വാഷിങ്ടൻ : അമേരിക്കയുടെ ഭരണത്തലപ്പത്ത് ബരാക് ഒബാമയുടെ ദിനങ്ങൾ അവസാനിക്കുകയാണ്. ഇന്ന് വൈറ്റ് ഹൗസിൽ ഒബാമയ്ക്ക് അവസാന ദിവസം. ആഘോഷത്തിനും പ്രതിഷേധത്തിനുമിടയിൽ അമേരിക്കയുടെ 45ാമതു പ്രസിഡന്റായി ഡോണൾഡ് ട്രംപ് (70) ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ത്യൻ സമയം അനുസരിച്ച് നാളെ പുലർച്ചെയാകും സത്യപ്രതിജ്ഞ. ഏറ്റവും കൂടിയ പ്രായത്തിൽ അധികാരമേൽക്കുന്ന വ്യക്തിയാണു ട്രംപ്. റൊണാൾഡ് റെയ്ഗൻ അധികാരമേൽക്കുമ്പോൾ 69 വയസ്സായിരുന്നു. യുഎസ് പ്രസിഡന്റുമാരിൽ ഏറ്റവും ധനികനായ ട്രംപ് അധികാരമേൽക്കുന്നതു നാലു ദശകത്തിനിടെ പ്രസിഡന്റുമാർക്കു ലഭിച്ചതിൽ ഏറ്റവും കുറഞ്ഞ ജനപ്രീതിയുമായാണ് (40%). 2009ൽ അധികാരമേൽക്കുമ്പോൾ ഒബാമയുടെ ജനപ്രീതി 84%. വൈസ് പ്രസിഡന്റായി ഇന്ത്യാന മുൻ ഗവർണർ മൈക്ക് പെൻസും ചുമതലയേൽക്കും.

വാഷിങ്ടൻ നഗരം പ്രതിഷേധമുഖരിതമാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇന്നു സത്യപ്രതിജ്ഞയ്ക്കുശേഷം വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ യാത്രയ്ക്കിടെ വഴിയരികിൽ ആരാധകർക്കൊപ്പം പ്രതിഷേധക്കാരും ഉണ്ടാകും. എട്ടുലക്ഷത്തോളംപേർ ഇന്നും നാളെയുമായി വാഷിങ്ടനിലെത്തുമെന്നാണു നിഗമനം. ഇക്കൂട്ടത്തിൽ പ്രതിഷേധക്കാരുടെ വൻപടയും ഉണ്ടാകും. പ്രസിഡന്റിന്റെ ആദ്യദിനമായ നാളെ രാവിലെ പത്തോടെ വനിതകളുടെ പ്രതിഷേധ മാർച്ച് വാഷിങ്ടനിൽ ആരംഭിക്കും. രണ്ടുലക്ഷത്തോളം വനിതകൾ പങ്കെടുക്കുമെന്നാണു സൂചന. പ്രതിപക്ഷ നേതാക്കളെ ട്രംപ് കളിയാക്കിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. ന്യൂനപക്ഷവുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രസ്താവനയാണ് ഇതിന് കാരണം. റഷ്യയുടെ സഹായത്തോടെ തിരിഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ട്രംപ് അധികാരത്തിലെത്തിയതെന്നാണ് ആക്ഷേപം.

ട്രംപിന് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് സത്യപ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുക്കും. ആദ്യം മൈക്ക് പെൻസ് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ കഴിഞ്ഞ് ഉദ്ഘാടന പ്രസംഗം. 2016 നവംബർ എട്ടിനാണു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്നത്. രണ്ടു മാസത്തിനുശേഷമാണു നിയുക്ത പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേൽക്കുന്നത്. 1933 വരെ നിയുക്ത പ്രസിഡന്റ് അധികാരമേൽക്കുന്നതു മാർച്ച് നാലിനായിരുന്നു നാലു മാസത്തിനുശേഷം. 1933ലാണു രണ്ടു മാസമാക്കി കുറച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബറാക് ഒബാമ സത്യപ്രതിജ്ഞച്ചടങ്ങിനുണ്ടാകും. മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു.ബുഷ്, ബിൽ ക്ലിന്റൻ, ജിമ്മി കാർട്ടർ എന്നിവർക്കും ഭാര്യമാർക്കും ക്ഷണമുണ്ട്. ഹിലറി ക്ലിന്റൻ ചടങ്ങിനെത്തിയേക്കും. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷം ഹിലറി ക്ലിന്റനുമായി ട്രംപ് മുഖാമുഖം വരുന്ന ആദ്യചടങ്ങാണിത്.

സത്യപ്രതിജ്ഞയ്ക്കു ട്രംപിന്റെ കൈവശം രണ്ടു ബൈബിൾ ഉണ്ടാകും. ഒന്ന്: 147 വർഷം മുൻപ് ഏബ്രഹാം ലിങ്കൻ ഉപയോഗിച്ച ബൈബിൾ. രണ്ട്: ട്രംപിന്റെ അമ്മ കൈമാറിയ കുടുംബ ബൈബിൾ. ഒബാമ സത്യപ്രതിജ്ഞ ചെയ്തതും രണ്ടു ബൈബിളിൽ തൊട്ടാണ് ഏബ്രഹാം ലിങ്കന്റെയും മാർട്ടിൻ ലൂതർ കിങ് ജൂനിയറിന്റേയും. യുഎസ് പ്രസിഡന്റുമാരുടെ സത്യപ്രതിജ്ഞ ബൈബിൾ തൊട്ടുവേണമെന്നു ഭരണഘടനാപരമായി നിർബന്ധമില്ലെങ്കിലും ഭൂരിപക്ഷം പ്രസിഡന്റുമാരും ഈ രീതിയാണു പിന്തുടരുന്നത്. സത്യപ്രതിജ്ഞയ്ക്കുശേഷം ക്യാപിറ്റോളിലെ പെൻസിൽവേനിയ അവന്യൂവിലൂടെ വൈറ്റ് ഹൗസിലേക്കു (2.4 കിലോമീറ്റർ) ട്രംപിന്റെ വാഹനവ്യൂഹം പോകും. നേരത്തേ പ്രസിഡന്റ് വൈറ്റ് ഹൗസിലേക്കു നടന്നു പോകുന്ന പതിവുണ്ടായിരുന്നു.

