കൊച്ചി: ഒരു കാലഘട്ടത്തിനുശേഷം കേരളത്തിൽ ഒരിക്കൽ കൂടി സ്ത്രീധന പീഡനങ്ങളും തുടർ മരണങ്ങളും ഏറെ ചർച്ചയ്ക്ക് വഴിവച്ച സംഭവമായിരുന്നു വിസ്മയയുടെ മരണം. സമൂഹത്തിന്റെ മനസാക്ഷി ഏറെ ചിന്തിപ്പിച്ച ഈ കേസിന് പിന്നാലെ സ്ത്രീധന പീഡനത്തിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതിയും രംഗത്ത്. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും കാൽ തല്ലിയൊടിക്കുകയും ചെയ്ത ഭർതൃവീട്ടുകാർ ഇനി ജയിലിൽ കിടന്നാൽ മതിയെന്ന് ഹൈക്കോടതി. കേസിൽ ഒന്നാംപ്രതി തിരുവനന്തപുരം വട്ടപ്പാറ കണ്ണംകുഴി ആർ.വി. സദനത്തിൽ സ്വദേശി ഡോ. സിജോ രാജൻ, സഹോദരൻ റിജോ രാജൻ, മാതാപിതാക്കളായ സി. രാജൻ, വസന്ത എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇവരോടെ കോടതിയിൽ കീഴടങ്ങാനും കോടതി നിർദേശിച്ചതോടെ കുടുംബം മുഴുവൻ അഴിക്കുള്ളിലായി.

ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ഇത്തരം ആളുകൾക്ക് മുൻകൂർ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ സർവീസിൽ ഡോക്ടറാണ് സിജോ. അടുത്തിടെയാണ് സർവീസിൽ പ്രവേശിച്ചത്. കോവിഡ് ഡ്യൂട്ടിയിലാണെന്നും അതിനാൽ മുൻകൂർജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

കൂടുതൽ സ്വത്തും പണവും ആവശ്യപ്പെട്ടു ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്ന സംഭവങ്ങൾ നാൾക്കുനാൾ ഏറുകയാണ്. ഇത്തരം അതിക്രമങ്ങൾക്കു നടുവിൽ പെൺകുട്ടികൾക്കു ഭർതൃവീട്ടിലെ ജീവിതം അപകടകരമായി മാറുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. നിയമനടപടികൾ സ്വീകരിക്കുന്നതോടൊപ്പം സമൂഹത്തിൽ വ്യാപകമാകുന്ന ഈ വിപത്ത് തടയുന്നതിൽ സമൂഹ മനസാക്ഷി ഉണരണമെന്നും കോടതി ആവശ്യപ്പെട്ടു. കർശന നിയമങ്ങളൊക്കെ ഉണ്ടായിട്ടും ഇത്തരം സംഭവങ്ങൾ കൂടുന്നതിൽ ജസ്റ്റിസ് വി. ഷെർസി ഉത്കണ്ഠ രേഖപ്പെടുത്തി.

വിവാഹിതകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച് അവരുടെ വീട്ടിൽനിന്ന് കൂടുതൽ സ്വത്ത് നേടി ഭർത്തൃവീട്ടുകാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന സംഭവങ്ങൾ നാട്ടിൽ ഏറി വരികയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. പീഡന ആരോപണങ്ങളിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ വർദ്ധിച്ചിട്ടും വിവാഹം കഴിച്ചെത്തുന്ന പെൺകുട്ടികളോടു വീട്ടുകാരുടെയും സമൂഹത്തിന്റെയും മനോഭാവം മാറുന്നില്ലെന്നു കോടതി പറഞ്ഞു.

ഏഴ് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഏഴ് ലക്ഷം രൂപയും ബെലോനോ കാറും സ്ത്രീധനമായി ഭർത്താവിന്റെ വീട്ടുകാർ കൈപ്പറ്റിയിരുന്നു. 110 പവൻ സ്വർണവും പെൺകുട്ടിക്ക് നൽകി. ഇതിന് പുറമെ രണ്ട് ഏക്കർ ഭൂമിയും മകളുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകി. അതിൽ റോഡ് ഫ്രണ്ടേജുള്ള 10 സെന്റ് സ്ഥലം സിജോ സ്വന്തം പേരിൽ പെൺകുട്ടിയിൽ നിന്നും എഴുതിവാങ്ങിയിരുന്നു. ബാക്കി സ്ഥലം വിൽക്കാൻ പെൺകുട്ടിയെ നിർബന്ധിച്ചെങ്കിലും അവൾ അതിന് സമ്മതിച്ചിരുന്നില്ല. ഇക്കാര്യത്താൽ ഭർത്താവിന്റെ വീട്ടുകാർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

ഇതിന്റെ പേരിൽ പെൺകുട്ടിയുടെ കാലും അവർ തല്ലിയൊടിച്ചു. പീഡനം സഹിക്കാനാകാതെ പെൺകുട്ടി വീട്ടുകാരെ വിളിച്ചു വരുത്തി. ഏപ്രിൽ 14ന് ഭർത്താവിന്റെ വീട്ടിൽ എത്തിയപ്പോൾ ഭർത്താവും സഹോദരനും അച്ഛനും ചേർന്ന് പെൺകുട്ടിയുടെ അച്ഛനേയും സഹോദരനെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ് അവർ ചികിത്സയിലാണ്. പരാതിക്കാരിക്കു വേണ്ടി ഹൈക്കോടതി അഭിഭാഷകരായ അഡ്വ. തോമസ് ആനക്കല്ലുങ്കൽ, അഡ്വ. മരിയ പോൾ എന്നിവർ ഹാജരായി.