ വിഷയത്തിൽ കർശന നിലപാട് സ്വീകരിച്ചിരുന്നത്.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാൽ, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പൂർണമായി വിച്ഛേദിക്കാൻ വരെ അവർക്കു സാധിക്കും. ഈ സാഹചര്യം എന്തുവിലകൊടുത്തും ഒഴിവാക്കുക എന്ന സന്ദേശമാണ് അതിർത്തിയിലെ സൈനികർക്ക് ഇന്ത്യൻ ഭരണകൂടം നൽകിയിരിക്കുന്നത്. ദോക് ലാ ചൈനയുടെ നിയന്ത്രണത്തിലാകുന്ന സ്ഥിതി ഇന്ത്യയ്ക്കു മേൽ ഉയർത്തുന്ന സുരക്ഷാഭീഷണി വളരെ വലുതാണ്. ഭൂട്ടാന് ഇന്ത്യനൽകുന്ന അകമഴിഞ്ഞ സഹായത്തിന്റെ കാരണവും ഇതുതന്നെയായിരുന്നു.

സംഘർഷം വന്ന വഴി

നാഥുലയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ഇന്ത്യയും ഭൂട്ടാനും ചൈനയുടെ അധികാരപരിധിയിലുള്ള ടിബറ്റും സംഗമിക്കുന്ന ദോക് ലാ മേഖലയിലുണ്ടായ പ്രശ്നങ്ങളാണു നിലവിലെ സംഘർഷങ്ങൾക്കു വഴിവച്ചത്. ഇന്ത്യയിൽനിന്നുള്ള തീർത്ഥാടകർക്കു കൈലാസത്തിലേക്കു യാത്ര നിഷേധിച്ച് ചൈന വെല്ലുവിളിച്ചതോടെ സംഘർഷം വർധിച്ചു. 1962ലെ യുദ്ധശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഇത്രയധികം നാൾ നീണ്ട സംഘർഷാവസ്ഥ ഇതാദ്യം.

ദോക് ലാ മേഖലയിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം (പീപ്പിൾസ് ലിബറേഷൻ ആർമിപിഎൽഎ) റോഡ് നിർമ്മിച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കം. തർക്കഭൂമിയിലെ റോഡ് നിർമ്മാണം അന്യായമാണെന്നു ചൂണ്ടിക്കാട്ടി ഭൂട്ടാൻ രംഗത്തുവന്നു. ചൈനയുമായി നയതന്ത്ര ബന്ധങ്ങളില്ലാത്ത ഭൂട്ടാൻ ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ എതിർപ്പ് അറിയിച്ചു. സൈനികശേഷിയിൽ കാര്യമായ വീര്യമില്ലാത്ത റോയൽ ഭൂട്ടാൻ ആർമി വിഷയത്തിൽ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചു. റോഡ് നിർമ്മാണത്തിൽ നിന്ന് എത്രയും വേഗം പിന്തിരിയണമെന്ന ഇന്ത്യൻ ആവശ്യം ചൈനയെ ചൊടിപ്പിച്ചു. തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശത്തു റോഡ് നിർമ്മിക്കുന്നതിനെ എതിർക്കാൻ മറ്റു രാജ്യങ്ങൾക്ക് അവകാശമില്ലെന്നു ചൈന തിരിച്ചടിച്ചു. പ്രശ്നങ്ങളുണ്ടെങ്കിൽതന്നെ അതു തങ്ങളും ഭൂട്ടാനും തമ്മിലാണെന്നും അതിൽ മൂന്നാം കക്ഷിയായ ഇന്ത്യ ഇടപെടേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇതിനിടെ, ദേക് ലായ്ക്കു സമീപം ഇന്ത്യൻ മേഖലയിലേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സൈനികർ രണ്ടു ബങ്കറുകൾ ബുൾഡോസർ ഉപയോഗിച്ചു തകർത്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അതിർത്തി ലംഘിച്ച് ഇന്ത്യയുടെ ഏതാനും സൈനികർ തങ്ങളുടെ രാജ്യത്ത് അനധികൃതമായി കടന്നുവെന്ന പ്രത്യാരോപണവുമായി ചൈന രംഗത്തുവന്നതോടെ സംഘർഷം പാരമ്യത്തിലെത്തി.