ഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാരും അഭയാർത്ഥികളും അമേരിക്കയിലേക്ക് വരുന്നതിനെതിരെയുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പ് വച്ച പുതിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി ഒട്ടും സമയം വൈകാതെ കർക്കശമായി നടപ്പിലാക്കാൻ തുടങ്ങി.ഇതിന്റെ ഭാഗമായി നിരോധന ഉത്തരവിന് മുമ്പ് യാത്ര ചെയ്തവരെ അമേരിക്കൻ വിമാനത്താവളങ്ങളിൽ തടയാനാരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ട്രംപിനും അമേരിക്കയ്ക്കുമെതിരെ ശക്തമായ തിരിച്ചടിയുമുയർന്ന് വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി അമേരിക്കക്കാർക്ക് വിസ നിഷേധിച്ച് ഇറാൻ പ്രതികാരം ചെയ്തിരിക്കുകയാണ്. അമേരിക്ക നിരസിക്കുന്നവരെ തങ്ങൾ എടുത്തോളാം എന്ന നിലപാട് വ്യക്തമാക്കി കാനഡയും മുന്നോട്ട് വന്നിട്ടുണ്ട്. ഇത്തരത്തിൽ ട്രംപിന്റൈ മുസ്ലിം വിരോധത്തിനെതിരെ ലോകം ഒരുമിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.

ട്രംപിന്റെ പുതിയ നിരോധനത്തെ തുടർന്ന് ജെഎഫ്കെ എയർപോർട്ടിലെത്തിയ 12 യാത്രക്കാരെ ഇമിഗ്രേഷൻ അധികൃതർ സംശയാടിസ്ഥാനത്തിൽ തടഞ്ഞ് വച്ചിരുന്നു. ഇതിൽ കഴിഞ്ഞ 10 വർഷങ്ങളായി അമേരിക്കൻ സൈന്യത്തിൽ ട്രാൻസിലേറ്ററായി ജോലി ചെയ്യുന്ന ഇറാഖിയായ ഹമീദ് ഖാലിദ് ഡാർവീഷുമുൾപ്പെടുന്നു. നീണ്ട 14 മണിക്കൂറുകളാണ് അദ്ദേഹത്തെ തടഞ്ഞ് വച്ചത്. ഇതിന് പുറമെ കെയ്റോയിൽ നിന്നും വന്ന വിമാനത്തിൽ ന്യൂയോർക്കിലെത്തിയ ഏഴ് കുടിയേറ്റക്കാരെയും തടഞ്ഞിരുന്നു. നിരോധനം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് ട്രംപ് ഒപ്പ് വച്ച് അത് ഫലത്തിൽ വന്ന് തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ ഇവിടെയെത്തിയവർക്കാണീ ദുർഗതിയുണ്ടായിരിക്കുന്നത്. നിരോധനം ബാധകമായ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് വിമാനം കയറാൻ ശ്രമിച്ച ചിലരെ വിമാനത്തിൽ കയറാൻ പോലും വിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

ട്രംപിന് അതേ നാണയത്തിൽ തിരിച്ചടി നൽകുന്നതിനായി അമേരിക്കൻ ടൂറിസ്റ്റുകൾക്ക് വില നൽകുന്നത് പരിമിതപ്പെടുത്താനാണ് ഇറാൻ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.യുഎസ് നിരസിക്കുന്ന അഭയാർത്ഥികളെ തങ്ങൾ ഏറ്റെടുത്തോളാമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്യൂഡ്യൂ പ്രതികരിച്ചിരിക്കുന്നത്.തീവ്രവാദം, യുദ്ധം തുടങ്ങിയവ കാരണം തങ്ങളുടെ മാതൃരാജ്യങ്ങളിൽ നിന്നും ജീവനും കൊണ്ട് പലായനം ചെയ്തവരെ അവരുടെ മതവിശ്വാസം പരിഗണിക്കാതെ കാനഡ ഏറ്റെടുക്കുമെന്നാണ് ട്രൂഡ്യൂ ട്വീറ്റ് ചെയ്തിരിക്കുന്നത്. വൈവിധ്യമാണ് കാനഡയുടെ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ട്രംപ് തടഞ്ഞിരിക്കുന്ന ഏഴ് മുസ്ലിം രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സോമാലിയ, യെമൻ എന്നിവയാണ് അക്കൂട്ടത്തിൽ പെടുന്ന മറ്റ് രാജ്യങ്ങൾ.

യുഎസിനോടുള്ള തിരിച്ചടി വ്യക്തമാക്കുന്നതിന്റെ വിശദീകരണമടങ്ങിയ ഒരു പ്രസ്താവന ഇറാനിലെ ഔദ്യോഗിക ഐആർഎൻഎ ന്യൂസ് ഏജൻസി ഇന്നലെ പുറത്തിറക്കിയിരുന്നു. രാജ്യത്തിന്റെ അഭിമാനത്തെ പ്രതിരോധിക്കാൻ ഇറാൻ തീരുമാനിച്ചിരിക്കുന്നുവെന്നും അതിന്റെ ഭാഗമായി ട്രംപിന്റെ നടപടിക്ക് കനത്ത തിരിച്ചടിയേകുന്നതിനായി നിയമപരവും കോൺസുലാർ തലത്തിലുള്ളതും രാഷ്ട്രീയപരവുമായ തിരിച്ചടികൾ അമേരിക്കയ്ക്ക് നൽകുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ 1979 മുതൽ നയതന്ത്ര ബന്ധമില്ലായിരുന്നു. ട്രംപിന്റെ നടപടിക്കെതിരെ ആശങ്ക രേഖപ്പെടുത്തി ഫ്രാസ് പ്രസിഡന്റ് ഫ്രാൻകോയിസ് ഹോളണ്ടും രംഗത്തെത്തിയിരുന്നു.

ഈ പ്രശ്നത്തിൽ തികഞ്ഞ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നാണ് അദ്ദേഹം യൂറോപ്യൻ യൂണിയൻ നേതാക്കന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്പ് കുടിയേറ്റക്കാരെ പ്രവേശിപ്പിക്കരുതെന്നും പരസ്പരം ഒന്നിക്കരുതെന്നുമാണ് അമേരിക്ക ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും ഫ്രാൻകോയിസ് ഉത്കണ്ഠപ്പെടുന്നു. കുടിയേറ്റ പ്രശ്നം വന്മതിലുകൾ പണിഞ്ഞതുകൊണ്ട് മാത്രം പരിഹരിക്കാനാവില്ലെന്നാണ് തുർക്കി പ്രധാനമന്ത്രി ബിനാലി യിൽഡിറിം ട്രംപിനോട് പ്രതികരിച്ചിരിക്കുന്നത്. സിറിയൻ അഭ്യന്തര യുദ്ധം ആരംഭിച്ചതിന് ശേഷം 30 ലക്ഷം സിറിയൻ അഭയാർത്ഥികളെയാണ് തുർക്കി ഏറ്റെടുത്തിരിക്കുന്നത്.