ന്യൂഡൽഹി/ഇസ്ലാമാബാദ്: അതിർത്തിയിൽ വെടിനിർത്തൽ കരാർ തുടർച്ചയായി പാക്കിസ്ഥാൻ ലംഘിക്കവെ, ഇന്ത്യ വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി. അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തുന്ന 'സാഹസികത' അവർക്ക് അപരിഹാര്യമായ നഷ്ടങ്ങളുണ്ടാക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. അതിനിടെ, ആണവായുധ കേന്ദ്രങ്ങൾ സജ്ജമാക്കി നിർത്താനുള്ള നീക്കത്തിനും പാക്കിസ്ഥാൻ തുടക്കമിട്ടു. സ്ഥിതിഗതികൾ വിലയിരുത്താൻ ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിക്കുകയും ചെയ്തതോടെ, യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി.

 

അതിർത്തിയിൽ തുടർന്നും പ്രകോപനങ്ങൾ സൃഷ്ടിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുകയും ചെയ്താൽ, ഇന്ത്യൻ സൈന്യം നോക്കി നിൽക്കില്ലെന്ന് പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി. ഇന്ത്യൻ സൈന്യം മുന്നിട്ടിറങ്ങിയാൽ അത് പാക്കിസ്ഥാന് താങ്ങാനാകില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ജെയ്റ്റ്‌ലിയുടെ വാക്കുകൾക്ക് അതേ നാണയത്തിൽത്തന്നെയാണ് പാക് പ്രതിരോധ മന്ത്രി ക്വാജ മുഹമ്മദ് ആസിഫ് മറുപടി നൽകിയത്. ആണവ ശക്തിയായ പാക്കിസ്ഥാന് ഇന്ത്യയുടെ ഭീഷണികൾ അതേ രീതിയിൽത്തന്നെ നേരിടാനുള്ള കരുത്തുണ്ടെന്ന് ക്വാജ മുഹമ്മദ് പറഞ്ഞു.

രണ്ട് ആണവ രാജ്യങ്ങളുടെ അതിർത്തിയിൽ നേർക്കുനേർ ഏറ്റുമുട്ടലിലേക്ക് പോകാൻ ആർക്കും താത്പര്യമുണ്ടാകില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യ കൂടുതൽ കരുതലെടുക്കുകയും ഉത്തരവാദിത്വം കാട്ടുകയും വേണമെന്നും ക്വാജ മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര അതിർത്തിയിലെയും നിയന്ത്രണ രേഖയിലെയും പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ദേശീയ സുരക്ഷാ കൗൺസിലിന്റെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

സമാധാനത്തിനുള്ള ആദ്യ ശ്രമമുണ്ടാകേണ്ടത് പാക്കിസ്ഥാന്റെ പക്ഷത്തുനിന്നാണെന്ന് ബി.എസ്.എഫ് ഡയറക്ടർ ജനറൽ ഡി.കെ പഥക് പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ല. ഗോദയിൽനിന്ന് ഇറങ്ങാതെ തുടർച്ചയായി തോറ്റുകൊണ്ടിരിക്കുന്ന മത്സരാർഥിയെപ്പോലെയാണ് പാക്കിസ്ഥാനെന്നും അദ്ദേഹം പറയുന്നു. അതിർത്തിയിൽ രണ്ടുദിവസമായി സംഘർഷത്തിന് അയവുവന്നിട്ടുണ്ടെങ്കിലും, പീരങ്കിയാക്രമണം ഇരുഭാഗത്തുനിന്നും ഒറ്റപ്പെട്ട നിലയിൽ തുടരുന്നുണ്ട്.

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതാണ് പാക്കിസ്ഥാൻ സൈന്യത്തെ പ്രകോപിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. പാക്കിസ്ഥാനിൽനിന്ന് ആദ്യം വെടിവെപ്പുണ്ടായത് ഹോക്കിയിൽ അവർ തോറ്റ് 25 മിനിറ്റിനുശേഷമാണെന്ന കാര്യം സത്യമാണെന്ന് പഥക് തന്നെ പറയുന്നു. രണ്ടുമണിക്കൂറിനുശേഷം വീണ്ടും ആക്രമണമുണ്ടായി. പിന്നീട് ഇരുഭാഗത്തും ശക്തമായ ഏറ്റുമുട്ടൽ നടന്നുവെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു.

അതിർത്തിയിലെ ഏറ്റുമുട്ടൽ തുടരുന്നതിനിടെ, ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷം ഉടലെടുക്കുന്നതിൽ അമേരിക്ക ആശങ്ക രേഖപ്പെടുത്തി. ന്യൂഡൽഹിയിൽ സന്ദർശനം നടത്തുന്ന യു.എസ്. കോൺഗ്രസ് അംഗങ്ങളാണ് ആശങ്ക വ്യക്തമാക്കിയത്. ഇന്ത്യയും പാക്കിസ്ഥാനും കൂടിയാലോചിച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കുന്ന സെനറ്റർ ടിം കെയ്ൻ പറഞ്ഞു.

അതിനിടെ, സൈബർലോകത്തും പോരാട്ടം ശക്തമായിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും ഒട്ടേറെ വെബ്‌സൈറ്റുകളാണ് ഇതിനകം ഹാക്ക് ചെയ്തിട്ടുള്ളത്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റടക്കം പ്രമുഖ ഇന്ത്യൻ സൈറ്റുകൾ പാക്കിസ്ഥാൻ ഹാക്കർമാർ സ്വന്തമാക്കി. പാക്കിസ്ഥാൻ പ്രതിപക്ഷ പാർട്ടി പി.പി.പി.യുടെയും പാക്കിസ്ഥാൻ റെയിൽവേയുടെയും വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.