നിയാഴ്ച ലണ്ടനിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ലണ്ടൻ മേയർ സാദിഖ് ഖാനെതിരെയുള്ള തന്റെ കുറ്റപ്പെടുത്തലുകൾ യുഎസ് പ്രസിഡന്റ് ട്രംപ് തുടരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാക്കിസ്ഥാനിയായ ഈ മുസ്ലീമിനെ ലണ്ടന്റെ മേയറാക്കിയതാണ് കുഴപ്പത്തിന് കാരണമെന്ന് സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് സാക്ഷാൽ ഡൊണാൾഡ് ട്രംപ് ഞായറാഴ്ച തന്നെ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടി പറയാൻ തനിക്ക് സമയമില്ലെന്ന് ഖാൻ പ്രതികരിച്ചെങ്കിലും ട്രംപ് ഖാനെതിരെയുള്ള ട്വീറ്റുകൾ ശക്തമായി തുടരുകയാണ്. ഇക്കാര്യത്തിൽ ലണ്ടൻകാർക്കില്ലാത്ത പരാതിയാണ് ട്രംപ് ഖാനെതിരെ ഉന്നയിച്ചിരിക്കുന്നത്. അതേ സമയം ഖാനെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഭീകരാക്രമണത്തിൽ ഏഴ് പേർ മരിക്കുകയും 48 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടും നഗരത്തിൽ കടുത്ത മുന്നറിയിപ്പും ജാഗ്രതാ നിർദേശവും ഉയർത്തേണ്ടുന്ന ആവശ്യമില്ലെന്ന ഖാന്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഖാനെതിരെയുള്ള പുതിയ ട്വീറ്റുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ ശോചനീയമായ ഒഴിവ്കഴിവുകളാണ് ലണ്ടൻ മേയർ നിരത്തുന്നതെന്നാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധി ഘടത്തിൽ ലണ്ടൻകാരിൽ ഭിന്നതയുണ്ടാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇന്നലെ രാത്രി ഖാൻ തിരിച്ചടിച്ചിരുന്നു.

ഖാനെതിരെയുള്ള ട്രംപിന്റെ ആദ്യ ട്വീറ്റുകൾ പുറത്ത് വന്നതിനെ തുടർന്ന് തന്നെ തെരേസ ലണ്ടൻ മേയർക്ക് ഈ വിഷയത്തിൽ ശക്തമായ പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു. തെരേസ ഖാനൊപ്പമുണ്ടെന്നറിഞ്ഞിട്ടും കൂസലില്ലാത്ത വിധം ട്രംപ് തന്റെ ട്വീറ്റ് തുടരുകയാണ്. ലണ്ടൻ ആക്രമണത്തെ തുടർന്ന് മുൻകരുത ലായി തെരുവുകളിൽ അധിക പൊലീസ് സാന്നിധ്യം കണ്ട് പരിഭ്രമിക്കേണ്ടെന്നായിരുന്നു ഖാൻ ജനത്തെ ആഹ്വാനം ചെയ്തിരുന്നത്. അതിനൊപ്പം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്നും ഖാൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെയാണ് ട്രംപ് കടുത്ത കുറ്റമായി തന്റെ ട്വീറ്റുകളിലൂടെ എടുത്ത് കാട്ടുന്നത്.

ആക്രമണം നടന്ന പ്രതിസന്ധി ഘട്ടത്തിന് ശേഷം ലണ്ടൻ മേയറെന്ന നിലയിൽ ഖാൻ മാതൃകാപരമായ നടപടികളാണ് അനുവർത്തിച്ചതെന്നാണ് തെരേസ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ ഖാനെതിരെ ട്രംപ് നടത്തിയ ട്വീറ്റുകളെ വിമർശിക്കാനും തെരേസ തയ്യാറായിട്ടില്ല. ആക്രമണത്തിന് ശേഷം തെരേസ വിളിച്ച് കൂട്ടിയ രണ്ട് എമർജൻസി കോബ്ര മീറ്റിംഗുകളിലും ഖാൻ പങ്കെടുത്തിരുന്നു. ഇതിൽ മുതിർന്ന കാബിനറ്റ് മന്ത്രിമാരും ഇന്റലിൻസ് ചീഫുമാരും ഭാഗഭാക്കായിരുന്നു. തനിക്ക് ട്രംപിന്റെ അർത്ഥരഹിതമായ ട്വീറ്റുകളോട് പ്രതികരിക്കാൻ ഈ ഘട്ടത്തിൽ സമയമില്ലെന്നും അതിനേക്കാൾ പ്രാധാന്യമുള്ള അടിയന്തിര കർത്തവ്യങ്ങൾ നിർവഹിക്കാനുണ്ടെന്നുമായിരുന്നു ലണ്ടനിലെ ഇരകൾക്കായി സംഘടിപ്പിച്ച വിജിലിൽ പങ്കെടുക്കവേ ഖാൻ ബിബിസിയോട് പ്രതികരിച്ചത്. ട്രംപന്റെ ട്വീറ്റുകൾക്കെതിരെ നിരവധി ബ്രിട്ടീഷുകാർ പ്രതിഷേധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരുന്ന ഓട്ടം സീസണിൽ ട്രംപ് ഇവിടേക്ക് നടത്താനിരിക്കുന്ന സന്ദർശനം റദ്ദാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.