തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ, സ്പീക്കറുടെ ഫ്‌ളാറ്റിൽ പരിശോധന. തിരുവനന്തപുരം ചാക്കയിലെ ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന. സ്വപ്നയുടെ മൊഴിയിൽ പറയുന്ന ഫ്‌ളാറ്റാണിത്. പേട്ടയിലെ ഈ ഫ്‌ളാറ്റിൽ വച്ച് ശ്രീരാമകൃഷ്ണൻ സരിത്തിന് പണം കൈമാറിയെന്നാണ് സ്വപ്നയുടെ മൊഴി. ഇവിടെ സ്പീക്കർ ഇടയ്ക്ക് താമസിക്കാറുണ്ടെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. സ്പീക്കറെ തിരുവനന്തപുരത്തെ വീട്ടിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസ് സംഘം ഫ്ളാറ്റിൽ പരിശോധനയ്ക്കെത്തിയത്.

ഈ ഫ്‌ളാറ്റിൽവച്ച് പണം കൈമാറിയെന്നാണു സ്വർണക്കടത്തുകേസിലെ പ്രതി സരിത്തിന്റെ മൊഴി. ഔദ്യോഗിക വസതിയുണ്ടെങ്കിലും സ്പീക്കർ പലപ്പോഴും താമസിക്കുന്നതിവിടെയാണ്. ഉച്ചയോടെയാണു കസ്റ്റംസ് സംഘം ഫ്‌ളാറ്റിലെത്തിയത്. കോൺസൽ ജനറലിനു നൽകാനായി സ്പീക്കർ പത്തു കെട്ട് നോട്ട് 2020 ഫെബ്രുവരിയിൽ ഫ്‌ളാറ്റിൽവച്ചു നൽകിയെന്നാണു സരിത്തിന്റെ മൊഴിയിലുള്ളത്.

സ്വപ്നയെ ഫോണിൽ വിളിച്ചു ഫ്‌ളാറ്റിലേക്കു വരാൻ സ്പീക്കർ പറഞ്ഞു. സ്വപ്നയും ഭർത്താവും സരിത്തുമാണു ഫ്‌ളാറ്റിലേക്കു വന്നത്. ലോക കേരള സഭയുടെ ലോഗോയുള്ള ബാഗിലാണു പണം നൽകിയത്. ബന്ധുവിന്റെ ഫ്‌ളാറ്റെന്നാണു സ്പീക്കർ പറഞ്ഞത്. ഫ്‌ളാറ്റ് പൂട്ടിയിറങ്ങിയ സ്പീക്കർ, സ്വപ്നയുടെ കാറിലാണ് ഔദ്യോഗിക വസതിയിലേക്കു പോയത്. സ്വന്തം വസതിയിലെത്തി ബാഗ് തുറന്നു നോക്കിയപ്പോഴാണ് 10 കെട്ട് നോട്ടുകൾ കണ്ടതെന്നും ഈ തുക കോൺസൽ ജനറലിനു കൈമാറിയെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.

വെള്ളിയാഴ്ചയാണ് കസ്റ്റംസ് സംഘം സ്പീക്കറുടെ മൊഴിയെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ചില വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും തൃപ്തികരമായ മറുപടി നൽകിയിട്ടുണ്ടെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു. വ്യാഴാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അസുഖം കാരണം യാത്ര ചെയ്യാനാവില്ലെന്ന് അദ്ദേഹം മറുപടി നൽകി. ഇതിനു പിന്നാലെയാണ് തിരുവനന്തപുരത്തെ വീട്ടിൽ വച്ചുള്ള ചോദ്യം ചെയ്യൽ നടന്നത്.

കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഡോളർ കടത്ത് കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. യുഎഇ കോൺസൽ ജനറൽ വഴി വിദേശത്തേക്ക് ഡോളർ കടത്തിയെന്നും ഗൾഫിൽ നിക്ഷേപം നടത്തിയെന്നുമാണ് കേസ്.

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെ വിവാദ കേസുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങൾ ശരിയല്ലെന്നു സ്പീക്കറുടെ ഓഫിസ് അറിയിച്ചു.

ആവശ്യമായ എല്ലാ കാര്യങ്ങൾക്കും വിശദീകരണം നൽകാൻ തയാറാണെന്നു നേരത്തേതന്നെ സ്പീക്കർ വ്യക്തമാക്കിയിട്ടുള്ളതാണ്. സ്പീക്കറുടെ സൗകര്യം ചോദിച്ചറിഞ്ഞ് ഔദ്യോഗിക വസതിയിൽവച്ചാണ് കസ്റ്റംസ് വേണ്ട വിശദീകരണം തേടിയത്. ഒരു തവണ മാത്രമേ സ്പീക്കർക്കു കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുള്ളൂ എന്നും ഓഫിസ് വ്യക്തമാക്കി.