ന്യൂഡൽഹി: ഫാർമ കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യങ്ങളും, സമ്മാനങ്ങളും നൽകുന്നുവെന്ന കാര്യം പുതിയ വാർത്തയല്ല. സൗജന്യങ്ങളും സമ്മാനങ്ങളും പലരൂപത്തിൽ വരാം. നേരത്തെ അത് ഗാർഹിക ഉപകരണങ്ങളുടെ രൂപത്തിലും മറ്റും വന്നിരുന്നുവെങ്കിൽ, ഇപ്പോൾ അത് അന്താരാഷ്ട്ര കോൺഫറൻസുകളിലേക്കുള്ള യാത്രാ ചെലവ്, താമസസൗകര്യം, വിദേശ വിനോദ യാത്രകൾ, അങ്ങനെ നിലവാരം കൂടിയിരിക്കുന്നു.

ഡോക്ടർമാർക്ക് മരുന്ന് കുറിക്കാൻ കൈക്കൂലി നൽകുന്ന ഫാർമ കമ്പനികൾക്ക് കടിഞ്ഞാണിടണ്ടേ? വേണമെന്നാണ് സുപ്രീം കോടതിയുടെയും അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ പറയുന്നത് പനിക്ക് ഡോളോ 650 കുറിക്കാൻ വേണ്ടി ഡോക്ടർമാർക്കായി മരുന്ന് നിർമ്മാതാക്കൾ 1000 കോടിയുടെ സൗജന്യമാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ്. വളരെ ഗൗരവം ഉള്ള കാര്യമെന്നാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും, ജസ്റ്റിസ് എ എസ് ബോപ്പണ്ണയും ഈ വിഷയത്തെ വിശേഷിപ്പിച്ചത്. 10 ദിവസത്തിനകം സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

'ഇത് കാതുകൾക്ക് സംഗീതമല്ല. എനിക്ക് കോവിഡ് വന്നപ്പോഴും ഇതേ മരുന്നാണ് കുറിച്ചുതന്നത്. ഗൗരവം ഉള്ള കാര്യമാണ്, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞത് ഇങ്ങനെ. ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസേന്റീവ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഹർജി നൽകിയത്. ഡോക്ടർമാർ തങ്ങളുടെ മരുന്ന് കുറിക്കാൻ വേണ്ടി 1000 കോടിയുടെ സൗജന്യമാണ് ഡോളോ നിക്ഷേപിച്ചത്, ഫെഡറേഷന്റെ അഭിഭാഷകൻ സഞ്ജയ് പരീഖ് പറഞ്ഞു.

ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്സ് കമ്പനിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് 1000 കോടി രൂപ കൈക്കൂലി നൽകിയിട്ടുണ്ടെന്നുള്ള രേഖകൾ കണ്ടെത്തിയത്. ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ പരിശോധിക്കാനാണ് ഡോളോ 650 ഉത്പാദിപ്പിക്കുന്ന മരുന്ന് കമ്പനിയിൽ ഐടി സ്‌ക്വാഡ് പരിശോധന നടത്തിയത്. ഇതിന് പിന്നാലെയാണ് റെയ്ഡിനിടെ ലഭിച്ച രേഖകളിൽ ഡോക്ടർമാർക്ക് മരുന്ന് നിർദേശിക്കാൻ പണം നൽകിയത് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെത്തിയത്.

ഇത്തരം പ്രവണതകൾ മരുന്നിന്റെ അമിതോപയോഗത്തിനും, രോഗികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നതിനും ഇടയാക്കുമെന്ന് ഹർജിയിൽ പറയുന്നു. ഇത്തരം അഴിമത, മരുന്ന് വിപണിയിൽ ഉയർന്ന വിലയുള്ള, കഴമ്പില്ലാത്ത മരുന്നുകളുടെ ആധിക്യത്തിന് ഇടയാക്കും. നിലവിലുള്ള നിയമങ്ങളുടെ പോരായ്മ മൂലം ഫാർമ കമ്പനികളുടെ അസന്മാർഗ്ഗിക പ്രവർത്തനങ്ങൾ തഴച്ചുവളരുകയാണെന്നും, കോവിഡ് കാലത്ത് പോലും അത് പൊന്തി വന്നെന്നും ഫെഡറേഷൻ ഹർജിയിൽ പറഞ്ഞു. ഫാർമസിക്യൂട്ടിക്കൽ വിപണന സമ്പ്രദായത്തിന് ഏകീകൃത കോഡ് ഉറപ്പാക്കാൻ സുപ്രീം കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

നേരത്തെ കോടതി കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞിരുന്നെങ്കിലും ലഭ്യമായിരുന്നില്ല. ഇന്ന് കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ, പ്രതികരണം ഏകദേശം തയ്യാറായി കഴിഞ്ഞെന്ന് കോടതിയെ അറിയിച്ചു. സെപ്റ്റംബർ 29 നാണ് ഇനി കേസ് പരിഗണിക്കുന്നത്.

പാരിതോഷികങ്ങൾക്ക് നിരോധനം ഉണ്ടെങ്കിലും...

മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യങ്ങളും പാരിതോഷികങ്ങളും നൽകുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ആദായനികുതി നിയമത്തിലെ സെക്ഷൻ 37(1) പ്രകാരം ആദായ നികുതി ഇളവും അവകാശപ്പെടാൻ ആവില്ല. സൗജന്യങ്ങളും പാരിതോഷികങ്ങളും ഒന്നും സാങ്കേതികമായി പറഞ്ഞാൽ സൗജന്യമല്ല എന്ന് കോടതി നിരീക്ഷിച്ചു.

