തിരുവനന്തപുരം :മുഖ്യമന്ത്രി ദുബായിലേക്ക് ഡോളർ കടത്തിയെന്ന് തുറന്നുപറഞ്ഞ സ്വപ്നയെയും ഡോളർ കടത്ത് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളെയും ഒരുപോലെ പൂട്ടാൻ പിണറായി രംഗത്തിറക്കിയ ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിഷൻ ഹൈക്കോടതിയുടെ സ്റ്റേ തുടരുന്ന കമ്മിഷനാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഹൈക്കോടതി ഈ കമ്മീഷന്റെ പ്രവർത്തനം തടഞ്ഞ് ഉത്തരവിറക്കിയത്. സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരേ സർക്കാർ സെപ്റ്റംബറിൽ ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ഈ ഹർജിയിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ഇടയ്ക്കിടെ ഹൈക്കോടതി സർക്കാരിന്റെ അപ്പീൽ പരിഗണിച്ച് മാറ്റിവയ്ക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ അഡിഷണൽ സോളിസിറ്റർ ജനറലിന് ഹാജരാകാനുള്ള സാവകാശം തേടുമ്പോഴാണ് അപ്പീൽ മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ മാസവും കേസ് പരിഗണിച്ച് മാറ്റിവച്ചതാണ്. ഇത് മറച്ചുവച്ചാണ് ജുഡീഷ്യൽ കമ്മിഷന്റെ കാലാവധി ആറുമാസം നീട്ടിയെന്ന് മന്ത്രിസഭാ തീരുനാമമെടുത്ത് സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നത്.

സർക്കാർ ഒരുവട്ടം കൂടി കമ്മീഷനെ രംഗത്തിറക്കുകയാണെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടാകാനിടയില്ല. പ്രതികളെ രക്ഷപെടുത്താനാണ് ഈ കമ്മിഷൻ എന്ന് കുറ്റപ്പെടുത്തി ഹൈക്കോടതി സ്റ്റേ ചെയ്തതാണ് കമ്മിഷന്റെ പ്രവർത്തനം. സർക്കാർ പിന്നീട് അപ്പീൽ പോയി കമ്മിഷന്റെ ജീവൻ നിലനിർത്തി. ഇപ്പോൾ പിണറായിക്കെതിരെ ആരോപണം വന്നപ്പോൾ കമ്മിഷന് ആറുമാസത്തെ കാലാവധി നീട്ടിക്കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ ഈ കമ്മിഷൻ നോട്ടീസയച്ചാൽ കേന്ദ്ര ഏജൻസികളൊന്നും ഹാജരാകില്ല. പത്രപരസ്യം നൽകിയിട്ടും തെളിവൊന്നും ആരും നൽകിയതുമില്ല. സംസ്ഥാനം നിയോഗിച്ച കമ്മീഷൻ വിളിച്ചാൽ ഹാജരാകേണ്ടെന്നാണ് കേന്ദ്ര ഏജൻസികൾക്ക് കേന്ദ്രസർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം. ഫലത്തിൽ ആറുമാസം കാലാവധി നീട്ടിയെങ്കിലും കമ്മിഷൻ കടലാസു പുലിയാവാനാണ് സാദ്ധ്യത. കമ്മിഷന്റെ കണ്ടെത്തലുകൾ നടപ്പാക്കണമെന്ന് യാതൊരു ബാധ്യതയും സർക്കാരിനില്ല.

ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്തതിനെത്തുടർന്ന് മോഹനൻ കമ്മിഷൻ സ്വമേധയാ അന്വേഷണം നിർത്താനിരുന്നതാണ്. 2021 മാർച്ച് 26 ന് ചേർന്ന മന്ത്രിസഭാ യോഗത്തിനു പിന്നാലെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ വിശദമായ ഉത്തരവ് ഇറക്കാനായിരുന്നില്ല. മെയ്‌ പത്തിനാണ് ജുഡിഷ്വൽ അന്വേഷണത്തിന്റെ വിജ്ഞാപനവും ടേംസ് ഓഫ് റഫറൻസും പുറത്തിറക്കിയത്. ആറുമാസമായിരുന്നു കാലാവധി.

ജൂൺ 11ന് കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണത്തിൽ തെളിവുകൾ തേടി കമ്മിഷൻ റിട്ട. ജഡ്ജി ജസ്റ്റിസ് വി.കെ. മോഹനൻ പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. സ്വർണക്കടത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, ഇതുമായി ബന്ധപ്പെട്ട് വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നാണ് കമ്മിഷൻ തെളിവുകൾ തേടിയത്. തെളിവുകൾ ജൂൺ 26ന് മുൻപ് കമ്മിഷന് സമർപ്പിക്കണമായിരുന്നു. ഇതിൽ കമ്മിഷന്റെ ഹിയറിങ് ആരംഭിച്ചിട്ടില്ല. ആർക്കും നോട്ടീസ് അയച്ചിട്ടുമില്ല. ജുഡീഷ്യൽ ഉദ്യോഗസ്ഥരും ഒമ്പത് സ്റ്റാഫും അടങ്ങുന്നതാണ് കമ്മിഷൻ.

