ഇസ്ലാമബാദ്: ഇന്ത്യാ - പാക്കിസ്ഥാൻ ബന്ധം മെച്ചപ്പെട്ട് വരുന്ന സാഹചര്യത്തിൽ അത് മോശമാകാതിരിക്കാനുള്ള മുൻകരുതലുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്തെത്തി. ഇന്ത്യക്കെതിരെ പ്രസംഗിക്കുകയോ പ്രസ്താവന ഇറക്കുകയോ ചെയ്യരുതെന്ന നിർദ്ദേശം സഹമന്ത്രമാർക്ക് നൽകിയാണ് ഷെരീഫ് രംഗത്തെത്തിയത്. ഇത്തരം നടപടികൾ സമാധാന ചർച്ചകത്തെ ബാധിക്കുമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാർക്ക് ഷെരീഫ് നിർദ്ദേശം നൽകിയത്.

ചർച്ചകളെ പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകേള പാടുള്ളൂ. പഴയ കാര്യങ്ങൾ വലിച്ചുപുറത്തിടുന്ന തരത്തിലുള്ള നടപടികളൊന്നും വേണ്ട.ഷെരീഫ് വ്യക്തമാക്കി. ചർച്ചകൾ വഴി ഇന്ത്യ-പാക് ബന്ധത്തിൽ വലിയ മാറ്റം വരണമെന്നാണ് ഷെരീഫിന്റെ ആഗ്രഹമെന്നും നേഷൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഭാരതവുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും സാധിക്കുമെന്നും ഇത് ഉപഭൂഖണ്ഡത്തിനാകെ ഗുണം ചെയ്യുമെന്നുമാണ് പ്രധാനമന്ത്രി ഷെരീഫ് ഉറച്ചു വിശ്വസിക്കുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കശ്മീർ പ്രശ്‌നം, ഭീകരവാദം, വ്യാപാരം എന്നിവയാണ് ഭാരതവുമായുള്ള ചർച്ചയിൽ പ്രധാന വിഷയങ്ങളായി പാക് സർക്കാർ കാണുന്നത്. നവാസ് ഷെരീഫിന്റെ നിലപാട് തന്നെയാണ് പാക് സൈന്യത്തിനുമുള്ളതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേ സമയം സുപ്രധാന നിലപാടുകളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണ് സൈന്യത്തിന്റേയും സർക്കാരിന്റേയും നിലപാട്.

നേരത്തെ പാരീസിൽ കാലാവസ്ഥ ഉച്ചകോടിക്കിടെ നവാസ് ഷെരീഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലും തുടർന്ന് ബാങ്കോക്കിൽ ഇരു രാജ്യങ്ങളുടേയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കളും ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനിലെത്തി നവാസ് ഷെരീഫുമായും വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസുമായും ചർച്ച നടത്തിയിരുന്നു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ചർച്ചകൾ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ജനുവരിയിൽ ലോകസാമ്പത്തിക ഫോറം ഉച്ചകോടിക്കിടെ സ്വറ്റ്‌സർലാന്റിലും മോദിയും ഷെരീഫും ചർച്ച നടത്തിയേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ടി.സി.എ രാഘവൻ പറഞ്ഞു.