മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാധ്യമങ്ങളോള്ള വിരോധം വീണ്ടും വ്യക്തമാക്കുന്ന വീഡിയോ വൻ വിവാദത്തിലേക്ക്. സിഎൻഎൻ ലേഖകനെ റിംഗിൽ ഇടിച്ചു വീഴ്‌ത്തുന്നതായി വീഡിയോ എഡിറ്റ് ചെയ്ത് ട്വീറ്റ് ചെയ്ത ട്രമ്പിന്റെ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 2007-ൽ നടന്ന റസിൽ മാനിയ 23 എന്ന പരിപാടിക്കിടെ ട്രംപ് തന്റെ എതിരാളിയായ വിൻസ് മക്മഹോനെ ഇടിച്ചുവീഴ്‌ത്തുന്ന വീഡിയോയാണ് ഇപ്പോൾ എഡിറ്റ് ചെയ്ത് പ്രസിഡന്റ് തന്നെ ട്വീറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിഎന്നിനോടുള്ള വിരോധം തീർക്കുന്നതിനായി മക്മഹോന്റെ മുഖത്ത് സിഎൻഎൻ എന്ന ലോഗോ എഡിറ്റ് ചെയ്താണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

2007-ൽ നടന്ന വേൾഡ് റെസ്ലിങ് എന്റർടൈന്മെന്റിന്റെ റസിൽമാനിയ 23 പ്രൊമോഷന്റെ വീഡിയോ എഡിറ്റ് ചെയ്ത ഇന്നലെ രാവിലെ 9.45നാണ് ഫ്രോഡ് ന്യൂസ് സിഎൻഎൻ എന്ന പേരിൽ ട്രമ്പ് പോസ്റ്റ് ചെയ്യുന്നത്. പ്രസിഡന്റിന് മാധ്യമങ്ങളോടുള്ള കടുത്ത വിരോധമാണ് ഇതു വ്യക്തമാക്കുന്നത് എന്നു വെളിപ്പെടുത്തി ഒട്ടേറെ മാധ്യമപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. റിപ്പോർട്ടർമാർക്കെതിരേയുള്ള അക്രമത്തെ പ്രസിഡന്റ് തന്നെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപിച്ചാണ് മാധ്യമങ്ങൾ ട്രംപിനെതിരേ തിരിഞ്ഞിരിക്കുന്നത്.

അതേസമയം പ്രസിഡന്റ് യാതൊരു തരത്തിലുള്ള അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് വൈറ്റ് ഹൗസ് വക്താവ് സാറ സാന്റേഴ്‌സ് അവകാശപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് ട്രമ്പ് തന്നെ എഡിറ്റ് ചെയ്ത വീഡിയോയുമായി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. വീഡിയോ പോസ്റ്റ് ചെയ്ത് അധികം താമസിയാതെ തന്നെ ഇതു വൻ വിവാദമാകുകയായിരുന്നു. പ്രസിഡന്റിന്റെ നടപടി ഏറെ അമ്പരപ്പിക്കുന്നുവെന്ന് പല പ്രശസ്തരും വ്യക്തമാക്കിക്കഴിഞ്ഞു.

തന്നെ വിമർശിച്ച മാധ്യമങ്ങൾക്കു നേരെ ഇതിനു മുമ്പും ട്രംപ് ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിലെ പ്രതിദിന വാർത്താ സമ്മേളനത്തിൽ നിന്ന് സിഎൻഎൻ, ബിബിസി, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾക്ക് ഫെബ്രുവരിയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ട്രംപിന് പ്രചാരണം നടത്തിയ സംഘത്തിന് റഷ്യൻ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വാർത്തകൾ ഈ മാധ്യമങ്ങളിൽ വന്നത് ട്രംപിനെ ചൊടിപ്പിക്കുകയും ഇവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്ക് ഏർപ്പെടുത്തുകയുമായിരുന്നു. അന്നും വൈറ്റ് ഹൗസിന്റെ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രസിഡന്റിന്റെ നിലപാട് അസഹിഷ്ണുതയുടെ പ്രതിഫലനമാണെന്ന് അന്ന് മാധ്യമങ്ങൾ പ്രതികരിച്ചിരുന്നു.