അന്വേഷണ വിഷയങ്ങൾ ഇവയാണ്- സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സരേഷിനെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഏജൻസി നിർബന്ധിച്ചോ, മറ്റൊരു പ്രതിയായ സന്ദീപ് നായരെ സ്പീക്കർക്കെതിരെ ആരോപണമുന്നയിക്കാൻ നിർബന്ധിച്ചോ, കേസിൽ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുണ്ടായിട്ടുണ്ടോ,

മറ്റേതെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ, ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയാൽ, ഗൂഢാലോചനയ്ക്കു പിന്നിലെ വ്യക്തികളെ കണ്ടെത്തുക, കമ്മിഷന് ഉചിതവും ശരിയാണെന്നും തോന്നുന്ന ഇതുമായി ബന്ധപ്പെട്ട മറ്റേതു വസ്തുതകളെപ്പറ്റിയും അന്വേഷിക്കുക. കേന്ദ്ര ഏജൻസികൾക്കെതിരല്ല ജുഡീഷ്യൽ അന്വേഷണമെന്നും അവർ നിയമ വിരുദ്ധമായ നടപടികൾ എടുത്തിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നതെന്നുമാണ് ജസ്റ്റിസ് വി.കെ. മോഹനൻ നേരത്തേ പറഞ്ഞത്. കമ്മിഷന് മുന്നിൽ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും റിപ്പോർട്ട്. ജനങ്ങൾക്ക് കമ്മിഷന് മുന്നിൽ പരാതി അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ഏജൻസികൾക്കെതിരായ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിയ ശേഷമായിരുന്നു മോഹനൻ കമ്മീഷന്റെ പ്രവർത്തനം ഹൈക്കോടതി സ്‌റ്രേ ചെയ്തത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ പേരുപറയാൻ ഇ.ഡി നിർബന്ധിക്കുന്നെന്ന് പ്രതികളായ സ്വപ്നയും സന്ദീപ് നായരും വെളിപ്പെടുത്തിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതും,? ക്രൈം ബ്രാഞ്ചെടുത്ത രണ്ടു കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിഷനെ നിയോഗിച്ചതും.

സമാന്തരമായ മറ്റ് അന്വേഷണങ്ങൾ സ്വർണക്കടത്ത് കേസിലെ അന്വേഷണത്തെ അട്ടിമറിക്കുമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇത് ആത്യന്തികമായി പ്രതികൾക്കു ഗുണംചെയ്യും. കേന്ദ്ര ഏജൻസികളുടെ ഗൂഢാലോചന അന്വേഷിക്കാനാണ് ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ച് മെയ്‌ ഏഴിന് വിജ്ഞാപനമിറക്കിയത്. ക്രൈംബ്രാഞ്ചെടുത്ത കേസുകൾ റദ്ദാക്കിയ ഹൈക്കോടതി വിധിയനുസരിച്ച്, ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കേണ്ടത് ഇ.ഡിയുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ഒന്നാംലിസ്റ്റിൽ ഉൾപ്പെട്ട കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണത്തിന് സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയെ അറിയിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ ഒരു വകുപ്പ് മാത്രമായ ഇ.ഡിക്ക് സംസ്ഥാനത്തിനെതിരെ ഹർജി നൽകാൻ കഴിയില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. കേന്ദ്രത്തിന് കീഴിലെ ഒരു സ്റ്റാറ്റിയൂട്ടറി അഥോറിറ്റിയാണ് ഇ.ഡിയെന്നും ഇ.ഡിക്കുവേണ്ടി ഡെപ്യൂട്ടി ഡയറക്ടറാണ് ഹർജി നൽകിയതെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് തിരുത്താവുന്ന ചെറിയ അപാകത മാത്രമാണ്. ഇത്തരം കേസുകളിൽ വസ്തുതകളാണ് കോടതി പരിശോധിക്കുന്നതെന്നും വ്യക്തമാക്കി. പിന്നീട് അപ്പീൽ നൽകി കമ്മിഷന്റെ പ്രവർത്തനം നിലനിൽക്കുമെന്ന് തെളിയിച്ച് സ്റ്റേ നീക്കിവാങ്ങിയെടുക്കുകയാണ് സർക്കാർ ചെയ്തത്.

1952 ലെ കമ്മിഷൻസ് ഒഫ് ഇൻക്വയറി ആക്ടിലെ സെക്ഷൻ മൂന്നു പ്രകാരമാണ് അന്വേഷണ കമ്മിഷനെ നിയോഗിക്കുന്നത്. സംസ്ഥാന സർക്കാരിന് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടും മൂന്നും പട്ടികയിൽ പറയുന്ന വിഷയങ്ങളിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കാനാവുമെന്നും നിയമത്തിൽ പറയുന്നു. എന്നാൽ കേന്ദ്രത്തിന്റെ നിലപാട് ഇങ്ങനെയാണ്- കള്ളപ്പണം വെളുപ്പിക്കൽ ഏഴാം ഷെഡ്യൂളിലെ ഒന്നാം ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായതിനാൽ ഇ.ഡിക്കെതിരെ ജുഡിഷ്യൽ അനേ്വേഷണം നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ല.

അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ ഇടപെടാൻ കോടതികൾക്കു പോലും പരിമിതമായ അധികാരമാണുള്ളത്. ഒരു ഏജൻസിയുടെ അന്വേഷണം പൂർത്തിയാകാതെ ശരിതെറ്റുകൾ കണ്ടെത്താൻ കമ്മിഷനെ നിയോഗിക്കുന്നത് അന്വേഷണത്തിലുള്ള ഇടപെടലാണ്. അന്വേഷണ ഏജൻസിയുടെ നടപടിയിൽ അപാകതയോ ഗൂഢാലോചനയോ ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാനുള്ള അവസരമുപയോഗിക്കുകയാണ് വേണ്ടത്.