- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുര്യോധനനും ദുശ്ശാസനനും നമുക്ക് വേണ്ട; ബിജെപിയോട് യാത്രാമംഗളങ്ങൾ പറയൂ എന്നും മമത ബാനർജി; ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്ത്രമന്ത്രി അമിത്ഷായെയും ബിജെപി നേതാക്കളേയും രൂക്ഷമായി വിമർശിച്ച് മമതാ ബാനർജി. ദുര്യോധനൻ, ദുശ്ശാസനൻ, മിർ ജാഫിർ എന്നിവരുമായാണ് കിഴക്കൻ മിഡ്നാപുരിലെ ഒരു റാലിയിൽ സംസാരിക്കവെ മമത ബാനർജി ബിജെപി നേതാക്കളെ ഉപമിച്ചത്. 'ബിജെപിയോട് യാത്രാമംഗളങ്ങൾ പറയൂ, നമുക്ക് ബിജെപി വേണ്ട, നാം മോദിയുടെ മുഖം കാണാൻ ആഗ്രഹിക്കുന്നില്ല. കലാപങ്ങൾ, കൊള്ള, ദുര്യോധനൻ, ദുശ്ശാസനൻ, മിർ ജാഫിർ എന്നിവയൊന്നും നമുക്ക് വേണ്ട.' മമത പറഞ്ഞു.
തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയെയും മമത വിമർശിച്ചു. 'ഇന്ന് മിഡ്നാപുരിൽ എവിടെ വേണമെങ്കിലും വരാൻ എനിക്ക് സ്വാതന്ത്ര്യമുണ്ട്. ആദ്യമെല്ലാം ഞാൻ എവിടെയാണ് ഞാൻ പോകേണ്ടതെന്ന് ചോദിച്ചിരുന്നു. ഞാനവരെ അന്ധമായി സ്നേഹിച്ചു, എന്നാൽ അവരെന്നെ വഞ്ചിച്ചു. 2014 മുതൽ അവർക്ക് ബിജെപിയുമായി അടുപ്പമുണ്ടായിരുന്നു. അവരെ വിശ്വസിച്ചിരുന്നുവെന്നതിൽ എനിക്ക് ഖേദമുണ്ട്.' മമത കൂട്ടിച്ചേർത്തു.
തന്റെ മുദ്രാവാക്യം പ്രധാനമന്ത്രി അപഹരിച്ചതായി ആരോപിച്ച മമത, മോദിയെ കോപി ക്യാറ്റ് എന്നാണ് വിശേഷിപ്പിച്ചത്. കാലിന് പരിക്ക് പറ്റിയതിനെ തുടർന്ന് വീൽചെയറിലാണ് മമതയുടെ പര്യടനം. മമതയുടെ പത്തുവർഷത്തെ ഭരണം അവസാനിക്കുകയാണെന്നും ഇനി വികസനം ആരംഭിക്കുമെന്നും വ്യാഴാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്യവേ മോദി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, പശ്ചിമ ബംഗാളിലെ സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ബിജെപിയിൽ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. അന്തരിച്ച കോൺഗ്രസ് നേതാവ് സൊമൻ മിത്രയുടെ ഭാര്യ ശിഖ മിത്രയും ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരുന്നു. ടെലിവിഷനിൽ പ്രഖ്യാപനം കേട്ടിട്ട് വിശ്വാസം വരാത്ത ശിഖ പിന്നീട് ബിജെപിയുടെ ഔദ്യോഗിക വാർത്ത കുറിപ്പും പരിശോധിച്ചു. കൊൽക്കത്തയിലെ ചൗറീൻ ഘീ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ശിഖയെ പ്രഖ്യാപിച്ചിരിക്കുന്നത്. താൻ ബിജെപിക്കാരിയല്ലെന്നും മത്സരിക്കാൻ താൽപര്യമില്ലെന്നും ശിഖമിത്ര വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുമായി ശിഖ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. എന്നാൽ കേവലം സൗഹൃദ സംഭാഷണം മാത്രമായിരുന്നു അതെന്നാണ് ശിഖ വ്യക്തമാക്കുന്നത്. ബിജെപിയുടെ മുഖം ഓരോ പട്ടിക വരുമ്പോഴും കൂടുതൽ വികൃതമാകുകയാണെമന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ പരിഹസിച്ചു.
അതേ സമയം 157 പേരുടെ സ്ഥാനാർത്ഥി പട്ടിക കൂടി പ്രഖ്യാപിച്ചതോടെ ബംഗാൾ ബിജെപിയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. ജൽപായിഗുരിയിൽ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആയിരുന്നു അക്രമം. ജഗദാലിലും മാൽഡയിലും, നോർത്ത് 24 പർഗാനാസിലും പ്രവർത്തകർ പ്രതിഷേധിക്കുകയും പാർട്ടി ഓഫീസ് അടിച്ചു തകർക്കുകയും ചെയ്തു. ടിക്കറ്റ് നിഷേധിച്ചതിന്റെ പേരിൽ അസനോളിലെ ബിജെപി നിരീക്ഷകൻ സൗരവ് സിക്ദാർ എല്ലാ പാർട്ടി സ്ഥാനങ്ങളും രാജിവെച്ചു.പഴയ പ്രവർത്തകരെ മറന്ന് ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ തൃണമൂൽ കോൺഗ്രസുകാരെ കുത്തി നിറച്ചെന്നാണ് ആക്ഷേപം.
മറുനാടന് മലയാളി ബ്യൂറോ