മകൾ ഇവാൻകയാകും അമേരിക്കയുടെ പ്രഥമ വനിത. മകൻ ബാരണിന്റെ പഠനാർഥം ഭാര്യ മെലാനിയ തൽക്കാലം ന്യൂയോർക്കിൽ തുടരും. 1946 ജൂൺ 14-ന് ന്യൂയോർക്ക് സിറ്റിയിൽ ഫ്രെഡ് ട്രംപിന്റെയും മേരിയുടെയും രണ്ടാമത്തെ മകനായാണു ട്രംപ് ജനിച്ചത്. 1968-ൽ പെൻസിൽവാനിയ സർവകലാശാലയിൽനിന്നു സാമ്പത്തികശാസ്ത്രത്തിൽ ബിരുദംനേടിയശേഷം പിതാവിന്റെ റിയൽ എസ്റ്റേറ്റ്, നിർമ്മാണകമ്പനിയുടെ ചുമതല ഏറ്റെടുത്തു. കഴിഞ്ഞ വർഷം ഫോബ്സ് മാഗസിൻ പുറത്തിറക്കിയ ലോകത്തെ സമ്പന്നന്മാരുടെ പട്ടികയിൽ 324-ാം സ്ഥാനത്താണ് ട്രംപ്. ഭാര്യയും മകളും വൈറ്റ് ഹൗസിലെ താരങ്ങളായി മാറുമെന്നും ഉറപ്പാണ്. ബിസിനസ്സ് ലോകത്തെ സഹായികളും പ്രധാനികളുമാണ് ട്രംപിന്റെ ഭരണത്തിൽ നിർണ്ണായക സ്ഥാനങ്ങളിൽ എത്തുക.

2015 ജൂണിലാണ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. സ്വന്തം പാർട്ടിയിൽനിന്നുമുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തിയത്. മൂന്ന് ഭാര്യമാരിലായി അഞ്ച് മക്കളാണു ട്രംപിനുള്ളത്. ഡോണൾഡ് ട്രംപ് ജൂനിയർ, ഇവാൻക, എറിക്, ട്രിഫാനി, ബാരൺ എന്നിവർ മക്കളും ജറെഡ് കഷ്നർ മരുമകനുമാണ്.
1959 ജൂൺ ഏഴിനു കൊളംബസിൽ ജനിച്ച മൈക്ക് റിച്ചാർഡ് പെൻസ് നിയമബിരുദധാരിയാണ്. 2000-ൽ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിലേക്കു സീറ്റ് നൽകിയതോടെയാണു ഭാഗ്യനക്ഷത്രമുദിച്ചത്.

മൈക്ക് പെൻസ് വൈസ് പ്രസിഡന്റാകുന്നത് രാഷ്ടീയമായി ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. ഇന്ത്യാനയിലെ സെക്കൻഡ് കോൺഗ്രസ് ഡിസ്ട്രിക്ടിൽനിന്നാണു ആദ്യമായി മൈക്ക് കോൺഗ്രസ് അംഗമാകുന്നത്. 2012-ൽ ഇന്ത്യാനയുടെ അമ്പതാമത് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക്, സംസ്ഥാനചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവ് നടപ്പാക്കി ജനപീതി നേടി. വിവാദമായ മതസ്വാതന്ത്ര്യ പുനഃസ്ഥാപന നിയമത്തിലും ഗർഭഛിദ്രനിരോധന നിയമത്തിലും ഒപ്പുവച്ചതിലൂടെ സ്വന്തം പാർട്ടിയിലെ മിതവാദികളിൽനിന്നുൾപ്പെടെ അദ്ദേഹത്തിന് കടുത്ത എതിർപ്പ് നേരിടേണ്ടിവന്നു. വീണ്ടും ഗവർണറായി തിരഞ്ഞെടുക്കപ്പെടാനുള്ള നടപടികൾ പുരോഗമിക്കുന്നിതിനിടെയാണു റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായത്.

അധികാരമൊഴിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ, പ്രസിഡന്റ് ബറാക് ഒബാമ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു നന്ദി പ്രകടിപ്പിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക സുരക്ഷാ മേഖലകളിലെ പങ്കാളിത്തം വിപുലമാക്കുന്നതിനും ഇന്ത്യാസർക്കാർ നൽകിയ പിന്തുണയ്ക്കാണ് ഒബാമ നന്ദി പ്രകടിപ്പിച്ചത്. 2015ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതും ഒബാമ അനുസ്മരിച്ചു. ഒബാമയുടെ ഭാവി സംരംഭങ്ങൾക്കു മോദിയും ആശംസകൾ അറിയിച്ചു. 2 5 മാസത്തിനിടെ ഇരുവരും ഒൻപതു തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.