ജിദ്ദ: ഗാർഹിക തൊഴിലാളികളെ മറ്റു തൊഴിലുകൾക്ക് ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ലേബർ മിനിസ്ട്രി ഉത്തരവിറക്കി. സ്ത്രീകൾ മാത്രമുള്ള കടകളിൽ ഇത്തരത്തിൽ ഗാർഹിക തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നണ് ലേബർ മിനിസ്ട്രി വീണ്ടും  ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌പോൺസർഷിപ്പ് കോൺട്രാക്ടിനു പുറത്തുള്ള ജോലികൾ ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്കും വിലക്ക് ഏർപ്പെടുത്തുമെന്ന് ഉത്തരവിൽ പറയുന്നു.

വീട്ടുജോലിക്കായി കൊണ്ടുവന്നിരിക്കുന്ന ഗാർഹിക തൊഴിലാളികളെ കോൺട്രാക്ടിൽ പറഞ്ഞിരിക്കുന്ന ജോലിക്കു പുറമേ മറ്റു പല ജോലികളും ചെയ്യിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് തൊഴിൽ മന്ത്രാലയം ഇക്കാര്യത്തിൽ ഇടപെട്ടിരിക്കുന്നത്. ഇത് ഡൊമസ്റ്റിക് ലേബർ റെഗുലേഷന്റെ ലംഘനമാണ് ലേബർ മിനിസ്ട്രി വക്താവ് അറിയിക്കുന്നു. കരാറിൽ പറഞ്ഞിരിക്കുന്ന ജോലികൾക്കു പുറമേ മറ്റു ജോലികൾ ഗാർഹിക തൊഴിലാളികളെ കൊണ്ട് എടുപ്പിക്കുന്ന എംപ്ലോയർമാർക്ക് ശിക്ഷ ഏൽക്കേണ്ടി വരുമെന്നും ലേബർ മിനിസ്ട്രി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഔദ്യോഗികമായി പുതിയ എംപ്ലോയറിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാതെ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളെ നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്‌പോൺസർമാരല്ലാത്ത എംപ്ലോയർമാർക്കു കീഴിൽ ജോലി ചെയ്യുന്നതിന് വിദേശ ജോലിക്കാരെ വിലക്കുന്ന ലേബർ റെഗുലേഷന്റെ 39-ാം ആർട്ടിക്കിൾ പ്രകാരമാണ് ഇത്തരക്കാരെ നാടുകടത്തുന്നത്.