നിങ്ങളുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിങ്ങളുടെ ഫോൺ നമ്പർ ഉണ്ടോ? എന്നാൽ അത് മാറ്റുന്നതായിരിക്കും നല്ലത്. അതു പോലെത്തന്നെ ഫേസ്‌ബുക്കിൽ ഫോൺ നമ്പർ ഇടാനൊരുങ്ങുന്നതിന് മുമ്പ് രണ്ടു തവണ ആലോചിക്കുന്നതും നന്നായിരിക്കും. മൊബൈലിൽ നിന്നും ഫോട്ടോകൾ ഫേസ്‌ബുക്കിലിടുന്നവരോട് അവരുടെ ഫോൺ നമ്പറുകളും ചേർക്കാൻ ഫേസ്‌ബുക്ക് ആവശ്യപ്പെടാറുമുണ്ട്. എന്നാൽ ഇങ്ങനെ ചേർക്കുന്ന നമ്മുടെ ഫോൺ നമ്പറുകൾ പ്രൈവസി സെറ്റിങ്‌സുകൾ ഉള്ളതിനാൽ ആർക്കും എളുപ്പത്തിൽ കണ്ടു പിടിക്കാൻ സാധിക്കില്ലെന്നാണ് മിക്കവരുടെയും ധാരണ.

എന്നാൽ ഇത് ഒരു വെറും ആത്മവിശ്വാസം മാത്രമാണ്. കാരണം ഇത്തരം നമ്പറുകൾ കണ്ടുപിടിക്കാൻ മറ്റുള്ളവർക്ക് വലിയ പ്രയാസമൊന്നുമില്ലെന്നാണ് പുതിയ വെളിപ്പെടുത്തൽ. പ്രൈവസി സെറ്റിങ്‌സ് നിലവിലുണ്ടെങ്കിലും ഇത്തരത്തിൽ ചിത്രങ്ങളിടുന്നവരുടെ പേര്, ചിത്രം, ലോക്കേഷൻ തുടങ്ങിയവയെല്ലാം ആർക്കും കണ്ടുപിടിക്കാനും ഇത്തരം നമ്പറുകളിലൂടെ സാധിക്കുകയും ചെയ്യും. അതായത് ഫോൺ നമ്പറുകൾ സെർച്ച്ബാറിൽ ടൈപ്പ് ചെയ്തുകൊടുക്കുന്നതിലൂടെ യൂസറുടെ ഇത്തരത്തിലുള്ള വിവരങ്ങളെല്ലാം ആർക്കും ആക്‌സസ് ചെയ്യാനാവുമെന്നാണ് വിഗദ്ധരുടെ മുന്നറിയിപ്പ്.

ഈ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതിനായി ്ഒരു ബ്രിട്ടീഷ് സോഫ്റ്റ് വയർ എൻജിനീയർ ഇത്തരത്തിലുള്ള ഫോൺ നമ്പറുകളിലൂടെ ശേഖരിച്ച യൂസർമാരുടെ ആയിരക്കണക്കിന് ഡാറ്റകളുമായി രംഗത്തെത്തിയിട്ടുമുണ്ട്.സാൾട്ട്ഏജൻസിയുടെ ടെക്‌നിക്കൽ ഡയറക്ടറാണ് ഈ ഉദ്യമത്തിന് തയ്യാറായിരിക്കുന്നത്. യുകെയ,യുഎസ്, കാനഡ എന്നിവിടങ്ങളിലെ സാധ്യമായ ഫോൺ നമ്പറുകൾ കണ്ടെത്താനായി ഇദ്ദേഹം ഒരു കോഡിങ് സ്‌ക്രിപ്റ്റ് തന്ത്രപരമായി ഉപയോഗിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം മില്യൺ കണക്കിന് ഫോൺ നമ്പറുകൾ ഫേസ്‌ബുക്കിന്റെ ആപ്ബിൽഡിങ് പ്രോഗ്രാമി(എപിഐ)ലേക്ക് അയക്കുകയായിരുന്നു. ഇതിനുള്ള പ്രതികരണമെന്നോണം അദ്ദേഹത്തിന് മില്യൺ കണക്കിന് പഴ്‌സണൽ പ്രൊഫൈലുകൾ തടസമില്ലാതെ ലഭിക്കുകയും ചെയ്തു. 

ഹാക്കിങ് ഭീഷണിയുണ്ടെന്നും ഇതിനാൽ എപിഐയോട് പ്രീഎൻക്രൈപ്റ്റ് ചെയ്യാനും ഫേസ്‌ബുക്ക് ഏപ്രിലിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ സുരക്ഷാപ്രശ്‌നവുമായി ബന്ധപ്പെട്ട പിഴവുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. തൽഫലമായി ഫേസ്‌ബുക്കിലെ 1.44 ബില്യൺ യൂസർമാർക്ക് ഹാക്കിങ് ഭീഷണി നിലനിൽക്കുന്നുമുണ്ട്. ഇതുമൂലം എളുപ്പത്തിൽ ഹാക്കിംഗിനു വിധേയമാകാനുള്ള സാധ്യതയുണ്ടെന്ന വാദം ഫേസ്‌ബുക്ക് വക്താവ് തള്ളിക്കളഞ്ഞു. ഇത്തരം പ്രശ്‌നങ്ങൾ കൂടുതൽ കാര്യക്ഷമമായി നീരീക്ഷിച്ച് വേണ്ട നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറയുന്നു.

ഹാക്കർമാർ ചോർത്തിയെടുക്കുന്ന ചിത്രങ്ങൾ, പേരുകൾ, ഫോൺ നമ്പറുകൾ, വിദ്യാഭ്യാസ ചരിത്രം, ലൊക്കേഷനുകൾ തുടങ്ങിയവ നിയമാനുസൃതമല്ലാത്ത ട്രേഡിങ് സൈറ്റ് നെറ്റ് വർക്കുകളിൽ വിൽക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.സാധാരണയായി ഹാക്കർമാർ ഇത്തരത്തിൽ വലിയ അളവിലുള്ള ഡാറ്റകൾ വൻ ലാഭത്തിന് വിൽക്കുകയാണ് ചെയ്യുന്നത്. തുടർന്ന് അവ പലവിധത്തിൽ ദുരുപയയോഗം ചെയ്യുകയും ചെയ്യുന്നു. ക്രെഡിറ്റ് കാർഡുകൾ മോഷ്ടിക്കുന്നതിനേക്കാൾ ലാഭകരം ഫേസ്‌ബുക്കിലെയും ട്വിറ്ററിലെയു സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുകയാണെന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും പ്രസ്തുത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇത്തരത്തിലുള്ള സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന കാര്യം ഡെയിലി മെയിലിനയച്ച ഇമെയിലിൽ ഫേസ്‌ബുക്ക് നിഷേധിക്കുകയാണ് ചെയ്തത്. ഫോൺ നമ്പറുപയോഗിച്ച് തങ്ങളുടെ സ്വകാര്യവിവരങ്ങൾ മറ്റുള്ളവർ കണ്ടെത്തുന്നത് തടയാൻ യൂസർമാർക്ക് തങ്ങളുടെ പ്രൈവസി സെറ്റിംഗുകൾ അഡ്ജസ്റ്റ് ചെയ്യുന്നതിലൂടെ കഴിയുമെന്നും ഫേസ്‌ബുക്ക് പറയുന്നു.