കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് പാർലമെന്റ് ആരോഗ്യസമിത തയ്യാറാക്കിയ കരട് നിയമത്തിന്മേൽ ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ സമർപ്പിച്ചു. ഗാർഹിക തൊഴിലാളികളുടെ സാമൂഹികപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക തങ്ങളുടെ കടമയായതിനാലാണു വിശദമായ നിർദ്ദേശങ്ങൾ നൽകുന്നതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ശമ്പളം പ്രതിമാസം 45 ദിനാറിൽ (ഏകദേശം 9,500 രൂപ) കുറയരുതെന്നും വാരാന്ത്യ/വാർഷിക അവധികൾ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഗാർഹിക മേഖലയിൽ സ്‌പോൺസർ (ഖഫീൽ) എന്ന വാക്കിനുപകരം തൊഴിലുടമയെ സേവിക്കപ്പെടുന്നവൻ (മഖ്ദൂം) എന്നാണു വിശേഷിപ്പിക്കേണ്ടതെന്നു നിർദ്ദേശത്തിൽ പറയുന്നു. തൊഴിലാളി എന്നതിനു പകരം ഗാർഹികത്തൊഴിലാളി എന്നും പറയണം. ശുചീകരണത്തൊഴിലാളികളെയും പ്രായമായവരെ പരിചരിക്കുന്നവരെയും ഹൗസ് ബോയ് എന്നാണു പറയേണ്ടത്. കൃഷിപ്പണി, ആടിനെ മെയ്‌ക്കൽ എന്നീ ജോലികളെ ഗാർഹികത്തൊഴിൽ പട്ടികയിൽനിന്നു നീക്കണമെന്നും നിർദ്ദേശമുണ്ട്.

സ്വദേശികൾ ഉടമകളാകണമെന്നും നിർദ്ദേശം റിക്രൂട്ട്‌മെന്റ് ഏജൻസി പൂർണമായും സ്വദേശി ഉടമസ്ഥതയിൽ ആയിരിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളിൽ പറയുന്നു. ക്രിമിനൽ കേസുകളിൽ പെട്ടവർ, മനോദൗർബല്യമുള്ളവർ, സർക്കാർ-അർധസർക്കാർ ജീവനക്കാർ തുടങ്ങിയവർക്ക് ഗാർഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസ് തുറക്കാൻ ലൈസൻസ് നൽകരുത്. ഇവർ 30-70 വരെ പ്രായമുള്ളവരും എഴുത്തും വായനയും അറിയുന്നവരുമാകണം.

ആഭ്യന്തരമന്ത്രാലയം നിശ്ചയിക്കുന്ന തുക ബാങ്ക് ഗാരന്റിയായി നൽകാൻ കഴിയണം. താമസസ്ഥലങ്ങളിൽ ഓഫിസ് പാടില്ല. സ്വതന്ത്ര കെട്ടിടങ്ങൾ തന്നെ വേണം. ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകൃത ലൈസൻസ് ഇല്ലാതെ റിക്രൂട്ട്‌മെന്റിന് അനുവദിക്കരുതെന്നും നിർദ്ദേശിക്കുന്നു. റിക്രൂട്ട് ചെയ്യപ്പെടുന്നവർ കുവൈത്തിലെത്തി 24 മണിക്കൂറിനകം പാസ്‌പോർട്ട് തൊഴിലുടമയെ ഏൽപിക്കണം. അല്ലാത്ത പക്ഷം ദിവസം അഞ്ചുദിനാർ പിഴയീടാക്കും. റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളി കുവൈത്തിലേക്ക് വരുന്നതിനു മുൻപ് അവരുടെ രാജ്യത്ത് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ജോലി സമയം എട്ടുമണിക്കൂർ മാത്രമായിരിക്കണം. പാസ്‌പോർട്ടുകളും രേഖകളും പിടിച്ചുവയ്ക്കരുത്. ഭക്ഷണം, വസ്ത്രം, താമസസൗകര്യം, ജോലിക്കിടയിലുണ്ടാകുന്ന അസുഖങ്ങൾക്കുള്ള ചികിത്സാച്ചെലവ് എന്നിവ ഉറപ്പാക്കണം. രണ്ടുവർഷത്തിനിടെ പിരിച്ചുവിടുകയാണെങ്കിൽ നാട്ടിൽ എത്തിക്കുന്നതിനുള്ള ചെലവും തൊഴിലുടമ വഹിക്കണമെന്നു നിർദ്ദേശിക്കുന്നുണ്ട്.