വാഷിങ്ടൺ: വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് ഉറ്റ സ്നേഹിതന് രാജ്യത്തിന്റെ ഉന്നത സൈനിക ബഹുമതി നൽകി ആ​ദരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിലെ ഉയർന്ന സൈനിക ബഹുമതിയായ ലീജിയൺ ഓഫ് മെറിറ്റ് സമ്മാനിച്ചാണ് ട്രംപിന്റെ ആദരവ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഇന്ത്യയുടെ അമേരിക്കൻ അംബാസിഡർ തരൺജിത്ത് സന്ധുവാണ് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒ ബ്രയനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. വൈറ്റ് ഹൗസിൽ വച്ചായിരുന്നു പുരസ്‌കാരം സമർപ്പിച്ചത്. ‘അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലീജിയൺ ഓഫ് മെറിറ്റ് ബഹുമതി സമർപ്പിക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കിയതിന് നൽകിയ സംഭാവനകൾക്കാണ് ആദരം നൽകുന്നത്. ഇന്ത്യക്ക് വേണ്ടി അംബാസഡർ തരൺജിത് സിങ് സന്ധുവിന് നൽകുന്നു. ‘ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് .സി. ഒബ്രയാൻ ചടങ്ങിൽ പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ ആഗോള ശക്തിയായി മാറിയതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നരേന്ദ്ര മോദിയുടെ കാലത്ത് മെച്ചപ്പെട്ടുവെന്നും അമേരിക്ക വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ ഇന്ത്യയുടെയും അമേരിക്കയുടെയും ബന്ധം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചു. ജനാധിപത്യമൂല്യങ്ങളും, എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിച്ചുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇരുരാഷ്ട്രങ്ങൾക്കും കഴിഞ്ഞതെന്നും അവാർഡിനൊപ്പം നൽകിയ പ്രശസ്തി പത്രത്തിൽ പറയുന്നു.

വളരെ അപൂർവ്വമായി മാത്രം നൽകപ്പെടുന്ന പുരസ്‌കാരമാണ് ലീജിയൻ ഓഫ് മെറിറ്റ്. അമേരിക്കയിൽ സൈനിക മേധാവികൾക്കും വിദേശ സൈനിക മേധാവികൾക്കും രാഷ്ട്രീയ രംഗത്തെ അന്താരാഷ്ട്ര തലത്തിലെ നേതാക്കൾക്കും പ്രത്യേക സാഹചര്യത്തിൽ നൽകുന്ന പരമോന്നത ബഹുമതിയാണ്. 2020 സെപ്റ്റംബറിൽ ലീജിയൻ ഓഫ് മെറിറ്റ് പുരസ്‌കാരം കുവൈത്ത് അമീർ ഷെയ്ഖ് സാബാ അൽ-അഹമ്മദ്-അൽ ജാബർ അൽ-സാബയ്ക്കും ട്രംപ് നൽകിയിരുന്നു. 1942 ജൂലൈ 20 മുതലാണ് അമേരിക്ക സൈനിക മെഡൽ വിദേശ രാജ്യങ്ങളുടെ ഭരണാധികാരികൾക്കും നൽകുന്ന രീതി ആരംഭിച്ചത്.