വാഷിങ്ടൺ: വീട്ടുജോലിക്കാരിയെ ദിവസവും പതിനഞ്ച് മണിക്കൂറോളം പണിയെടുപ്പിച്ച ശേഷം പട്ടിക്കൂട്ടിലിട്ട ഇന്ത്യൻ വംശജയായ യുവതിക്കെതിരെ കേസ്. അമേരിക്കയിലെ ഒരു പ്രമുഖ ഐ,ടി കമ്പനിയുടെ സിഇഒ ആയ ഹിമൻഷു ഭാട്ട്യയാണ് വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചത്. വീട്ടുജോലിക്കാരിയായ ഷീലയുടെ പരാതിയിലാണ് നടപടി.

ഹിമാൻഷു ഭാട്ട്യയുടെ മിയാമി, ലാസ് വേഗസ്സ്, ലോങ് ബീച്ച് എന്നിവിടങ്ങളിലെ വസതികളിലാണ് ഷീലയെ ജോലിക്കായി കൊണ്ടു പോയത്. ദിവസവും പതിനഞ്ച് മണിക്കൂറോളം ജോലി ചെയ്യിപ്പിച്ച ശേഷം ഭക്ഷണം പോലും നൽകാതെ യാതൊരു മാനുഷിക പരിഗണനയും നൽകാതെയാണ് ഹിമൻഷു തന്നോട് പെരുമാറിയതെന്ന് ഷീല പരാതിയിൽ പറയുന്നു.

ഒരു ദിവസം പതിനഞ്ച് മണിക്കൂറോളം ജോലി ചെയ്യാൻ നിർദ്ദേശിച്ചു. ഹിമൻഷു ഭാട്ട്യ വീട്ടിൽ നിന്നും ദൂരയാത്രക്ക് പോകുമ്പോൾ നായക്കൂട്ടിലാണ് തന്നെ കിടക്കാൻ അനുവദിച്ചത്. ഇതേ തുടർന്ന് ദിവസങ്ങളോളം താൻ പട്ടിണിയിലായിരുന്നുവെന്നും ഷീല നൽകിയ പരാതിയിലുണ്ടായിരുന്നു. ഇത് കൂടാതെ രാജ്യം വിട്ടു പോകാതിരിക്കാനായി ഷീലയുടെ പാസ്‌പോർട്ടും ഹിമൻഷു പിടിച്ചു വച്ചിരുന്നു. ഇന്ത്യൻ വംശജയായ തന്നെ വൻ ശമ്പളവാഗ്ദാനം നൽകിയാണ് ഹിമൻഷു അമേരിക്കയിലേക്ക് കൊണ്ടുപോയതെങ്കിലും ഇതൊന്നും തന്നെ തനിക്ക് നൽകിയില്ലെന്നും ഷീല പരാതിയിൽ പറയുന്നു.

അമേരിക്കയിലെ തൊഴിൽ വകുപ്പിന് ഷീല സമർപ്പിച്ച പരാതിയെ തുടർന്നാണ് ഹിമൻഷുവിനെതിരെ പൊലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹിമൻഷു ഫെയർ ലേബർ സ്റ്റാൻഡേർഡ് നിയമം ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്.