ലക്നൗ: യോഗി ആദിത്യനാഥിന്റെ ഉത്തർ പ്രദേശിലെ സ്‌കൂളുകളിൽ ഹിന്ദു കുട്ടികളിൽ നിന്നും ക്രിസ്തുമസ് ആഘോഷത്തിന് പണം പിരിക്കുന്നതിന് വിലക്ക്. ഹിന്ദുക്കുട്ടികൾ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാൻ നിർബബന്ധിക്കാൻ പാടില്ലെന്നും ഹിന്ദു ജാഗരൺ സമിതി സ്‌കൂളുകൾക്ക് മുന്നറിയിപ്പ് നൽകി. ഈ ആഘോഷങ്ങൾ വഴി സ്‌കൂളുകൾ ക്രിസ്തുമതം പ്രചരിപ്പിക്കും എന്നാരോപിച്ചാണ് ആർഎസ്എസിന്റെ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ച് എത്തിയിരിക്കുന്നത്.

വരും ദിവസങ്ങളിൽ സ്വകാര്യ സ്‌കൂളുകളിൽ നടക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങളെ ഇവർ നിരീക്ഷിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. അതേസമയം ഇത്തരമൊരു നീക്കത്തെ കുറിച്ച് അറിവില്ലെന്നാണ് സർക്കാർ പറയുന്നത്. ക്രിസ്തുമസ് സ്‌കൂളിൽ ആഘോഷിക്കുന്നതിനെ എതിർക്കുന്നല്ല. എന്നാൽ ഹിന്ദുക്കുട്ടികളെ നിർബന്ധിച്ച പണം പിരിക്കാൻ പാടില്ല. സ്വകാര്യ സ്‌കൂളുകളിലെ പ്രിൻസിപ്പൾമാർക്കും മാനേജർമാർക്കും ഹിന്ദുക്കുട്ടികളിൽ നിന്നും പണം പിരിക്കാൻ പാടില്ലെന്ന് കാണിച്ച് ഹിന്ദു ജാഗരൺ മഞ്ച് കത്തെഴുതുകയും ചെയ്തു.

മിഷണറിമാരുടെ കീഴിലും മറ്റും പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും മലയാളി വിദ്യാർത്ഥിനികളാണ്. ഈ സ്‌കൂളുകളിൽ ക്രിസ്ത്യൻ കുട്ടികൾ വളരെ കുറവും ആണ്. അതിനാൽ പണപ്പിരിവ് പാടില്ല. ഇത്തരം ആഘോഷങ്ങൾ സഘടിപ്പിക്കുന്നത് ഹിന്ദു വിദ്യാർത്ഥികളെ മാനസികമായി ബാധിക്കുമെന്നും അതുകൊണ്ട് രക്ഷിതാക്കളും ആഘോഷത്തിനെതിരെ രംഗത്തെത്തണമെന്നും സംഘടന ആവശ്യപ്പെട്ടിരിക്കുകയാണ്.

സ്‌കൂളുകളിൽ ആഘോഷം സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഹിന്ദു ജാഗരൺ മഞ്ച് പ്രസിഡന്റ് സോനു സവിത മാധ്യമങ്ങളോട് പറഞ്ഞു. കളിക്കോപ്പുകളും സമ്മാനങ്ങളും കൊണ്ടുവരണമെന്നും ക്രിസ്തുമസ് ആഘോഷം സംഘടിപ്പിക്കണമെന്നും സ്‌കൂൾ അധികൃതർ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട്. ആദ്യം സമ്മാനങ്ങൾ നൽകി വശീകരിക്കുകയും പിന്നീട് മതംമാറ്റം നടത്തുകയുമാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്നും സോനു ആരോപിച്ചു. തങ്ങളുടെ വാക്കുകൾ ലഘിക്കുകയാണെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിയും മാധ്യമങ്ങൾക്കു മുന്നിൽ അദ്ദേഹം നടത്തി.

കഴിഞ്ഞ വ്യാഴാഴ്ച മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് മലയാളിവൈദികർ ഉൾപ്പെടെയുള്ള ക്രിസ്മസ് കരോൾ സംഘത്തെ മധ്യപ്രദേശിലെ സത്നയിൽ ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവച്ചിരുന്നു. അക്രമിസംഘം ഇവരുടെ വാഹനം അഗ്‌നിക്കിരയാക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് കരോൾസംഘത്തെ രക്ഷപ്പെടുത്തുന്നതിന് പകരം അറസ്റ്റ് ചെയ്യുകയായിരുന്നു.സംഘത്തെ ജാമ്യത്തിൽ വിടുന്നത് തടയാൻ അക്രമിസംഘം പൊലീസ് സ്റ്റേഷൻ വളഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. കരോളിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിനെ തുടർന്നാണ് പിന്നീട് കരോൾ സംഘത്തെ വിട്ടയച്ചത്.