ലോകത്തെ വമ്പൻ ബിസിനസുകാരിലൊരാളായിരുന്നു ഡൊണാൾഡ് ട്രംപ് ഇന്നലെ വരെ. എന്നാലിപ്പോൾ അദ്ദേഹം നിയുക്ത അമേരിക്കൻ പ്രസിഡന്റാണ്. ജനുവരി 20-ന് ബരാക് ഒബാമയിൽനിന്ന് ലോകത്തേറ്റവും വലിയ രാജ്യത്തിന്റെ ചുക്കാൻ ഏറ്റെടുക്കുമ്പോൾ മറ്റൊന്നും ശ്രദ്ധിക്കാൻ അദ്ദേഹത്തിന് സമയമുണ്ടാകില്ല. തന്റെ ബിസിനസ് പദ്ധതികളെല്ലാം തൽക്കാലത്തേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ് ട്രംപ്. പുണെയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ച കോടികളുടെ ഫ്‌ളാറ്റ് സമുച്ചയവും വേണ്ടെന്നുവച്ച പരിപാടികളിൽപ്പെടും.

പുണെയിലും ബ്യൂണസ് അയേഴ്‌സിലുമുള്ള പദ്ധതികൾ തൽക്കാലത്തേയ്ക്ക് ഉപേക്ഷിച്ചതായി ട്രംപ് ഓർഗനൈസേഷൻ വ്യക്തമാക്കി. ബ്രസീൽ, അസർബെയ്ജാൻ, ജോർജിയ എന്നിവിടങ്ങളിലെ ഹോട്ടൽപദ്ധതികളും അവർ ഉപേക്ഷിച്ചിട്ടുണ്ട്. റിയൽ എസ്റ്റേര്‌റ് ഡവലപ്പർ പഞ്ച്ശീൽ റിയൽറ്റിയുമായി ചേർന്നാണ് പുണെയിൽ ട്രംപ് ഓർഗനൈസേഷൻ ഫ്‌ളാറ്റ് സമുച്ചയം പദ്ധതിയിട്ടിരുന്നത്. പദ്ധതി നേരത്തെ തന്നെ വേണ്ടെന്നുവച്ചിരുന്നതായി പഞ്ച്ശീൽ റിയൽറ്റി വക്താവ് പറഞ്ഞു.

20 കോടി രൂപ വിലയുള്ള ലക്ഷ്വറി ഫ്‌ളാറ്റുകളായിരുന്നു ഇവിടെ ആലോചിച്ചിരുന്നത്. എന്നാൽ, ഇത്രയും വിലയുള്ള ഫ്‌ളാറ്റുകൾ വിറ്റുപോകാൻ ഇടയില്ലാത്തതുകൊണ്ടാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് പഞ്ച്ശീൽ റിയൽറ്റിയുടെ ചെയർമാൻ അതുൽ ചോർദിയ പറഞ്ഞു. പുണെയിലെ കല്യാൺനഗറിൽ പഞ്ച്ശീൽ റിയൽറ്റി 23 നിലയുള്ള സമുച്ചയാണ് പദ്ധതിയിട്ടിരുന്നത്. ട്രംപ് ടവേഴ്‌സിലെ സാമ്പിൾ ഫ്‌ളാറ്റ് കണ്ട് സംതൃപ്തനായ ട്രംപ്, കൂടുതൽ നിക്ഷേപത്തിന് ഒരുക്കമാണെന്നും 2014-ൽ വ്യക്തമാക്കിയിരുന്നു.

ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം അതുൽ ചോർദിയയും സഹോദരൻ സാഗർ ചോർദിയയും ട്രംപിന്റെ മറ്റൊരു ബിസിനസ് പങ്കാളിയായ കൽപേഷ് മേത്തയ്‌ക്കൊപ്പം ന്യുയോർക്കിലെത്തി ട്രംപിനെ കണ്ടിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ അഭിനന്ദിക്കാൻ വേണ്ടിയാണ് പോയതെന്നാണ് വിശദീകരണമെങ്കിലും ട്രംപ് ഓർഗനൈസേഷനുമായുള്ള ഇന്ത്യയിലെ പങ്കാളിത്തം സംബന്ധിച്ചുള്ള ചർച്ചകൾക്കാണ് ഇവർ പോയതെന്നാമ് കരുതുന്നത്.

ലോകത്ത് 20 രാജ്യങ്ങളിലായി 500-ലേറെ കമ്പനികളിൽ ട്രംപ് മുതൽമുടക്കിയിട്ടുണ്ട്. പ്രസിഡന്റായതോടെ, തൽക്കാലം വ്യവസായ പദ്ധതികൾ മക്കളെ ഏൽപിക്കാനാമ് അദ്ദേഹത്തിന്റെ തീരുമാനം. പ്രസിഡന്റ് പദവിയൊഴിഞ്ഞശേഷം ബിസിനസ് രംഗത്ത് മടങ്ങിയെത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മക്കളെ ചുമതലകൾ ഏൽപിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങളൊന്നും ഇതുവരെ അറിവായിട്ടില്ല.