ഡോക്ടർമാരും രോഗികളും തമ്മിൽ ഒരു അർദ്ധ രക്ഷാധികാരി ബന്ധമാണുള്ളത്. ഡോക്ടറുടെ കുറിപ്പടിയാണ് രോഗിയെ സംബന്ധിച്ച് അവസാന വാക്ക്. കുറിക്കുന്ന മരുന്ന് ഒരുപക്ഷേ രോഗിയുടെ കൊക്കിന് ഒതുങ്ങാത്തത് ആണെങ്കിൽ കൂടി. അത്രയ്ക്കാണ് ഡോക്ടർമാരിൽ രോഗികൾ അർപ്പിക്കുന്ന വിശ്വാസം. അതുകൊണ്ട് തന്നെ ഇത് വളരെ പൊതുജനപ്രാധാന്യമുള്ള വിഷയമാണ്. മരുന്ന് കമ്പനികൾ സൗജന്യം നൽകുമ്പോൾ ഡോക്ടറുടെ കുറിപ്പടിയെ ചൂഷണം ചെയ്യാനുള്ള സാധ്യത തുറക്കുന്നു. സൗജന്യങ്ങൾ പലപ്പോഴും സ്വർണ കോയിനുകൾ, ഫ്രിഡ്ജ്. എൽസിഡി ടിവി, വിദേശ യാത്രകകൾ, മെഡിക്കൽ കോൺഫറൻസുകളുടെ ഫണ്ടിങ് അങ്ങനെ പല തരത്തിലാണ്. അതുകൊണ്ട് തന്നെ ഈ സൗജന്യങ്ങൾ സാങ്കേതികമായി സൗജന്യമല്ല. സൗജന്യത്തിന്റെ ചെലവ് മരുന്നിലോ, മരുന്നിന്റെ വില കൂട്ടുന്നതിലോ ഒക്കെ നയിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഉദയ് ഉമേഷ് ലളിതും, എസ്.രവീന്ദ്ര ഭട്ടും അടങ്ങിയ ബഞ്ചാണ് ഫെബ്രുവരിയിൽ വിധി പറഞ്ഞത്.

ആദായ നികുതി നിയമത്തിന്റെ സെക്ഷൻ 37(1) പ്രകാരം മരുന്ന് കമ്പനികൾ നൽകുന്ന സൗജന്യത്തിന് ഇളവും അവകാശപ്പെടാൻ ആവില്ല. അങ്ങനെ ചെയ്യുന്നത് പൊതുനയത്തിന് വിരുദ്ധമാകും.

2002ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിലെ ചട്ടം 6.8 പ്രകാരം മരുന്ന് കമ്പനികളുടെ സൗജന്യം ഡോക്ടർമാർ സ്വീകരിക്കുന്നത് ശിക്ഷാർഹമാണ് താനും. സമ്മാനങ്ങൾ, പരിപാടികളുടെ സ്പോൺസർഷിപ്പുകൾ, ഗിഫ്റ്റ് കാർഡുകൾ, വില കൂടിയ ആനുകൂല്യങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, വിദേശയാത്രകൾ എന്നിങ്ങനെ വിവിധതലങ്ങളിലാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ഡോക്ടർമാർക്കുള്ള മെഡിക്കൽ കൗൺസിലിന്റെ ധാർമികതാചട്ടങ്ങളിൽ മേൽപ്പറഞ്ഞ ഏതുവിധത്തിലുമുള്ള ആനുകൂല്യങ്ങളും കരസ്ഥമാക്കുന്നത് ശിക്ഷാർഹമാണെന്നാണ് പറയുന്നത്.

മരുന്ന് കുറിക്കുന്നത് കമ്പനിയുടെ സ്വാധീനത്താലോ?

ഡോക്ടർമാരുടെ മരുന്നു കുറിക്കലിനെ, 97.6 ശതമാനവും സ്വാധീനിക്കുന്നത് മരുന്നു കമ്പനികളുടെ പല തരത്തിലുള്ള വിപണി ഇടപെടലുകളാണെന്നു പഠനം. ഗുജറാത്ത് സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഓഫ് മാനേജ്മെന്റ് 3 വർഷം കൊണ്ടു നടത്തിയ പഠനത്തിലാണു കണ്ടെത്തൽ. ഇതിനായി 1100 ഡോക്ടർമാരെ ഇവർ പഠനവിധേയമാക്കി.

പഠനത്തിൽ പങ്കെടുത്ത ശിശുരോഗ വിദഗ്ദ്ധർ, ദന്ത ഡോക്ടർമാർ, ജനറൽ ഫിസിഷ്യന്മാർ, ഗൈനക്കോളജിസ്റ്റുകൾ എന്നിവർ പ്രധാനമായും നോക്കുന്നത് 3 കാര്യങ്ങളാണ് മരുന്നുകമ്പനികളുടെ ഇടപെടൽ, സ്പോൺസർഷിപ്, ഓരോ മരുന്നിനെയും കുറിച്ചു കമ്പനിപ്രതിനിധിക്കുള്ള അറിവ്.

ഇവയ്ക്കു പുറമേ, പൊതുവേ ഡോക്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ വില കൂടിയ മെഡിക്കൽ ജേണലുകളുടെ വരിസംഖ്യ, സാംപിൾ പാക്കറ്റ് കൂടുതൽ നൽകൽ തുടങ്ങിയ കാര്യങ്ങളും സ്വാധീനിക്കുമെന്നു പഠനത്തിൽ വ്യക്തമാക്കുന്നു.