മെൽബൺ: തുടർച്ചയായി ഇടിയുന്ന കമോദിറ്റി പ്രൈസും വളരെ മോശമായ വളർച്ചാ നിരക്കും പലിശ നിരക്കിൽ ഇനിയും കുറവുവരുത്താൻ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയെ പ്രേരിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഓസ്‌ട്രേലിയൻ ഡോളർ നിരക്കിൽ വീണ്ടും ഇടിവു സംഭവിക്കുന്നത് ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുകയാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

തിങ്കളാഴ്ച 77.21 യുഎസ് സെന്റിൽ നിന്ന് 76.34 യുഎസ് സെന്റിലേക്കാണ് ഓസ്‌ട്രേലിയൻ ഡോളർ വില ഇടിഞ്ഞത്. മുമ്പുള്ള രണ്ടു ദിവസത്തെ ട്രേഡിംഗിലും ഓസ്‌ട്രേലിയൻ ഡോളറിന് 2.4 ശതമാനം ഇടിവാണ് സംഭവിച്ചത്. അതുകൊണ്ടു തന്നെ അടുത്താഴ്ച ചേരുന്ന ആർബിഎ യോഗത്തിൽ പലിശ നിരക്ക് ഇനിയും വെട്ടിക്കുറയ്ക്കാനുള്ള സാധ്യത 66 ശതമാനമാണെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

വിപണിയിലുണ്ടായ ചില മാറ്റങ്ങൾ ഓസ്‌ട്രേലിയൻ ഡോളറിന്റെ വിലയിടിവിന് വീണ്ടും കാരണമായിരിക്കുകയാണ്. 75.90 യുഎസ് സെന്റിലേക്ക് ഓസ്‌ട്രേലിയൻ ഡോളർ ഇന്ന് കൂപ്പുകൂത്തുമെന്ന് വെസ്റ്റ്പാക് ബാങ്കിങ് കോർപറേഷൻ പ്രവചിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസമായി ഓസ്‌ട്രേലിയൻ ഡോളർ വില 75 യുഎസ് സെന്റിലേക്ക് ഇടിയുമെന്നാണ് ബാങ്ക് പ്രതീക്ഷിച്ചിട്ടുള്ളത്. കമോദിറ്റി വിലയിൽ കഴിഞ്ഞ മാസവും ഇടിവു നേരിട്ടത് പലിശ നിരക്ക് കുറയ്ക്കാൻ ആർബിഎയ്ക്കു മേൽ സമ്മർദം ചെലുത്തുമെന്നാണ് കരുതുന്നത്.

ഇരുമ്പ് അയിരിന്റെ വിലയിലും അടുത്ത കാലത്ത് ഉണ്ടായ ഇടിവ് ഓസ്‌ട്രേലിയൻ ഡോളറിനെ ക്ഷീണിപ്പിക്കുകയായിരുന്നു. ചൈന ഹൗസിങ് മാർക്കറ്റിലെ വ്യതിയാനങ്ങൾ ഇരുമ്പ് അയിരിന്റെ വില അടുത്തകാലത്തെങ്ങും വർധിപ്പിക്കില്ലെന്നാണ് പറയപ്പെടുന്നത്. തുടർച്ചയായി അഞ്ചാം ആഴ്ചയും സ്റ്റീലിന്റെ വില ഇടിഞ്ഞു തന്നെയാണ്.  ഈ വർഷത്തെ രണ്ടാം പാദത്തിൽ ഓസ്‌ട്രേലിയയിലെ പലിശ നിരക്ക് രണ്ടു ശമതാനത്തിലെത്തുമെന്നാണ് എച്ച്എസ്‌ബിസി പ്രവചിക്കുന്നത്. മൈനിങ് മേഖലയിൽ നേരിടുന്ന തിരിച്ചടികളും കമോദിറ്റി വിലയിലെ ഇടിവും പലിശ നിരക്കിനെ വീണ്ടും താഴ്‌ത്തുമെന്നു തന്നെയാണ് എച്ച്എസ്‌ബിസി കരുതുന്നത്.