മെൽബൺ: രാജ്യത്ത് ഗാർഹിക അക്രമങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ട്. അക്രമങ്ങളെതുടർന്നുള്ള മരണങ്ങളുടെ തോതും ഉയരുന്നതിനാൽ പ്രശ്‌നം ആശങ്കയ്ക്ക് വഴി വച്ചിരിക്കുകയാണെന്നാണ് വിലയിരുത്തൽ. ആഴ്ചയിൽ ഒരു സ്ത്രീ വീതം ഗാർഹിക അക്രമങ്ങളെ തുടർന്ന് കൊല്ലപ്പെടുന്നുവെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലവിലുള്ളതോ മുമ്പുള്ളതോ ആയ പങ്കാളിയുടെ ആക്രമണത്തിലാണ് സ്ത്രീകൾ കൊല്ലപ്പെടുന്നതെന്ന് വ്യക്തമാകുന്നു.

2015-ൽ തന്നെ ജനുവരി മാസത്തിൽ ആറു പേരാണ് ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ അഞ്ചു പേരും സ്ത്രീകളാണ്.  അഞ്ചു പേരും കൊല്ലപ്പെട്ടത് മുമ്പുള്ള പങ്കാളിയുടെ ആക്രമണത്തിലാണ് എന്നതു ശ്രദ്ധേയമാണ്. കൊല്ലപ്പെട്ട അഞ്ചു സ്ത്രീകളിൽ ഒരാളുടെ പങ്കാളിയാണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടവരിലെ പുരുഷൻ. പുതിയ ജീവിതം ആരംഭിച്ച റിനീ കാർട്ടറും കോറി ക്രോഫ്റ്റും ഗോൾഡ് കോസ്റ്റിലുള്ള ഇവരുടെ വീട്ടിൽ വച്ചാണ് കൊല്ലപ്പെടുന്നത്. റിനീ കാർട്ടറുടെ മുൻ ഭർത്താവാണ് ഇവിടെ കൊലയാളി ആയത്.

ഓസ്‌ട്രേലിയയിലെ മുക്കിലും മൂലയിലും ഇത്തരം ഗാർഹിക അക്രമങ്ങൾ അരങ്ങേറുന്നതായാണ് റിപ്പോർട്ട്. ഗാർഹികാന്തരീക്ഷം സമാധാനപരമായി കാത്തുസൂക്ഷിക്കുന്നത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ടോണി അബോട്ട് കഴിഞ്ഞമാസം എല്ലാ സ്‌റ്റേറ്റ് ടെറിട്ടറി നേതാക്കന്മാരോടും ആവശ്യപ്പെട്ടിരുന്നു. ഗാർഹിക പീഡനങ്ങൾക്കും അക്രമങ്ങൾക്കുമെതിരേ നേതൃത്വം ഉണർന്നു പ്രവർത്തിക്കണമെന്നാണ് ഓസ്‌ട്രേലിയൻ ഓഫ് ദ ഇയർ അവാർഡ് നേടിയ റോസീ ബാത്തി വ്യക്തമാക്കുന്നത്. കുടുംബങ്ങളിൽ അരങ്ങേറുന്ന ഇത്തരം അക്രമങ്ങൾ വെളിച്ചത്തുകൊണ്ടുവരണമെന്നും ഇവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ബാത്തി ഉദ്‌ബോധിപ്പിക്കുന്നത്.