കുവൈത്ത് സിറ്റി:   ഗാർഹിക തൊഴിലാളികളുടെ വിസ തൊഴിൽ വിസയിലേക്ക് മാറ്റാനുള്ള കാലാവധി ഇന്നലെ അവസാനിച്ചതോടെ നിയമലംഘകരായ ഗാർഹികത്തൊഴിലാളികളെ കണ്ടെത്താനുള്ള നീക്കം തകൃതിയായി. ഇതിനായി ഗാർഹിക തൊഴിലാളികളെ വിതരണം ചെയ്യുന്ന ഓഫിസുകളിൽ മിന്നൽ പരിശോധനയ്ക്കായി ആഭ്യന്തരമന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഓഫിസുകളിൽ പരിശോധനയ്‌ക്കെത്തുന്ന സംഘം നിയമലംഘനം കണ്ടെത്തിയാൽ നിയമലംഘകരെ നാടുകടത്തുന്നതിനും ഓഫിസുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും അതിവേഗ തീരുമാനം കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പൗരത്വ-യാത്രാരേഖാ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് മസാൽ അൽ ജാറ അറിയിച്ചു.

താമസാനുമതികാര്യ വിഭാഗത്തിലെ ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകും സംഘം പ്രവർത്തിക്കുക. ഈ ആഴ്ചയോടെ സംഘം ദൗത്യം ആരംഭിക്കും. രാജ്യത്തെ പൗരന്മാരുടെയും താമസിക്കുന്നവരുടെയും എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന നിലപാടാകും പരിശോധകരുടേത്. എല്ലാ മേഖലയിലും പരിശോധന ഉണ്ടാകും.